Wednesday, November 29, 2006

മണലറകള്‍ വിഴുങ്ങുന്ന ജീവിതങ്ങള്‍

കോളിളകിയ മാനത്തൂടെ ഐരാവതം പായുന്നു. കണ്ടില്ലേ, അതിന്റെ കൊമ്പിന്റെ തിളക്കം? ഇതും മഴയ്ക്കുള്ള കോളല്ല. പ്രകൃതിയുടെ ഉന്മാദം മാത്രം. കുന്നും കാടും കീഴ്മേല്‍ മറിക്കുന്നകാറ്റിന്റെ വികൃതി മാത്രം. വെള്ളപ്പാച്ചില്‍ പോലെ മഴ പെയ്ത കാലം കേട്ടറിവ്‌ മാത്രമാണ്‌. മഴ പെയ്തില്ലെങ്കിലും മദം പൊട്ടിയ കാറ്റ്‌ ഒന്നടങ്ങിയാല്‍ മതിയായിരുന്നു. എന്തൊരു വേവാ കുറേ നാളായിട്ട്‌? `മഴ പെയ്യാത്ത നാട്‌ മുടിഞ്ഞ തറവാട്‌'എന്ന്‌ അമ്മ പറയാറുള്ളത്‌ ശരിയാവണം. മണലറയുടെ താഴ്‌വാരങ്ങളില്‍ പച്ചയൊഴിഞ്ഞ സമതലങ്ങളില്‍ മണല്‍ മാത്രം വളരുന്നു. പ്രകൃതിയെ ബാധിച്ച ഏതോ മാരകരോഗം പോലെ.

അവന്റെ ആത്മഗതങ്ങള്‍ക്കുമേല്‍ അനിയത്തിയുടെ പേടിച്ചരണ്ട കരച്ചില്‍ മുഴങ്ങി. അവളെ വാരിയെടുത്ത്‌ നെഞ്ചിലണച്ച്‌ ഒരു പുലമ്പല്‍ പോലെ അവന്‍ പറഞ്ഞു തുടങ്ങി.

`പൊന്നുമോള്‌ കരേല്ലേ, ചേട്ടന്റെ കണ്ണല്ലേ... അമ്മ ഇപ്പൊ വരും. വരുമ്പോ എന്തൊക്കെയാ കൊണ്ടു വരുന്നെ? മുട്ടായി, ആപ്പിള്‌, ഓറഞ്ച്‌, പിന്നെ പൊന്നുടുപ്പും. ദാ.. നോക്കിയേ, നമ്മടെ പല്ലാങ്കുഴീല്‌ ഒരു കുഴിയാന തലകുത്തി വീണ്‌!. അതിന്റെയൊരു ഡാന്‍സ്‌ കണ്ടോ? ഹ.. ഹ.. ഹ..! നമ്മക്കീ പല്ലാങ്കുഴി പതുക്കെ, ആരുമറിയാതെ എലയും ചില്ലയുമിട്ട്‌ മണല്‍ മൂടി വെക്കാം. കുട്ടികളെ പിടിക്കാന്‍ നടക്കുന്ന ചെകുത്താനും അവന്റെ പട്ടാളവും ഇതിലി വീണ്‌ നടുവൊടിഞ്ഞ്‌ ചാവട്ടെ. ഹ.. ഹ.. ഹ..!'

കാറ്റിന്റെ ഹുങ്കാരം കടുത്ത ഭാഷയായി ശാപമെറിയുമ്പോഴും ചേട്ടന്റെ കല്‍പനാവൈഭവത്തില്‍ വിശ്വാസം തേടിയ ആ കുഞ്ഞനിയത്തി കണ്ണീരിനിടയിലൂടെ മന്ദഹസിച്ചു. ഉടുപ്പിന്റെ കീശയില്‍ നിന്ന്‌ അവന്‍ പുറത്തെടുത്ത വസ്തുക്കളെ അവള്‍ കൗതുകത്തോടെ നോക്കി. തിളക്കമുള്ള വളക്കഷണങ്ങള്‍, വിരല്‍നീളം മാത്രമുള്ള മുറിപ്പെന്‍സില്‍, വലിപ്പമേറിയ കുറേയേറെ കാക്കി ബട്ടണുകള്‍, വള്ളികള്‍ മുറിഞ്ഞുപോയെങ്കിലും കൃത്യമായ സമയം കാണിക്കുന്ന ഒരു പഴയ വാച്ച്‌. അക്കൂട്ടത്തില്‍ വാച്ചിലെ സൂചികളെ അനിയത്തി നോക്കിയിരുന്നു. അതിന്റെ ചുവന്ന സൂചിയുടെ കൃത്യമായ ചലനത്തിന്‌ ഒരു താളമുണ്ട്‌. വഴിയരികില്‍ സ്വയമുപേക്ഷിച്ചെങ്കിലും ജീവനവശേഷിക്കുന്ന അംഗവിഹീനനായ ഒരു യാചകനെപ്പോലെ അത്‌ അവരുടെ മധ്യത്തില്‍ ഭൂമിയുടെ ഹൃദയമായി സ്പന്ദിച്ചു.

അമ്മ എവിടേക്കാണ്‌ പോയതെന്ന ചിന്ത അവനെ മഥിക്കുന്നുണ്ടെങ്കിലും അത്‌ അനിയത്തിയെ അറിയിക്കാവുന്നതല്ല. ദിക്കറിയാത്ത വിധം മണല്‍ വളര്‍ന്നു തിങ്ങിയ ഒരിടത്താണല്ലോ അവരുടെ ഗ്രാമം. അവിടെ അങ്ങനെയാര്‍ക്കും മഴ പെയ്തതയിന്റെ ഓര്‍മ്മയില്ല. പിരിഞ്ഞും പിണഞ്ഞും കിടക്കുന്ന വഴികളുടെ തുരുത്തെന്ന്‌ ചിലര്‍ പറയാറുള്ള, ലോകത്തിലെവിടെയും ഉണ്ടായേക്കാവുമ്മ ഒറ്റപ്പെട്ട ഒരു ലോകം. പണ്ടൊക്കെ വഴികള്‍ക്ക്‌ ദിക്കറിയാമായിരുന്നതായി മാഷ്‌ പറഞ്ഞ്‌ അവനറിയാം. ഓരോ വഴിയും ഒന്നുകില്‍ പര്‍വ്വതത്തിലേക്ക്‌, അല്ലെങ്കില്‍ സമുദ്രത്തിലേക്ക്‌, ചിലപ്പോള്‍ ഓറെഞ്ച്‌ തോട്ടത്തിലേക്ക്‌, പലപ്പോഴും ശ്മശാനത്തിലേക്ക്‌ ഒക്കെ നീളുന്നതായിരുന്നു. അവ യഥാക്രമം കിഴക്ക്‌, പടിഞ്ഞാറ്‌, വടക്ക്‌, തെക്ക്‌ എന്നിങ്ങനെ ദിക്കുകളെ കുറിച്ചു. കര്‍പ്പൂരമാവിന്റെ ചുവട്ടിലൂടെ, കദളിവാഴത്തോട്ടത്തിലൂടെ, വെടിയേറ്റ തെങ്ങുകളുടെ തോപ്പിലൂടെ ? ഒക്കെയൊക്കെ പഴയ കാലത്തെ മനുഷ്യര്‍ സഞ്ചരിച്ചിരുന്നു. ഇറങ്ങിപ്പോകുമ്പോള്‍ പൊക്കണം നിറയെ പ്രതീക്ഷകളും, തിരികെയെത്തുമ്പോള്‍ സാഫല്യത്തിന്റെ പുഞ്ചിരികളും അവരില്‍ പ്രകടമായിരുന്നു. പിന്നെപ്പിന്നെ, പോയവര്‍ തിരികെ വരാതായി. പച്ച നിറഞ്ഞ പറമ്പുകളും പാടങ്ങളും സ്വന്തം വേരുകളെ മണ്ണില്‍ നിന്ന്‌ ഊരിയെടുത്ത്‌ തിരസ്കൃതരെപ്പോലെ പാഞ്ഞൊളിച്ചു. അരുവികളും ആറുകളും ഉദ്ഭവിച്ച കമണ്ഡലുകളിലേക്ക്‌ മടങ്ങിപ്പോയി. അങ്ങനെയാണ്‌ ദിക്കുകളറിയാത്ത ഒരു ഭൂവിഭാഗം ഉടലെടുത്തത്‌. അതുകൊണ്ടുതന്നെ, അമ്മ ഏതു വശത്തുനിന്നാണ്‌ മടങ്ങിയെത്തുകയെന്നത്‌ അവന്‌ പ്രവചിക്കാനാവുന്നില്ല. വരും എന്ന ഉറപ്പ്‌ മാത്രം അവന്റെ കൃഷ്ണമണികളായി തുടിച്ചു.

അനുദിനം വളരുന്ന മണല്‍ ഒരു സംഗീതകാരനാണെന്ന്‌ അവന്‌ തോന്നാറുണ്ട്‌. ഒരിക്കല്‍ അങ്ങനെ പറഞ്ഞപ്പോള്‍ അമ്മ വിലക്കി. സംഗീതകാരന്മാര്‍ ദയാലുക്കളാവും. സ്നേഹവും സഹനവും അവരെ വ്യത്യസ്തരാക്കുമത്രേ. അങ്ങനെയുള്ള ഉള്‍മുറിവുകളില്‍ നിന്നാണത്രേ ഇമ്പമാര്‍ന്ന രാഗമാലികകള്‍ ഉണ്ടാവുന്നത്‌. ഈ മണലിന്റെ പ്രകൃതമാണെങ്കില്‍ അതിന്‌ വിരുദ്ധമാണ്‌.

ദയാഹീനനായ അധികാരിയുടെ പകിടകളി പോലെയാണ്‌ മണലിന്റെ കഥയെന്ന്‌ അമ്മ പറയും. മണലിലും വേലിയേറ്റങ്ങളുണ്ട്‌. അണലികള്‍ ചെറുതും വലുതുമായി പതുങ്ങിക്കിടപ്പുണ്ട്‌. അപരിചിതരായവരുടെ അസ്ഥികൂടങ്ങളും സ്വപ്നശേഷങ്ങളുമുണ്ട്‌. അതെല്ലാം ഒരു പകിടക്കളത്തില്‍ ഉരുണ്ടു കളിക്കുന്ന കരുക്കളുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍, തല പെരുക്കും. അതുകൊണ്ടാവാം, മണല്‍ക്കാറ്റിന്‌ കാതോര്‍ത്ത്‌ സൂക്ഷിച്ചിരിക്കണമെന്ന്‌ അമ്മ പറയാറുള്ളത്‌. വളരുന്ന മണല്‍ ഋതുപ്രതീക്ഷകളുടെ ജലം മുഴുവന്‍ ഊറ്റിയെടുത്തേക്കാം. കാറ്റ്‌ പിന്നെയും വീശുകയാണ്‌. ചുറ്റിലുമുള്ള മണല്‍ പറന്നുയര്‍ന്ന്‌ ഒരു പുകമറയായി മാറുന്നു. ഉണങ്ങിയ മണ്ണിന്റെ അസഹ്യമായ ഗന്ധം ഉള്ളില്‍ പുകയുന്നു. മതി, കള്ളിച്ചതു മതി. അകത്തേക്ക്‌ പോകാം.

അനിയത്തിയെ ഒക്കത്തെടുത്ത്‌ അവന്‍ ചില ചുവടുകള്‍ വെച്ചു. വീടെന്ന്‌ പറയാനാവാത്ത കൂരയുടെ തടിച്ചുവരുകളും ഓലമേല്‍ക്കൂരയും ഇളകുമാറുള്ള കാറ്റിനെ ഇപ്പോള്‍ അവന്‍ മെല്ലെ ഭയക്കാന്‍ തുടങ്ങുന്നു.ദുഷ്ടനായ കാറ്റിന്റെ പരുപരുത്ത കൊടുംകൈകള്‍ ഒരു വേള തന്നെയും അനിയത്തിയെയും പറിച്ചെടുത്തുകൊണ്ട്‌ പറന്നുകളയുമോ എന്ന്പോലും തോന്നിപ്പോവുകയാണ്‌. അകത്തിരിക്കാമെന്ന്‌ കരുതി വാതില്‍പ്പടിക്കു കുറുകെ കാല്‍വെയ്ക്കുമ്പോള്‍, ആരുടെയോ കരുത്തുറ്റ ഉടലില്‍ തട്ടി അവന്‍ നിന്നു പോയി.

ഭീമാകാരമായ ബൂട്ടുകള്‍ മാത്രമേ കാഴ്ചയില്‍ വന്നുള്ളു. പിന്നെ, ഒരു യന്ത്രത്തോക്ക്‌ കാണായി. മെല്ലെ മെല്ലെ ഉയരമേറിയ രണ്ട്‌ കാക്കിയുടുപ്പുകാര്‍ അവനുമുന്നില്‍ നിവര്‍ന്നു നിന്നു. പാവമുഖങ്ങളില്‍ ഒട്ടിച്ചുവയ്ക്കപ്പെട്ട കള്ളച്ചിരി അവരെ പൊതിഞ്ഞു. അമ്പരപ്പിക്കുന്ന ഒരു വാക്കുപോലെ മൗനം അവന്റെ തൊണ്ടയില്‍ തടഞ്ഞിരുന്നു.

ഇവര്‍ ഏതു വഴി വന്നു? ആരുമില്ലാത്ത, ആര്‍ക്കും വേണ്ടാത്ത ഈ മണലറയില്‍ എന്താണിവരുടെ ജോലി?

- പേടിക്കണ്ടാ കുട്ടീ. ഞങ്ങള്‍ സുരക്ഷാ ഭടന്മാരാണ്‌.
- അയലത്തെ ശത്രുക്കളില്‍ നിന്ന്‌ നിങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരയച്ച ദൈവദൂതന്മാര്‍.

അനുവാദം ചോദിക്കാതെതന്നെ ഒരാള്‍ ആകെയുള്ള കസേരയില്‍ ഇരുന്നു. രണ്ടാമന്‍ കയര്‍ വരിഞ്ഞുറപ്പിച്ച കിടക്കയില്‍ ഇരുന്ന്‌ ബൂട്ടുകള്‍ അഴിക്കുവാന്‍ തുടങ്ങി. അവന്‍ അനിയത്തിയെ മുഖം കഴുകിച്ച്‌ കാറ്റിന്റെ കൈയെത്താത്ത ഒരു മൂലയിലിരുത്തി. ഇരിപ്പിന്റെ സുഖം കിട്ടിയപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു സുരക്ഷാഭടന്മാര്‍.

- വെള്ളം തന്ന് വേണമെന്നൊന്നുമില്ല. വീഞ്ഞായാലും മതി.

- ഇവിടെ അങ്ങനൊന്നുമില്ല. അല്‍പം വെള്ളമുള്ളതുതന്നെ ഏറെ ദൂരത്തൂനിന്ന്‌ അമ്മ കൊണ്ടുവന്നതാ. അവന്റെ അനിഷ്ടം അങ്ങനെയാണ്‌ പുറത്തുവന്നത്‌.

- ങാ.. അത്‌ ചോദിക്കാന്‍ മറന്നു; ഞങ്ങടെ സഹോദരി എപ്പോ വരും?

- അവളെ ഒന്ന്‌ കണ്ടുപോകാന്‍ ഞങ്ങള്‍ പലതവണ കൊതിച്ചതാ. ഒന്നുമല്ലേലും അവള്‍ നാടിനുവേണ്ടി മരിച്ച ഞങ്ങടെ പ്രാണ സ്നേഹിതന്റെ വിധവയല്ലേ...?

- മാത്രവുമല്ല, പ്രസിഡന്റിന്റെ അറിയിപ്പനുസരിച്ച്‌, സേനാനിയുടെ വിധവയ്ക്ക്‌ കിട്ടാനുള്ള ഒരു ലക്ഷം വരാഹന്‍ വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്നതിലുള്ള സങ്കടം ഞങ്ങള്‍ക്ക്‌ അവളുമായി പങ്കുവെയ്ക്കാനുമുണ്ട്‌.

- ദൈവമേ .. ആ സഹോദരി ഒന്നു വേഗം വന്നെങ്കില്‍.

അവന്റെ മനസ്സിലെ ഭീതി അല്‍പമൊന്ന്‌ കുറഞ്ഞു. അച്ഛന്റെ സ്നേഹിതരായ സ്ഥിതിക്ക്‌ ഇവരെ ഭയക്കേണ്ടതില്ല. കഷ്ടമായിപ്പോയി, വിശപ്പടക്കാന്‍ എന്തെങ്കിലും കൊടുക്കാനില്ലാത്തതില്‍ അവന്‌ നേരിയ ലജ്ജ തോന്നി. എന്തെങ്കിലും വാങ്ങാതെ അമ്മ തിരികെ വരില്ല. ഇനിയും വൈകുമോ ആവോ? അതിഥികളിലൊരാള്‍ ചോദിക്കുന്നു.

- വലുതാവുമ്പോള്‍ ആരാവാനാ കുട്ടിക്കിഷ്ടം?

ഒരു നിമിഷം, ഒരു മറുപടി തോന്നിയില്ല. അങ്ങനെ വലിയൊരു സ്വപ്നമൊന്നുമില്ല. ഈ മലണറയുടെ പുറത്തേക്ക്‌ അനിയത്തിയ്ം അമ്മയെയും കൊണ്ടുപോയി പട്ടിണിയില്ലാതെ ജീവിക്കണമെന്നേ കരുതിയിട്ടുള്ളു. പിന്നെ..

- അച്ഛനെപ്പോലെ ഒരു പാട്ടുകാരന്‍?
അവന്റെ മറുപടിയില്‍ അതിഥികള്‍ ചിരിച്ചു.

- പിതാവിന്റെ വഴിയില്‍ നടക്കാന്‍ കൊതിക്കുന്ന മകന്‍...!

- അപ്പോള്‍ രാജ്യത്തെ സേവിക്കാന്‍ സൈന്യത്തില്‍ ചേരുകയില്ലേ?

- ഇല്ല. മരിക്കാന്‍ പേടിച്ചിട്ടല്ല. എന്നാലും, കൊല്ലാന്‍ വയ്യാ.
മറുപടി ശക്തമായിരുന്നു. അതു കേട്ടപ്പോള്‍ അവരുടെ മുഖങ്ങളില്‍ കാറ്റിളകി.

- കുട്ടിയുടെ അച്ഛന്‍, ഞങ്ങളുടെ പ്രാണ സ്നേഹിതന്‍, അവനും അങ്ങനെയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരമുറ്റത്തെ അരീനയില്‍ ഒരു വലിയ സംഗീതക്കച്ചേരി നടത്തണമെന്നായിരൂ അവന്റെ ആഗ്രഹം. പ്വ്വ്രുകേട്ട പാട്ടുകാരൊക്കെ അവിടെ ഉണ്ടാവണം. അവരുടെ അനുഗ്രഹം കിട്ടണം! കഷ്ടം. അവന്റെ മോഹങ്ങള്‍ പലതും ചിതറിപ്പോയി. വിധിയെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ...!

ക്ഷീണം കൊണ്ടായിരിക്കാം, അനിയത്തി നിലത്തുകിടന്ന്‌ മയങ്ങിത്തുടങ്ങി. അവന്‍ അവളുടെ അരികത്തിരുന്ന്‌ പഴയൊരു പന വിശറികൊണ്ട്‌ വീശിക്കൊടുത്തു. ശ്ശോ? ഈ നശിച്ച ചൂടും കാറ്റും? എപ്പഴാ ദൈവമേ ഒന്നു മാറുന്നെ? പുറത്ത്‌ അന്തിയണയാന്‍ വെമ്പുകയാവാം. ഉള്ളിലെ മങ്ങിയ ഇരുട്ടില്‍ അവന്‍ ഒരു മെഴുകുതിരി കൊളുത്തി വച്ചു. അതിന്റെ നേരിയ വെട്ടത്തില്‍ ചുവരില്‍ രേഖകളും രൂപങ്ങളും തിളങ്ങി.

കമ്പികള്‍ പൊട്ടിയ ഒരു ഗിത്താര്‍ ചുമരില്‍ തൂങ്ങിയിളകുന്നുണ്ട്‌. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോ പഴകിയതെങ്കിലും തൂണില്‍ ഉറപ്പിച്ചിരിക്കുന്നു. സൈനികരുടെ ഫുട്ബോള്‍ ടീമിന്‌ കിട്ടിയ ബഹുമതിയായി ലോഹത്തില്‍ തീര്‍ത്ത ഒരു ഭൂശില്‍പം പൊടിഞ്ഞുതുടങ്ങിയ തടിയലമാരിയില്‍ കാണാം. കീശയുടെ മേലടപ്പില്‍ സര്‍ണ്ണപ്പതക്കങ്ങള്‍ തുന്നിയുറപ്പിച്ച രണ്ടുമൂന്ന്‌ കാക്കിയുടുപ്പുകളിലൊന്ന്‌, തുളകള്‍ വീണും ചോര പുരണ്ടും പഴകിയതാണ്‌. അതിനരികത്തായി ഒരു ഈറക്കുഴല്‍ തൂക്കിയിട്ടിരിക്കുന്നു, ഏതോ സ്മരണാവശിഷ്ടം പോലെ.

പുറത്ത്‌ കാറ്റിന്റെ ഹുങ്കാരം അല്‍പമൊന്നടങ്ങി. അകത്തെ നിശ്ശബ്ദതയിലേക്ക്‌ ആഴമേറിയ ഒരു നാദവീചിപോലെ സേബ കയറി വന്നു. ശരീരത്തിന്റെ ആയാസപ്പെട്ടുള്ള ചലനങ്ങളിലേക്ക്‌ യാത്രാക്ഷീണത്തിന്റെ ചുളിവുകള്‍ വീഴുന്നുണ്ട്‌. വാതില്‍ ചാരി അവിടെത്തന്നെ നിന്ന്‌ അപരിചിതരെ നോക്കിയ അവളുടെ മുഖം വിവര്‍ണ്ണമായി. അപ്പോഴേക്കും `അമ്മേ, അച്ഛന്റെ സ്നേഹിതരാ.. എന്ന്‌ മകന്‍ പരിചയപ്പെടുത്താന്‍ തുടങ്ങി. അലക്ഷ്യമായി, `ങാ.. എനിക്കറിയാം` - അവള്‍ കുഞ്ഞിനെ വാരിയെടുത്ത്‌ തോളിലിട്ടു.

സൈനികര്‍ എഴുന്നേറ്റ്‌ ചിരിയും സൗമ്യതയും നിറഞ്ഞ മുഖത്തോടെ അവളെ സല്യൂട്ട്‌ മാതൃകയില്‍ അഭിവാദ്യം ചെയ്തു.

- ഞങ്ങളുടെ പ്രാണസ്നേഹിതന്റെ വിധവയായ നിങ്ങള്‍ ഞങ്ങളുടെ സ്വന്തം സഹോദരിയാണ്‌.

- നിങ്ങളെ കണ്ട്‌ കണ്‍കുളിര്‍ക്കാന്‍ വേണ്ടിയാണ്‌ ഈ ദിനത്തില്‍ ഞങ്ങള്‍ വനു ചേര്‍ന്നത്‌.സേബയുടെ മൂക്ക്‌ മെല്ലെ ചുവന്നു. പിന്നെ വിറച്ചു. മുഖത്തേക്ക്‌ നൂറു തീമലകള്‍ പൊട്ടിയിരമ്പി.

- അറിയുമോ, ഈ ദിവസത്തിന്റെ പ്രത്യേകത..?
അവള്‍ കരച്ചിലോടെ ചോദിച്ചു.
സൈനികര്‍ പറഞ്ഞു.

- അറിയും. ഇതേ നാളിലായിരുന്നല്ലോ നമ്മുടെ നാടിന്റെ അഭിമാനം കാക്കാന്‍ നിങ്ങളുടെ ഭര്‍ത്താവ്‌ രക്തസാക്ഷിയായത്‌.

- അതെല്ലാം ഇനി മറന്നല്ലേ പറ്റൂ.. സഹോദരീ.

അവളുടെ ഇടനെഞ്ച്‌ പൊട്ടിപ്പോയി. കുഞ്ഞിനെയും തോളൊപ്പമെത്തിയ മകനെയും ചേര്‍ത്തുപിടിച്ചുകൊണ്ട്‌, യുദ്ധത്തില്‍ പരാജിതയായ സിംഹിയായി അവള്‍ നിന്നു.

- ഓര്‍മ്മയുണ്ട്‌. എല്ലാം ഓര്‍മ്മയുണ്ട്‌. അല്ലേ ദുഷ്ടന്മാരേ..?

അവന്‌ ഒന്നും മനസ്സിലായില്ല. അമ്മ എന്താണിങ്ങനെയൊക്കെ..? മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അമ്മയുടെ രോഷമുണര്‍` മുഖം കണ്ട്‌ അവന്‍ അമ്പരന്നു പോയി.

"പ്രിയ ജനങ്ങളേ... ! ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ അരങ്ങേറിയ അട്ടിമറി ശ്രമത്തെ ചെറുക്കുന്നതിനിടയില്‍ ഞങ്ങളുടെ പ്രാണസ്നേഹിതന്‍ വെടിയേറ്റു വീണു. കടമ നിറവേറ്റുന്നതില്‍ അവന്‍ എന്നും ഒന്നാമതായിരുന്നു. സൈനിക വ്യൂഹത്തിന്റെ സംഗീത വിഭാഗത്തില്‍ ബാഗ്‌പൈപ്പര്‍ വായിച്ചുകൊണ്ട്‌ തുടങ്ങിയ അവന്‍ സംഗീതത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നേടിയ ശേഷം ഒരു പുതിയ സിംഫണിയുടെ രചനയിലായിരുന്നു. അത്‌ അരീനയിലെത്തിച്ച്‌ സായൂജ്യമടയാന്‍ അവന്‌ കഴിഞ്ഞില്ല. ആദരണീയനായ പ്രസിഡന്റിന്റെ പേരില്‍ ഞങ്ങള്‍ അവന്റെ കുടുംബത്തെ അനുശോചനമറിയിക്കുന്നു. അവന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി ഒരു ലക്ഷം വരാഹന്‍ നല്‍കുന്നതാണെന്ന്‌ സര്‍ക്കാര്‍ അറിയിക്കുന്നു."

അദ്ദേഹത്തിന്റെ ചിതറിയ ശരീരം അടക്കം ചെയ്തശേഷം പൊതുജനങ്ങള്‍ക്കു മുമ്പാകെ സൈനികര്‍ വായിച്ചുപേക്ഷിച്ച സന്ദേശം അവള്‍ക്കോര്‍മ്മ വനു. ഏറ്റുമുട്ടി മരിച്ചതാണെ` സര്‍ക്കാരിന്റെ വാദം രണ്ടാം നാള്‍ പൊളിയുകയായിരുന്നു. അസൂയയും ശത്രുതയും മൂത്ത ഈ രണ്ട്‌ സഹചാരികള്‍ അദ്ദേഹത്തെ ചതിച്ച്‌ കൊല്ലുകയായിരുന്നു. പദവികളും സമ്പത്തും കൈക്കലാക്കാനുള്ള ശ്രമത്തില്‍ അവള്‍ സര്‍ക്കാരില്‍ നിന്ന്‌ കിട്ടേണ്ടിയിരുന്ന സഹായങ്ങളും നിര്‍ത്തലാക്കിച്ചു. തെളിഞ്ഞ മനസ്സുണ്ടായിരുന്ന അദ്ദേഹത്തിലെ പുരുഷനെ, പ്രതിഭാശാലിയായ കലാകാരനെ നഷ്ടപ്പെട്ടെങ്കിലും താന്‍ ജീവിച്ചു. വെല്ലുവിളികളെ നേരിട്ടു. ഇപ്പോള്‍ വീണ്ടും പഴയതൊക്കെ ഓര്‍മ്മിപ്പിക്കാനായി ആ ദുഷ്ടന്മാര്‍ വീണ്ടും..?

- നിങ്ങള്‍ എന്തിനിപ്പോള്‍ വന്നു? ഞാനും കുഞ്ഞുങ്ങളും എങ്ങനെയെങ്കിലും ഈ ഒഴിഞ്ഞ കോണില്‍ കഴിഞ്ഞോട്ടെ. സൈനികരുടെ ചിരി മുഴങ്ങി.

- ഞങ്ങളുടെ പ്രാണസ്നേഹിതന്റെ വിധവയായ നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെട്ട്‌ കഴിയുന്നത്‌ കാണാന്‍ വിഷമമുണ്ട്‌. ആയതിനാല്‍ നിങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവ്‌ നടപ്പാക്കാനായി വന്നതാണ്‌ ഞങ്ങള്‍.

- ഈ ഇടം അത്ര നന്നല്ല. ശത്രുവിന്റെ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. ഞങ്ങളോടൊപ്പം വരണം. അടുത്ത ഗ്രാമത്തില്‍ നിങ്ങള്‍ക്കായുള്ള ഗൃഹം തയ്യാറായിക്കഴിഞ്ഞു. അയല്‍ക്കാരായി ഞങ്ങളുള്ളപ്പോള്‍ പേടിക്കേണ്ടിവരില്ലണ്ട എന്തു സഹായത്തിനും ഞങ്ങള്‍ രണ്ടാളുണ്ടല്ലോ.

അവള്‍ പൊട്ടിത്തെറിച്ചു പോയി

- സ്വന്തം പ്രവൃത്തികൊണ്ട്‌ നിങ്ങള്‍ അദ്ദേഹത്തിന്റെ ശത്രുക്കളാണെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. നിങ്ങളുടെ സഹായം ഞാന്‍ ആവോളം അനുഭവിച്ചതാണ്‌. എന്റെ ജീവിതത്തെ നിങ്ങള്‍ ഇങ്ങനെയൊക്കെ മാറ്റിക്കളഞ്ഞു. മതി. ഇത്രത്തോളം സഹായങ്ങള്‍ മതി. ഇനിയെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും ജിവിക്കാനനുവദിക്കൂ.

സൈനികരുടെ മുഖങ്ങളില്‍ വീണ്ടും ചുടുകാറ്റിന്റെ തിരയിളകി. അവര്‍ `ഞങ്ങളുടെ അരുമ സഹോദരീ...` എന്ന്‌ പരിഹാസസ്വരത്തില്‍ നീട്ടി വിളിച്ചുകൊണ്ട്‌ അവളുടെ കവിളിലും മാറിലും നുള്ളി. പുറത്തെ ഇരുട്ടിലൂടെ കൊള്ളിയാന്‍ പാഞ്ഞു.

കാറ്റ്‌ വാതില്‍ തള്ളിത്തുറന്ന കുതറിത്തുള്ളി പഴയ ഒരുടുപ്പിനെയെന മാതിരി ആ കൂരയെ അകംപുറം തിരിച്ചിട്ടു. അമ്മയുടെ നിലവിളിയില്‍ മൗനം തകര്‍ന്നപ്പോള്‍ കൈയില്‍ക്കിട്ടിയ ഒരു കരിങ്കല്ലെടുത്ത്‌ അവന്‍ ഒരുവന്റെ മുഖത്ത്‌ ആഞ്ഞിടിച്ചു. രണ്ടാമന്‍ അവനെ പിടികൂടി കഴുത്ത്‌ ഞെരിച്ചു. വെളിച്ചം മങ്ങിയും തെളിഞ്ഞും വേദനയായി തന്നെ ചുറ്റുമ്പോള്‍ ലോകം വലിയൊരു പല്ലാങ്കുഴിയായി മാറുന്നത്‌ അവനറിഞ്ഞു. ഓരോ ജീവച്ഛവങ്ങളും അതിലേക്ക്‌ വന്ന്‌ പതിച്ചുകൊണ്ടേയിരുന്നു. മണലറയുടെ അതിരുകള്‍ മങ്ങി മാഞ്ഞു. അതിപ്പോള്‍ മലകളോളം ഉയര്‍ന്നും സമുദ്രത്തോളം പടര്‍ന്നും വളര്‍ന്നുകൊണ്ടേയിരുന്നു. ആകാശം ഒരു കറുത്ത തിരശ്ശിലയായി എല്ലാറ്റിനും മീതെ...

***

Wednesday, November 22, 2006

തകഴിയെക്കാള്‍ വലിയ എഴുത്തുകാരനും കൊറിയന്‍ ചാരനും

ഒന്നാം പ്രതി 'ആധാരം അനന്തന്‍ പിള്ള'. കൂട്ടുപ്രതി 'ചാരന്‍ ശങ്കരപ്പിള്ള'.
ഇവര്‍ രാജ്യദ്രോഹക്കുറ്റത്തിന്‌ പിടിയിലായ സംഭവം പറയാം.
രണ്ടായിരത്തിയാറില്‍... ഒന്നുമല്ല, ആയിരത്തി തൊള്ളായിരത്തി... അന്നാണ്‌ സംഭവം!

അദ്ധ്വാനശീലരും സൌശീല്യ-സേവനാദികലകളില്‍ സമര്‍പ്പിതരും, സ്ഥലത്തെ കലസാംസ്കാരിക സംഘടനയുടെ ഭാരംതാങ്ങികളും, ഒക്കെയൊക്കെയാണ്‌ ആ സുകുമാരകളേബരന്മാര്‍. ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന്‌ ആറ്‌ കി. മീ. ദൂരമുള്ള താലൂക്കാസ്ഥാനത്ത്‌ രാവിലെ പോയി രാത്രിയില്‍ മടങ്ങിയെത്തുന്ന അവരെപ്പറ്റി ആകെയുള്ള പരാതികള്‍ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്‌:

1. പാടവരമ്പത്തോ, ഇടവഴിയിലോ,സ്‌കൂള്‍ പരിസരത്തോ, ബസ്‌ സ്‌റ്റോപ്പിലോ... എവിടെയായാലും.. ഒരു പാവാട/ചൂരിദാര്‍/മിഡി-ത്തുമ്പ്‌ കണ്ടാലും വിടാതെ പിന്തുടര്‍ന്ന്‌ പോകാനും, ആ പിടയരയന്നങ്ങളുടെ (ക്ഷമിക്കണം... 'പൂച്ചനടത്തം' അന്ന്‌ കേട്ടുകേള്‍വി പോലുമല്ലായിരുന്നു.)ആങ്ങളമാരോ അമ്മാവന്മാരോ, ചിലപ്പോള്‍ നാട്ടുകാര്‍തന്നെയോ വേണ്ടുംവിധം കൈകാര്യംചെയ്യുന്ന 'അടിപൊളികള്‍' സ്വശരീരത്തില്‍ ഏറ്റുവാങ്ങാനും യാതൊരു മടിയുമില്ലാതിരുന്ന അസാധ്യ വിവേകികളായിരുന്നു അവര്‍.

2. സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ക്കു മാത്രം അനുവദനീയവും, ആചാരവിശ്വാസങ്ങളാല്‍ സാധാരണ പൌരന്മാര്‍ക്ക്‌ അപ്രാപ്യവുമായിരുന്ന, ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡിലെ ഏക കള്ളുഷാപ്പ്‌ ഒരു പന്തയത്തിന്റെ പിന്‍ബലത്തില്‍ നട്ടുച്ചയ്ക്കു കൈയേറുകയും, മരനീരിന്റെ മാന്ത്രിക ജലോല്‍സവത്തിനിടയില്‍ 'പതിനെട്ടരക്കമ്പനി'യെന്ന അടിപിടി ഗ്രൂപ്പിന്റെ ഹസ്താക്ഷര ലിഖിതങ്ങളാല്‍ നിര്‍ഭരമായ മോന്തായങ്ങളോടുകൂടി ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഓടി രക്ഷപ്പെട്ടവരാണു പ്രസ്തുത പുമാന്മാര്‍.3. ചട്ടി, വട്ടി, മൊട്ട, കൊട്ട, മാങ്ങ തേങ്ങ, അടയ്ക്കാ, ചുരയ്ക്കാ... തുടങ്ങിയ കച്ചവടമേഖലയിലൊക്കെ പയറ്റിപ്പൊളിഞ്ഞ്‌, വളക്കച്ചവടം (കൈവളയല്ല, ചാരം/വെണ്ണീര്‍ കച്ചവടം) തുടങ്ങി, അവിടെയും നിലയുറയ്ക്കാഞ്ഞിട്ട്‌ ആധാരമെഴുത്തിന്‌ സഹായിയായി ചെന്നുകൂടിയ നിരക്ഷരകുക്ഷിയാണ്‌ ചാരന്‍ ശങ്കരപ്പിള്ള.അനന്തന്‍ പിള്ളയാവട്ടെ, 'ജഗതി-രസിക മന്റ്‌റ'ത്തില്‍ സജീവനായിട്ടുള്ള ഒന്നാംതരമൊരു 'ബൊറേഡിയന്‍'കൂടിയാണ്‌. അംശം അധികാരിയുടെ പ്രതാപകാലത്ത്‌ നാട്ടുകാരുടെ വകയായും പൊതുസ്വത്തായും കിടന്നിരുന്ന ഏക്കറു കണക്കിന്‌ വസ്തുവകകള്‍ ചുളുവില്‍ തന്‍പേരിലാക്കി സമ്പന്നനായ ഇട്ടിക്കണ്ടപ്പന്‍ നായരുടെ പൊന്നോമനപ്പുത്രിയെ രായ്ക്കു രാമാനം അടിച്ചുകൊണ്ടുപോയി, അവളുടെ പൂര്‍ണസമ്മതപ്രകാരം താലി കെട്ടിയതില്‍പ്പിന്നെ അല്‍പ്പമൊന്ന്‌ അടങ്ങിയൊതുങ്ഗി ജീവിച്ചവനുമാന്‌ ഈ അനന്തന്‍ പിള്ള. എന്നാലും മരത്തിനു സമീപത്തെത്തിയാല്‍ സദാചാരവിരുദ്‌ധമായ ചില ജനിതക ശീലങ്ങളാല്‍ പ്രേരിതനായിപ്പോകുന്ന അണ്ണാന്‍കുഞ്ഞിനെപ്പോലെ, പിള്ളയ്‌ക്ക്‌ പല ദുര്‍ബുദ്‌ധികളും തോന്നിയിട്ടുള്ളതായി പറഞ്ഞുകേള്‍ക്കാറുണ്ട്‌.

അന്നുരാത്രിയില്‍ എന്നത്തെയും പോലെ ഗഗനവീഥില്‍ നക്ഷത്രകിന്നരന്മാര്‍ വിവിധ വാദ്യോപകരണങ്ങളൊടെ നിരന്ന്‌ ഗാനമേളങ്ങല്‍ തുടങ്ങുകയും, അവര്‍ക്കുനടുവില്‍ ജാസ്സി ഗിഫ്റ്റിന്നൊപ്പം റിമി റ്റോമി വന്നാലെന്നപോലെ, മേഘക്കീറിന്നൊപ്പം ചന്ദ്രിക പ്രത്യക്‌ഷപ്പെടുകയും ചെയ്തിരുന്നിരിക്കണം!!! ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച എതോ വടക്കന്‍പാട്ട്‌ സിനിമയുടെ ഒന്നാം കളിയും കണ്ട്‌, ഷാപ്പുകാരന്‍ വറീതിനെ കുത്തിയുണര്‍ത്തി, അയാള്‍ പച്ചത്തെറി മേമ്പൊടിചേര്‍ത്തു നല്‍കിയ 'പഴങ്കഞ്ഞിക്കള്ളും' മോന്തി രണ്ടു പിള്ളമാരും സൈക്കിളില്‍ ആമോദിച്ച്‌ അര്‍മ്മാദിച്ച്‌ അങ്ങനെ വരുകയാണ്‌. "ഊരിയ വാളിത്‌ ചോരയില്‍ മുക്കിചരിത്രമെഴുതും ഞാന്‍,പുതിയൊരു ചരിത്രമെഴുതും ഞാന്‍.അപമാനത്തിന്‍ കറുത്ത കഥകള്‍തിരുത്തിയെഴുതും ഞാന്‍..."എന്നിങ്ങനെയുള്ള സിനിമാപ്പാട്ട്‌ കഴിയുന്നത്ര ഉച്ചതില്‍ തൊണ്ട കീറുമാറ്‌ ആലപിക്കുന്നുമുണ്ട്‌. വൈകുന്നെരത്ത്‌ വഴിയോരവിപണിയില്‍ നിന്ന്‌ 'സംഘടിപ്പിച്ച'പ്പോള്‍ ഒരു ചെറിയ ചാക്ക്‌ നിറയെ ഉണ്ടായിരുന്ന പച്ചക്കറികള്‍, അല്‍പ്പാല്‍പ്പമായി വഴിയോരങ്ങളില്‍ നിക്ഷേപിച്ച്‌ നിക്ഷേപിച്ച്‌ പോയതില്‍, ഇനി ബാക്കിയുള്ള രണ്ട്‌ 'മുരിങ്ങക്ക'കള്‍ രണ്ടാളും 'ഊരിയ വാളാ'യി ഉയര്‍ത്തി പിടിച്ചിട്ടുണ്ട്‌. പാട്ട്‌ അവിരാമം തുടരുമ്പോള്‍...!അതാ നില്‍ക്കുന്നു... വഴിയുടെ ഒത്ത മദ്‌ധ്യത്തില്‍... എന്റമ്മേ!മറ്റാരുമല്ല, സ്ഥലം സബ്‌ ഇന്‍സ്‌പെക്ടര്‍ തൊഴിവീരന്‍ രാമലക്ഷ്മണപ്പണിക്കര്‍.

ആയിടയ്ക്ക്‌ അടുത്തെവിടെയൊ നടന്ന മുഖംമൂടി ആക്രമണത്തിന്റെയും, ഭവനഭേദനത്തിന്റെയും കേസന്വേഷണവുമായി കക്ഷി രാത്രിവണ്ടിയില്‍ 'റോന്തുക'യായിരുന്നു അപ്പോള്‍. 'ഊരിയ വാള്‍, ചോരയില്‍ മുക്കുക, ചരിത്രമെഴുതുക' തുടങ്ങിയ നക്‌സലൈറ്റ്‌ മുദ്രാവാക്യങ്ങളുമായി, ഈ പാതിരാത്രിയില്‍ തന്റെ തട്ടകത്തില്‍ വിലസുന്ന റാസ്‌കല്‍സിനെ അതിയാന്‍ വിടുമോ?ഏമാനെ കണ്ടപ്പോള്‍ പിള്ളമാരുടെ കണ്ടീഷന്‍ അല്‍പ്പമൊന്ന്‌ മെച്ചപ്പെട്ടു. 'കട്ടിന്റെ കെട്ട്‌' അല്‍പ്പമൊന്നിറങ്ങി. തിരിച്ചറിവും ബഹുമാനവും താനേ ഉണ്ടായി.

"നമസ്കാരം അങ്ങത്തേ..."
"ആരാടാ നീ?" എസ്‌. ഐ. ചീറി.
"അനന്തമ്പിള്ളയാന്നേ...!"
"എന്തുവാടാ ജോലി...?"
"എഴുത്തുകാരനാണേ..."
"ഓഹോ... എഴുത്തുകാരനോ?"ഏമാന്‍ ഭവ്യതയോടെ തൊപ്പിയൂരി വിനയിച്ചു കാണിച്ചു.
"എഴുത്തുകാരന്‍ ഒരു ദെവസം എത്ര വരി എഴുതുമെന്നു പരഞ്ഞാട്ടെ..!!!" തൊലിയുരിയുന്ന കളിയാക്കല്‍.
"ദെവസോം.. ആയിരം വരിയോളം എഴുതുവേ ഏമാന്നേ..." പിള്ളയുടെ താഴ്‌മയുള്ള മറുപടി.
"പ്‌ഫ... ശുനകരാജാവിന്റെ സീമന്തപുത്രാ! ഓരോ ദെവസോം ആയിരം വരിയെഴുതാന്‍ നീയാരെടാ റാസ്കല്‍? ഹോണോലൂലുവിലെ പഞ്ചായത്ത്‌ പ്രസിഡന്റോ?"
"അല്ലേ.. മൈനാഗപ്പള്ളീലെ കരയോഗം പ്രസിഡന്റാന്നേ..."പണിക്കരോട്‌ 'നായരാ'ണെന്നൊരു നമ്പരിട്ടു നോക്കിയതാ!
"ച്‌ഛീ.. ഒരു മതേതരരഷ്ട്രത്തിലെ നിയമപാലകനോട്‌ ജാതി പറയുന്നോടാ... നായിന്റെ സുതനേ..?" മതേതരപ്പോലീസ്‌ ചീറുകയാണ്‌.
"കുമാരന്നാശാന്റെ വക രണ്ടെടങ്ങഴി ചെമ്മീന്‍ ചിയാങ്ങ്‌ കൈഷക്കിന്റെ ഏണിപ്പടിയേലിരുന്ന്‌ തോടുപൊളിക്കുന്ന ബെല്ല്യ എഴുത്തുകാരനായ തകഴി പപ്പൂള്ളച്ചേട്ടന്‍ പോലും ഒരു ദെവസം കഷ്ടിച്ച്‌ നൂറ്റിനാപ്പത്തിനാല്‌ വരിയേ എഴുതത്തൊള്ള്‌. തകഴിച്ചേട്ടനെക്കാള്‍ കൂടുതല്‍ എഴുതി 'നോേഫല്‍ സമ്മാനം' മേടിക്കാനാന്നോടാ നിന്റെ ഗൂഢാലോചന? നീ നക്‌സലൈറ്റാ, അല്ലിയോടാ?" രാമലക്ഷ്മണപ്പണിക്കര്‍ അലറലോടലറല്‌ തന്നെ.

അനന്തന്‍ പിള്ളയുടെ ഉടുവസ്ത്രമശേഷം കൂട്ടിപ്പിടിച്ച്‌ രണ്ടുതവണ അന്തരീക്ഷത്തിലുയര്‍ത്തി, തന്റെ കാല്‍മുട്ടിനാല്‍ നാഭീദേശത്തെ നന്നായി കശക്കിക്കലക്കിക്കളഞ്ഞു. എന്നിട്ടും കലിമാറാഞ്ഞവനോ... കൂട്ടുപ്രതിയുടെ നേരേ തിരിഞ്ഞു.

"നീയാരാടാ.... പന്ന...?"ശങ്കരപ്പിള്ള ബധ കയറിയപോലെ വിറയ്ക്കുകയാണ്‌. തറയില്‍ തളര്‍ന്നിരുന്ന്‌ നിലവിളിക്കുന്ന അനന്തന്‍ പിള്ളയെ നോക്കി, അയാള്‍ വല്ലവിധവും പറഞ്ഞു.
"... കൊല്ലല്ലേ യേമാനേ! ഞാന്‍ ശങ്കരപ്പിള്ളയാണേ..." കക്ഷി കരയുകതന്നെയാണ്‌.
"ങും... അതിബഹുമാനം വെണ്ടെടാ പുല്ലേ. ഓഹ്ഹൊഹോഹോ...... എനിക്കു കൈയാകെ പെരുത്ത്‌കേറുന്നല്ലോ എന്റെ മണ്ടയ്‌ക്കാട്ടമ്മച്ചീ! ആട്ടെ, നെനക്കെന്താടാ പണി, പൊന്നുമോനേ?"

ആഹാ.. എന്തൊരു സ്നേഹം?ആധാരമെഴുത്തുകാരന്‌ കിട്ടിയത്‌ ഇത്ര ഭയങ്കരമായിട്ടാണെങ്കില്‍, അയാളുടെ സഹായിയായ തനിക്ക്‌ അതിലും ഭാരമേറിയ ഇടിയായിരിക്കും കിട്ടുക. തൊഴില്‍രംഗം മാറ്റിപ്പറഞ്ഞാല്‍ രക്ഷയായെങ്കിലോ! അതുതന്നെ വഴിയെന്ന്‌ ശങ്കരപ്പിള്ള നിശ്ചയിച്ചു.

"ചാരപ്പണിയാന്നേ..."രാമലക്ഷ്മനപ്പണിക്കരുടെ മുഖത്തെ സന്തോഷം അതോടെ പോയി. ബഹുമാനം കൂടുകയും ചെയ്തു.

"ആര്‍ക്കുവെണ്ടിയാന്നാ അങ്ങത്തെ ചാരപ്പണി ചെയ്യുന്നെ?" വിനീതമായ ചോദ്യം.
"കൊറിയക്കും സിംഗപ്പൂരിനും.. ചെലപ്പഴൊക്കെ ചൈനയ്ക്കും... ചെയ്യാറൊണ്ടേ.." പണ്ട്‌ താന്‍ അവരുടെയൊക്കെ ആവശ്യത്തിനു ചാരപ്പണി ചെയ്തിരുന്നത്‌ സത്യമാണല്ലോ. സത്യം പറയുന്നതിന്‌ ആരെ പേടിക്കണം? "സച്‌ ബൊല്‍നേ കോ ടര്‍നാ ക്യാ?" നല്ല പാട്ട്‌!

അടുത്ത നിമിഷത്തില്‍ രാമലക്ഷ്മണപ്പണിക്കരുടെ തനിസ്വഭാവം വ്യക്തമായി.
"എടാ... രാജ്യദ്രോഹീ! സ്വന്തം നാടിനെ ഒറ്റുകൊടുത്തിട്ട്‌ എന്റെ സ്റ്റേഷനതിര്‍ത്തിയില്‍ രാവും പകലും ഇങ്ങനെ കഴിയാമെന്നു കരുതിയ നീ അസാധ്യ ബുദ്‌ധിമ)ന്‍ തന്നെ. നെനക്ക്‌ ഇമ്മാതിരി സാദാ സീദാ പ്രയോഗമൊന്നും മതിയാവില്ല. കേന്ദ്രത്തീന്ന്‌ സി. ബി. ഐ. തന്നെ വന്നാലേ നീ സത്യം മുഴുവനും പറയത്തൊള്ളു. അതിനു മുമ്പ്‌ 'ബലഗുളശ്‌ശാദി മുക്കൂട്ടിട്ട്‌ ഞാന്‍ നെനക്കൊരു ഉഴിച്ചില്‍ നടത്തുന്നൊണ്ട്‌. കളി എന്നോടോ..?" എന്നു പറഞ്ഞ്‌ കഴുത്തിന്‌ കുത്തിപ്പിടിച്ചു ഒറ്റക്കൈകൊണ്ട്‌ പൊക്കിയെടുത്ത്‌ വാനിലേക്ക്‌ ഒരേറ്‌.
പിന്നെ...

അവസാന സീന്‍:

മ ങ്ങിയ വെളിച്ചത്തില്‍ ജയിലഴികള്‍ക്കുള്ളില്‍ എല്ലാം തകര്‍ന്നവരായി തല കുമ്പിട്ടിരികുന്ന രണ്ട്‌ പിള്ളമാരുടെയും മുഖങ്ങളുടെ ക്ലോസപ്‌. ചതഞ്ഞ ഇഞ്ചയെന്നൊ, പൂരം കഴിഞ്ഞ മൈതാനമെന്നോ, ആദ്യരാത്രി പൊലിഞ്ഞ മണിയറയെന്നോ ... ഏത്‌ ഉപമ വേണമെങ്കിലും ചേരുന്ന അവറുടെ ശരീരത്തിന്റെ 'ഫ്ലെക്‌സിബിലിറ്റി' വ്യക്തമാവുന്ന ചില ആംഗിളുകള്‍. ആരുടെയൊ കൈവിരലുകളാല്‍ താക്കോല്‍ തിരിയുന്ന ജയിലിന്റെ പാണ്ടിത്താഴ്‌.രണ്ടാളും പുറത്തേക്ക്‌ ക്ഷീണിതരായി നടന്നുവരുന്ന ലോംഗ്‌ ഷോട്ട്‌. ദൃശ്യത്തിലേക്ക്‌ തെളിഞ്ഞുവരുന്ന മൂന്ന്‌ ഗൌരവക്കരായ വ്യക്തികളുടെ മിഡ്‌ ഷോട്ടില്‍നിന്ന്‌, കാമറ അനന്തന്‍പിള്ളയുടെയും ശങ്കരപ്പിള്ളയുടെയും മുഖങ്ങളിലേക്ക്‌ സ്‌കിപ്‌ ചെയ്യ്ത്‌, ഇന്‍സ്പെക്ടര്‍ രാമലക്ഷ്മണപ്പണിക്കരിലേക്ക്‌.

അയാള്‍ മുന്നിലേ മൂന്ന്‌ കസേരകളില്‍ ആസനസ്ഥരായിരിക്കുന്ന അഴകും ആരോഗ്യവും ആവശ്യത്തിലധികം മാന്യതയും... തോന്നിക്കുന്ന വി. ഐ. പി.-കളോട്‌ പറയുന്നു.

"അപ്പോള്‍... നിങ്ങളാണല്ലേ... ആ 'കൊറിയയും', 'സിംഗപ്പൂരും', 'ചൈനയും'. ഞാങ്കരുതി... ശരിക്കും എവമ്മാര്‌ വിദേശ ചാരമ്മരാണെന്ന്‌...! എന്തായാലും വലിയ ചമ്മലായിപ്പോയി...! ഈ നാട്ടുകാരെടെയൊരു കാര്യം! ഒരോ മാന്യമ്മാര്‍ക്ക്‌ അന്യരാജ്യങ്ങളുടെ പേരിടാതെ നമ്മടെ നാട്ടിലൊള്ള സ്ഥലപ്പേര്‌ വല്ലതും വിളിച്ചൂടേ?"

വിദേശ രാജ്യങ്ങളുടെ പേരുകള്‍ 'വിളിപ്പേര്‍' ആയിട്ടുള്ള മൂന്ന്‌ വി. ഐ. പി.-കളും കാര്യം മനസ്സിലാവാതെ പരസ്പരം നോക്കി. അപ്പോള്‍, രാമലക്ഷ്മണപ്പണിക്കര്‍ ഇപ്രകാരം വിശദീകരിക്കുകയുണ്ടായെന്ന്‌ വേണാട്ടുചരിതം ഓട്ടന്‍തുള്ളലില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

'ഊളമ്പാറ'യെന്നോ, 'കുതിരവട്ട'മെന്നോ... 'ചാലക്കമ്പോള'മെന്നോ മറ്റോ!? "

***

Saturday, November 18, 2006

കടലിനു മീതെ നടക്കുന്നവര്‍

കഥ:

അന്നും പതിവുപോലെ അവര്‍ നടക്കാനിറങ്ങി. നക്ഷത്രങ്ങള്‍ ഉറക്കമിളയ്ക്കുമ്പോള്‍ ഉണര്‍ച്ചയുടെ തീരത്തിലൂടെ നടക്കുക രസകരമാണല്ലോ. കടല്‍ ശാന്തമായിരുന്നു. അകലത്തെ നൗകകളിലെ വെളിച്ചത്തിന്റെ ചീളുകള്‍ നക്ഷത്രങ്ങളെ കളിയാക്കിച്ചിരിച്ചു. ഇരുവരും ഉടല്‍കൊണ്ട്‌ ക്ഷീണിതരെങ്കിലും കാല്‍പ്പാദങ്ങള്‍ തളര്‍ന്നിരുന്നില്ല. മണല്‍ക്കരയിലെ ചെറുകാറ്റിന്റെ ഉപ്പില്‍ ചുണ്ടുവരണ്ടപ്പോള്‍ ഗാന്ധി ചോദിച്ചു.

'നമ്മള്‍ തുടങ്ങിയതെവിടെയാണ്‌?'

'മനുഷ്യനില്‍ നിന്ന്‌..' മാര്‍ക്സിന്റെ മറുപടി.

'അതെ.. .. മനുഷ്യന്‍. ആ ഗോര്‍ക്കി പറഞ്ഞതെന്താ? എത്ര മഹത്തായ പദമെന്നോ മറ്റോ..'

'ശരി തന്നെ. അതിനുമെത്രയോ മുമ്പ്‌ സോക്രട്ടീസ്‌ പറഞ്ഞിരുന്നു (അതോ അരിസ്‌റ്റോട്ടിലോ... ഒരു മറവിപോലെ...!)
അവന്‍ സ്വതന്ത്രനായി ജനിക്കുന്നുവെന്നും, ഒടുക്കം വരെ ബന്ധനത്തില്‍ തുടരുന്നുവെന്നും..'

'ആ ചങ്ങല മനുഷ്യന്‍ സ്വയം നിര്‍മ്മിച്ചതല്ലേ? ഓരോന്നും തകര്‍ത്തെറിയുമ്പോള്‍ മറ്റൊന്ന്‌..'

'അതേ, നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രമാണെന്ന എന്റെ വിപ്ലവാഹ്വാനം പോലും ഇന്ന്‌ മറ്റൊരു ചങ്ങലയായി പരിണമിച്ചോ എന്ന്‌ സംശയിക്കണം.' മാര്‍ക്സ്‌ ചിന്താകുലനായി.

'ശരിതന്നെ മാര്‍ക്സ്‌, നമ്മള്‍ വിഭാവനചെയ്തതും ലോകം കണ്ടെത്താന്‍ ശ്രമിച്ചതും വ്യത്യസ്‌തമായിപ്പോയി..'

'സുഖലോലുപതയോടുള്ള ആര്‍ത്തിയും, അതിനുവേണ്ടി ആദര്‍ശത്തെ കൈവെടിയാനുള്ള ത്വരയുമാണ്‌ മനുഷ്യന്റെ ആകെത്തുകയെന്നു വന്നാല്‍, അതെത്ര കഷ്ടമാണ്‌ ഗാന്ധി..?'

'ആരെല്ലാം പറഞ്ഞു, ഉപദേശിച്ചു, തിരുത്തി, നയിച്ചു. എന്തു പ്രയോജനം?'

'ഇപ്പോ..ഗൗരവമുള്ള പുതിയ ചില ചോദ്യങ്ങളും കേള്‍ക്കുന്നു, 'ബുദ്ധിശാലികളെക്കൊണ്ട്‌ പ്രയോജനമെന്ത്‌?' എന്നൊക്കെ. ഈ വര്‍ഗ്ഗം കേരളത്തില്‍ മാത്രമേ ഇത്ര ചീത്തയായിട്ടുള്ളു. അല്ലേ? ഭാഗികമായ സത്യങ്ങളില്‍ത്തൂങ്ങിപ്പിടിച്ചുള്ള അവരുടെ തര്‍ക്കങ്ങള്‍ എങ്ങുമെത്താന്‍ പോകുന്നില്ല...'

'അതൊക്കെ നമ്മള്‍ പ്രതീക്ഷിച്ചതല്ലേ? തുടങ്ങിയപ്പോള്‍ത്തന്നെ എന്തെല്ലാം എതിര്‍വാദങ്ങള്‍? ഭീഷണികള്‍. നുണക്കഥകള്‍. അര്‍ദ്ധസത്യങ്ങളായ വിലയിരുത്തലുകള്‍.'

'വാസ്തവം. എക്കാലത്തും ലോകത്തിന്റെ ഗതി ഇതൊക്കെത്തന്നെയായിരുന്നു. ചരിത്രപരമായ വങ്കത്തങ്ങളുടെ ഘോഷയാത്ര..' മാര്‍ക്സിന്‌ ചിരി വന്നു.

'എങ്കിലും മാര്‍ക്സ്‌, നമ്മള്‍ ഇത്രയേറെ തിരസ്കരിക്കപ്പെടേണ്ടവരായിരുന്നോ? ഒരു ദയാശൂന്യത എവിടെയും നമ്മെ വേട്ടയാടിയില്ലേ? ലോകം ഇന്നും നമ്മളെ വേണ്ടവിധം തിരിച്ചറിയാതെ പോകുന്നതെന്ത്‌?' ഗാന്ധിയുടെ വാക്കുകള്‍ ഇടറി.

'ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ നേരിട്ടതെന്തെല്ലാമായിരുന്നു? പട്ടിണിയും രോഗവും കവര്‍ന്നെടുത്ത എന്റെ കുഞ്ഞുങ്ങള്‍, നക്കാപ്പിച്ചയുടെ നാണയത്തുട്ടുകളാല്‍ സമ്പന്നതയുടെ വക്താക്കള്‍ എന്നെ വിലയ്ക്കെടുക്കാന്‍ തുനിഞ്ഞപ്പോള്‍ കാലിടറിപ്പോകുമായിരുന്നു. എന്നെ നിലനിര്‍ത്താന്‍ സ്വയം എരിഞ്ഞുകൊണ്ടിരുന്നു എന്റെ ജെന്നി, കുഞ്ഞായിരുന്ന മുഷ്‌, എന്റെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന പൊന്നുമോള്‍ എലിനര്‍ .. .. വയ്യ ഗാന്ധീ, ഇന്നും പിഴുതെടുക്കപ്പെടുന്ന എന്റെ ചിന്തയുടെ വേര്‍പടലങ്ങളില്‍ ചോരപൊടിയുന്നു. അത്‌ ആരുമറിയുന്നില്ലല്ലോ!' മാര്‍ക്സ്‌ തേങ്ങി.

'എനിക്കറിയാം.. താങ്കളുടെ വിഷമത, ദുഃഖം, നിരാശ.' ഗാന്ധി മാര്‍ക്സിന്റെ തോളില്‍ കൈചേര്‍ത്ത്‌, ഊന്നുവടിയില്‍ ഭാരമര്‍പ്പിച്ച്‌ അല്‍പനേരം നിന്നു.

'താങ്കള്‍ക്കറിയുമോ മാര്‍ക്സ്‌, യദുവംശത്തിന്റെ നാശം സ്വയം അവര്‍ സ്ഷ്ടിച്ച കഥ. കേവലം ഒരു ലോഹക്കഷണത്തില്‍ നിന്ന്‌ ഒരു കുലത്തിന്റെ സര്‍വ്വനാശം. ഞങ്ങളുടെ ഇതിഹാസങ്ങളില്‍ ഒട്ടനവധി ജീവിതവീക്ഷണങ്ങളുണ്ട്‌. ദ്വാരകാവാസിയുടെ പിന്‍തലമുറ തമ്മിലടിച്ച്‌ കുലം മുടിച്ചതുപോലെയാണ്‌ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ. സ്വയം കണ്ടെത്തിയ ആയുധങ്ങളാല്‍ അവര്‍ വിതച്ചത്‌ കൊയ്യുന്നു.'

'അത്തരം കഥകള്‍ എല്ലാ ദേശങ്ങളിലും ഭാഷകളിലുമുണ്ടാവാം. പക്ഷെ, ദേശവും ദേശീയതയും തീരെ സങ്കുചിതമായിപ്പോയ കാലത്തിലാണ്‌ എന്റെ അനുഭവങ്ങളെല്ലാം. ജര്‍മ്മനിയില്‍ പിറന്ന ഞാന്‍ സത്യം പറഞ്ഞപ്പോള്‍ നാടുകടത്തപ്പെട്ടു. അദ്ധ്വാനിക്കുന്നവരുടെ മാനിഫെസ്റ്റോ എഴുതിയതിനാല്‍ ഫ്രാന്‍സും എനിക്കന്യമായി. പിന്നെ ഇംഗ്ലണ്ടിന്റെ ദയാവായ്പ്‌. അതൊരിക്കലും മറക്കാനാവില്ല. പക്ഷേ കാപട്യത്തിന്റെ പല മുഖംമുടികളെയും തിരിച്ചറിയാന്‍ വൈകിപ്പോയിട്ടുണ്ട്‌. എന്റെ പ്രിയമിത്രം ഏംഗല്‍സില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രത്തോളമെങ്കിലും നിലനില്‍ക്കുമായിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ എനിക്കെന്ത്‌ ദേശീയത? അതുകൊണ്ടുതന്നെ മനുഷ്യനില്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു സാര്‍വ്വദേശീയതയെ സൃഷ്ടിക്കാന്‍ ഞാന്‍ ജീവിതം സമര്‍പ്പിച്ചു.'

'നാട്ടുരാജ്യങ്ങളുടെയും നാഗരികതകളുടെയും സമ്മിശ്രാവസ്ഥയില്‍ നിന്ന്‌ ഇംഗ്ലീഷുകാരുടെ അധികാരഗര്‍വ്വിലേക്ക്‌ പറിച്ചെറിയപ്പെട്ട ഒരു നാട്ടില്‍ എന്റെ ദൗത്യവും ശ്രമകരമായിരുന്നു. അതിഭൗതികതയില്‍ വീണുപോയ അധികാരികളും ദേശീയ നേതാക്കളും. എതിരഭിപ്രായങ്ങളെ ചോരയില്‍മുക്കിക്കൊന്നുമാത്രം പരിചയമുള്ളവരുടെ നീണ്ടനിര. ജാതി-മത വൈജാത്യങ്ങളുടെ പടലപ്പിണക്കങ്ങള്‍. വംശീയതയുടെ ഹാലിളക്കങ്ങള്‍. ദരിദ്രനാരായണന്മാരുടെ എങ്ങുമെത്താത്ത വിലാപശ്രുതികള്‍. ശക്തമായ ഇത്തരം വാസ്തവങ്ങളോട്‌ പൊരുതാന്‍ എടുത്തുചാട്ടത്തെക്കാള്‍ നല്ലത്‌ ഭാരതീയമായ ഒരു യുക്തിമാര്‍ഗ്ഗമാണെന്ന്‌ തോന്നി. മതങ്ങളിലെയും മനുഷ്യനിലെയും തിളക്കമുള്ള വശങ്ങളെ മാത്രം സചേതനമാക്കി ത്യാഗത്തിന്റെ ഉയര്‍ച്ചകള്‍ നേടാനുള്ള ശ്രമം. പരാജയപ്പെടിട്ടുണ്ടാവാം. അതുകൊണ്ടാണല്ലേ ഇന്ന്‌ കപടാവതാരങ്ങളുടെ കാല്‍ച്ചുവട്ടില്‍ ജനം സാഷ്ടാംഗപ്രണാമം ചെയ്യുന്നത്‌. എങ്കിലും പൂര്‍ണ്ണവിരാമം എന്നൊന്നില്ല... മാര്‍ക്സ്‌.'

'സ്വന്തം അനുഭവങ്ങളില്‍നിന്നുപോലും മനുഷ്യന്‍ പഠിക്കുന്നില്ലല്ലോ? കണ്ടാലും കൊണ്ടാലും പഠിക്കാത്തവരുടെ കാലം. താങ്കള്‍ കലികാലമെന്നു പറയും. അല്ലേ.?'

'ഹ.. ഹ.. ഹ! അതും പോകട്ടെ മാര്‍ക്സ്‌, നമ്മള്‍ പറഞ്ഞതിനെ പിന്‍പറ്റിയ ജനതയുടെ കഥയോ? അവരും പക്വമല്ലാത്ത വീക്ഷണവൈവിധ്യങ്ങളാല്‍ പരാജയപ്പെടുകയല്ലേ? നമ്മള്‍ കാലഹരണപ്പെട്ടതായിപ്പോലും പറയാന്‍ ചിലര്‍ക്കു മടിയില്ല.'

'അതൊക്കെ അവര്‍ തര്‍ക്കിക്കാന്‍ വേണ്ടി നിരത്തുന്ന കരുക്കളല്ലേ? ഗാന്ധീ, മുകളില്‍ കുമിഞ്ഞുകൂടിയ ചാരത്തിന്റെ ശൂന്യതമാത്രമേ അവരൊക്കെ അറിയുന്നുള്ളു. അടിയിലുള്ള കനലുകളുടെ തീക്ഷ്ണത കാണാന്‍ അവരുടെ അന്ധനേത്രങ്ങള്‍ക്ക്‌ കഴിയാത്തതാണ്‌ കാരണം.' മാര്‍ക്സ്‌ ചിന്താധീനനായി.

'ഇനി ഇത്തിരിയിരിക്കാം, ഈ മണലില്‍. സത്യത്തില്‍ ഇങ്ങനെയൊരു മരുഭൂമിയില്‍ എത്തിപ്പെടുമെന്ന്‌ നമ്മള്‍ സ്വപ്നം കണ്ടിരുന്നതാണോ?' - ഗാന്ധി.

'ഒരിക്കലുമല്ല. പക്ഷേ, നമ്മള്‍ കാണാത്ത ലോകങ്ങളും ജനതകളും അനേകം ദിശകളില്‍ ചിതറിക്കിടക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിരുന്നു. അവരുടെ വ്യത്യസ്തങ്ങളായ ചിന്തകളും സംസ്കാരങ്ങളും പുതുക്കാനുള്ള ഉപകരണമായി ഞാന്‍ ചിലതൊക്കെ രൂപപ്പെടുത്തിയിരിക്കാം. സ്വന്തം കുടുംബം പട്ടിണിയിലും രോഗത്തിലും മുങ്ങിപ്പോകുമ്പോള്‍, മുഴുവന്‍ നിസ്വരുടെയും പട്ടിണിയും രോഗവും ഇല്ലാതാക്കാന്‍, ലോകത്തിന്റെതന്നെ രോഗങ്ങള്‍ മാറ്റാന്‍ ഊര്‍ജ്ജം മുഴുവന്‍ വിനിയോഗിച്ച ഞാന്‍ ഒരു വിഡ്ഢിയാണെന്ന്‌ ഉത്തരാധുനികര്‍ കരുതുന്നുണ്ടാവും. അവര്‍ സ്വാര്‍ഥത പുലമ്പുകയാണ്‌'

'എന്നെക്കുറിച്ച്‌ മക്കളും കൊച്ചുമക്കളും പോലും വിലയിരുത്തിയത്‌ അങ്ങനെയാണല്ലോ. അതിശയിക്കാനില്ല. അവസരത്തിനൊത്ത്‌ വെച്ചുമാറാനുള്ള ഒരു കീറക്കറന്‍സിയല്ലേ ഞാന്‍..! ഞൊടിയിടയില്‍ സര്‍വ്വദുഃഖങ്ങളും പരിഹരിക്കാനുള്ള ഒറ്റമൂലിയാണ്‌ ആധുനിക ജനാധിപത്യം കാംക്ഷിക്കുന്നത്‌. അധികം ചിന്തിക്കുന്നതും കഷ്ടപ്പെടുന്നതും യുക്തിയല്ലപോലും. വെറും പ്രായോഗികതാവാദം...' ഗാന്ധി വ്യസനിച്ചു.

'നമ്മള്‍ ചില ഉപകരണങ്ങള്‍, മുഴക്കോലുകള്‍ - ക്രമീകരിച്ചു. ശരിത്ന്നെ. എന്നാല്‍, ആ ഒരേ ഉപകരണം തന്നെ മാറിവരുന്ന വിവിധാകൃതികളായ എല്ലാ വസ്തുക്കളെയും വസ്തുതകളെയും പുനുഃക്രമീകരിക്കാനുള്ള ഒറ്റമൂലിയാണെന്ന്‌ കരുതിപ്പോയാല്‍ വലഞ്ഞതു തന്നെ'. മാര്‍ക്സ്‌ കിതച്ചു.

'ബാലിശമായ ബുദ്ധിവൈഭവമാണ്‌ പലരുടെയും യോഗ്യത. പിന്നെങ്ങനെ നേരെയാകും. ഉപകരണം ദര്‍ശനത്തിന്റെ പരിവേഷമണിയുമ്പോള്‍ ചിലരൊക്കെ ദൈവങ്ങളായി ഉയര്‍ത്തപ്പെടുന്നതും ദുര്യോഗമാണ്‌ മാര്‍ക്സ്‌. നമുക്ക്‌ പറ്റിയ പരാജയം അതാവാം.'

'കഷ്ടപ്പെടുന്ന മനുഷ്യന്റെ ആധിയും വേദനയുമായിരുന്നു എന്റെ ചുറ്റിലും. ചൂഷണവും കാപട്യവും സമ്പത്തിന്റെ ധാര്‍ഷ്ട്യ‍വും അന്നും അരങ്ങുവാഴുകയായിരുന്നു. മുതലാളിത്തം വേഷംപകര്‍ന്ന്‌ താണ്ഡവമാടിയ നൂറ്റാണ്ടുകള്‍. അപ്പോള്‍പ്പിന്നെ എതിരിടാനുള്ള മാര്‍ഗ്ഗം സംഘടിതശക്തിതന്നെയാണെന്ന്‌ എനിക്കു തോന്നി. അത്‌ തെറ്റാണെന്ന്‌ ഞാന്‍ കരുതുന്നില്ല. ഇടയ്ക്കൊക്കെ അതേ മാര്‍ഗ്ഗം തന്നെ വേണ്ടിവന്നേക്കും.'

'തികച്ചും സ്വാഭാവികം. താങ്കളുടെ ചിന്ത ശരിയായേക്കം. എന്നാല്‍, ഇന്ത്യയുടെ പാരമ്പര്യവും അന്തര്‍ദ്ധാരകളും സ്വീകരിച്ചപ്പോള്‍ ഞാന്‍ പഴഞ്ചനാണെന്ന്‌ പറയാനായിരുന്നു മിക്കവര്‍ക്കും തോന്നിയത്‌. സമ്മതിക്കുന്നു, ചില വീഴ്ചകള്‍ നമുക്കിരുവര്‍ക്കും പറ്റിയിട്ടുണ്ടാവാമ്‌. പക്ഷേ ഒരു ശൂന്യതയില്‍നിന്നായിരുന്നു നമ്മള്‍ തുടങ്ങിയത്‌. നമ്മളെക്കാളേറെ നമ്മുടെ പിന്‍ഗാമികള്‍ സ്വയം വീണുപോയിട്ടുമുണ്ട്‌. .. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്ത്‌? എനിക്ക്‌ നന്നായി ദാഹിക്കുന്നു.' ഗാന്ധി പറഞ്ഞു.
അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഉപ്പുപാട ഉണങ്ങിപ്പിടിച്ചിരുന്നു. നേരം വെളുക്കുകയാണെന്ന്‌ ഇരുവര്‍ക്കും തോന്നി. പക്ഷേ, വെളിച്ചം അതിന്റെ മങ്ങിയ തിരശ്ശീലയ്ക്കുപിന്നില്‍ മറഞ്ഞിരിക്കുന്നതു പോലെ.

മണല്‍ക്കരയുടെ അതിരിലുള്ള ഈന്തപ്പനകളുടെ ചുവട്ടില്‍ അവരെത്തി. പൂത്തുവിടര്‍ന്ന കുലകളില്‍ ഹരിതമണികള്‍ തൂങ്ങുന്നു. ഇളം പ്രകാശത്തില്‍ അവ ആകര്‍ഷകമായ ഒരു കാഴ്ചയായിരുന്നു. കാറ്റില്‍ ചിതയുടെ അലയൊലികള്‍. കോണ്‍ക്രീറ്റുകൊണ്ട്‌ രൂപപ്പെടുത്തിയ ചെറിയൊരു കൂടാരത്തില്‍ അവര്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഒരിന്ത്യക്കാരന്‍ അവിശ്വാസം കുതറിയ മുഖത്തോടെ നിന്നു.

'വെള്ളം കിട്ടുമോ.. കുറച്ച്‌?' മാര്‍ക്സിന്റെ ഗാഢത

'ഞങ്ങള്‍ ക്ഷീണിതരാണ്‌?' ഗാന്ധിയുടെ ഇടര്‍ച്ച

'എനിക്ക്‌ വിശ്വാസം വരുന്നില്ല. കയറി വരിന്‍.. മഹാത്മാക്കളേ..' അയാള്‍ അതിശയവും സന്തോഷവും കലര്‍ന്ന ശബ്ദത്തില്‍ ക്ഷണിച്ചു. ഇതെന്താ ഈ രണ്ടവതാരങ്ങളും ഒന്നിച്ചിങ്ങനെ - എന്നൊരു ചോദ്യം അയാളുടെ ചുണ്ടില്‍ തുടുത്തുനിന്നു.

'കാണുന്നതെന്തും പെട്ടെന്നങ്ങ്‌ വിശ്വസിക്കുന്നതില്‍ക്കവിഞ്ഞ മണ്ടത്തരമില്ല.' മാര്‍ക്സ്‌

ഇരുവരും ആ ഇടുങ്ങിയ കൂരയ്ക്കു കീഴില്‍, ശീതീകരണിയുടെ തണുപ്പില്‍, താഴെവിരിച്ച കാര്‍പെറ്റിന്റെ പരുപരുപ്പില്‍ ഇരുന്നു. രണ്ടു ഗ്ലാസ്സുകളില്‍ വെള്ളം പകര്‍ന്നുനല്‍കി അയാളും അരികത്തിരുന്നു. ഗാന്ധിയുടെ ചുണ്ടില്‍ പുച്ഛത്തിന്റെ മേമ്പൊടിയോടെ 'മഹാത്മാവ്‌' എന്ന പദം കുറേ നേരം തങ്ങിനിന്നു. അവിശ്വസനീയത മായാത്ത ആതിഥേയന്റെ മുഖത്തേക്കു നോക്കി മാര്‍ക്സ്‌ ചോദിച്ചു.. 'മലയാളി..?'

'അതേ.. താങ്കളുടെ ഒരാരാധകനാ ഞാന്‍... അങ്ങയുടെയും..' അയാള്‍ ഗാന്ധിയെ നോക്കി ചിരിച്ചു.

'ആര്‍ക്കുവേണം നിങ്ങളുടെ ആരാധന. ഒപ്പുകടലാസ്‌ ശെയിലിയുടെ ഉപജ്ഞാതാക്കളെന്ന്‌ ഞാന്‍ നിങ്ങളെ - മലയാളികളെ വിശേഷിപ്പിച്ചാല്‍ വിരോധം തോന്നുമോ? എന്തുമേതും തൊണ്ടതൊടാതെ വിഴുങ്ങുന്ന ആര്‍ത്തിയുടെ മൂര്‍ത്തികള്‍?'

'ഏയ്‌.. തര്‍ക്കിക്കാന്‍ ഞാനില്ല. ഞങ്ങളുടെ ബൗദ്ധികലോകത്തിന്‌ ഏറ്റവും ശക്തിയേറിയ ഇന്ധനം പകര്‍ന്നുതന്ന നിങ്ങള്‍ രണ്ടാളും എന്തു പറഞ്ഞാലും ഞാന്‍ കേള്‍ക്കും. ഒപ്പുകടലാസ്‌ മാത്രമല്ല, ഞങ്ങള്‍ മറ്റു പലതുമാണ്‌' അയാള്‍ ശാന്തമായി പറഞ്ഞു.

'പക്ഷേ, നിങ്ങളുടെ സമൂഹം, ജാതിയും ഉപജാതിയും തിരിച്ച്‌ നൂറുകണക്കിന്‌ ഇനങ്ങളായിട്ടുണ്ടല്ലോ..! ഇനിയും മതിയായില്ലേ ഈ വിനോദം, വിവാദവ്യവസായം?' മാര്‍ക്സിന്റെ ശബ്ദത്തിന്‌ കനം കൂടി.

ഗാന്ധി ഇടയ്ക്കു വീണു 'ഓ.. മാര്‍ക്സ്‌. രോഷമടക്കൂ. ഇയാളോട്‌ കയര്‍ക്കുന്നതില്‍ ഔചിത്യമെന്താണ്‌? പാവം. കടല്‍നീന്തി ഇക്കരെയെത്തി ജീവിതം വില്‍ക്കുന്ന ഒരു സാധാരണക്കാരന്‍. സ്വന്തം നാട്ടില്‍പ്പോലും അന്യനാക്കപ്പെടുന്നവന്‍. ഒരര്‍ത്ഥത്തില്‍ നമ്മളും ഇയാളെപ്പോലെയായിരുന്നല്ലോ.'

'ഓ? ശരിയാണ്‌. ക്ഷമിക്കൂ കുഞ്ഞേ. ഞാന്‍ അത്രയ്ക്കൊന്ന്ു‍ം ചിന്തിച്ചില്ല.' മാര്‍ക്സ്‌ അയാളുടെ കൈത്തണ്ടയില്‍ മൃദുവായി പിടിച്ചമര്‍ത്തി.

ഗാന്ധി ആര്‍ദ്രതയോടെ പറഞ്ഞു.
'ഈയിടെ ഞാനും ഇങ്ങനെയൊക്കെ വികാരംകൊള്ളാറുണ്ട്‌. ലോകത്തിന്റെ പരിവര്‍ത്തനം എതിര്‍ദിശയിലേക്ക്‌ പോകുമ്പോള്‍. മനുഷ്യന്റെ നേട്ടങ്ങളെ അവന്‍തന്നെ തലകുത്തനെ നിര്‍ത്തുമ്പോള്‍, നമ്മള്‍ മേറ്റ്ന്തു ചെയ്യാന്‍?'

അയാളുടെ കണ്‍മുമ്പിലൂടെ നീളമേറിയ ഒരു ജാഥ കടന്നുപോയി. മൂവര്‍ണ്ണക്കൊടികളും ദേശീയതയുടെ തുടിപ്പുകളും തൊങ്ങലണിയിച്ച പരശ്ശതം ഇന്ത്യക്കാരുടെ വികാരനിര്‍ഭരമായ ഹൃദയതാളം അതില്‍ മുഴങ്ങി. മുന്നില്‍ നടക്കുന്നവരുടെ പാദങ്ങളെ അണുതെറ്റാതെ പിന്തുടരുന്ന അണികള്‍. അവര്‍ ഉപ്പുകുറുക്കാന്‍ കടല്‍വെള്ളം ചട്ടികളില്‍ കോരി, അടുപ്പുണ്ടാക്കി, അഗ്നി ജ്വലിപ്പിച്ചു. കുതിരപ്പട്ടാളത്തിന്റെ ലാത്തികളാള്‍ തകര്‍ന്നുവീണവരുടെ രോദനത്താല്‍ അയാളുടെ കാതുകള്‍ മരവിച്ചുപോയി.

'വെള്ളത്തിന്‌ വല്ലാത്ത ഉപ്പുണ്ടല്ലോ? ഇതെന്താ കടല്‍വെള്ളമാണോ?' ഗാന്ധി സംശയിച്ചു.

'എനിക്കങ്ങനെയല്ല തോന്നിയത്‌. ചോരയുടെ ചുവ. അതേ.. മനുഷ്യന്റെ ചോര..' മാര്‍ക്സിന്‌ ഓക്കാനം‍.
ആ താടിയും മുടിയും വല്ലാതെ വളര്‍'ു‍ തിങ്ങിയിരുന്നു. നര മേഞ്ഞുതുടങ്ങിയ മേല്‍മീശയില്‍ ജലത്തുള്ളികള്‍ മുത്തുകളായ്‌ തിളങ്ങി. സര്‍വ്വതിനും മീതെ ആ പുഞ്ചിരി മാത്രം നിറഞ്ഞു പെയ്തു.

ഹൃദയത്തില്‍ നിന്ന്‌ നീളമേറിയ ഒരു ചുവപ്പന്‍ ജാഥ തെങ്ങിന്‍ തോപ്പിലൂടെ നീങ്ങുകയായിരുന്നു. അലവാങ്കുകള്‍ കൂര്‍പ്പിച്ചതില്‍ പതാകകള്‍ കെട്ടിയ സേനാനികള്‍. അവരില്‍ ആണും പെണ്ണുമുണ്ടായിരുന്നു. പന്ത്രണ്ടും പതിനാലും വയസ്സുള്ള ബാലകരുടെ വീര്യമുണര്‍ത്തുന്ന പടപ്പാട്ടുകള്‍ മുഴങ്ങി. കമഴ്‌ന്നുവീണ്‌ ഇഴഞ്ഞു മുന്നേറുന്നവരുടെ ശിരസ്സിനു മുകളിലൂടെ തീയുണ്ടകള്‍ പാഞ്ഞു. ചോരയുടെ അനേകം ചെറു നദികള്‍ മണ്ണിനെ മദിപ്പിച്ചൊഴുകി. നെഞ്ചു പിളര്‍ന്ന തെങ്ങുകളുടെ ഓലപ്പീലികളിലൂടെ ഇണവേര്‍പെട്ട കാറ്റ്‌ മലങ്കാറ്റിന്റെ സന്ദേശവുമായി ഉയര്‍ന്നു പറന്നു.
അയാള്‍ തല കുടഞ്ഞു. അതാകട്ടെ ഒരു പാറപോലെ തരിച്ചുപോയിരുന്നു.

'ഇറങ്ങാം ഗാന്ധി, ഇനിയും ദൂരമുള്ളതല്ലേ?' മാര്‍ക്സ്‌ എഴുന്നേറ്റു. അയാളെ നോക്കി പറഞ്ഞു.

'ഇറങ്ങുന്നു. വീണ്ടും കാണാം.'

കടലിന്റെ ശാന്തതയ്ക്കുമേല്‍ അവര്‍ കാലുകള്‍ നീട്ടിവെച്ചു. അപ്പോള്‍ സൂര്യമണ്ഡലത്തില്‍ നിന്ന്‌ അസാധാരണ രൂപവും കാന്തിയുമുള്ള ഒരുകൂട്ടം പക്ഷികള്‍ താണിറങ്ങിവന്ന്‌ അവര്‍ക്കു ചുറ്റും വട്ടമിട്ടു പറന്നു. ആ പക്ഷികളുടെ പേരെന്ത്‌ എന്ന ചിന്തയോടെ അയാള്‍ നില്‍ക്കുമ്പോള്‍ കടല്‍ ഇരമ്പാന്‍ തുടങ്ങി. ഉള്‍ക്കയുടെ നൈമിഷികപ്രഭയോടെ ഇരുവരും മിന്നി മറഞ്ഞത്‌ അയാളറിഞ്ഞില്ല.

***

Sunday, November 12, 2006

ഇന്ദ്രിയത്തിന്‌ പുറത്തുനിന്നുള്ള ഇടപെടലുകള്‍

ലക്ഷണയുക്തമായ ഒരു തൂക്കിക്കൊല കണ്ടിട്ട്‌ കാലം എത്രയായെന്ന്‌ മാധവന്‍ വെറുതെ ചിന്തിച്ചു. തോക്കിന്റെ പാത്തിയില്‍ തലയുടെ ഭാരമര്‍പ്പിച്ച്‌, പതിവില്ലാത്ത നൈറ്റ്‌ ഡ്യൂട്ടിയുടെ പതുപതുപ്പുള്ള ഇരുട്ടിനെ ഒരു സീറോ വോള്‍ട്ട്‌ ബള്‍ബിനെക്കാള്‍ കുറഞ്ഞ വെളിച്ചത്തില്‍ കണ്ടുമടുത്തും, നടക്കാതെ പോയ സമാഗമത്തിന്റെ നിരാശയോടെ തനിക്ക്‌ വാക്കുതന്ന ലൈംഗികത്തൊഴിലാളിയെ ഓര്‍ത്ത്‌ നെടുവീര്‍പ്പിട്ടും മുഷിഞ്ഞപ്പോഴാണ്‌ അത്തരമൊരു ചിന്ത അയാളെ പിടികൂടിയത്‌.

ആര്‍. യു. അനന്തകൃഷ്ണന്‍ മംഗലാപുരം കടന്ന്‌ കോട്ടയത്തെത്തുന്നതിനു മുമ്പ്‌, ഒരു കന്നടക്കാരന്‍ 'കയ്യൂര്‍ ജാഥ'യെ ആസ്പദമാക്കി രചിച്ച 'യക്ഷഗാനം പ്രഹസന'ത്തിലെ അവസാന രംഗത്തിലോ മറ്റോ അസുരന്മാരായ ചില യുവാക്കളെ ദേവന്മാരായ ചുവപ്പു തൊപ്പിക്കാര്‍ തൂക്കിലേറ്റുന്ന സീനുകള്‍ ജോണ്‍ ഇബ്രാഹിം എന്ന തലതിരിഞ്ഞ കഥകളിക്കാരന്‍ എഴുതിയ നിരൂപണത്തിലൂടെ അയാള്‍ അറിഞ്ഞിട്ടുണ്ടായിരുന്നു. ആ സീനുകളോര്‍ത്ത്‌ മാധവന്റെ ഞരമ്പുകള്‍ ഒരു വിസ്‌ഫോടനത്തിനൊരുങ്ങിയെങ്കിലും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം അയാളെ പലതില്‍നിന്നും തടയുകയാണുണ്ടായത്‌.

കേള്‍ക്കുമ്പോള്‍ കഥാനായകന്‍ ഒരു ക്രൂരനായ ജയില്‍ കാവല്‍ക്കാരനാണെന്ന്‌ തെറ്റിദ്ധരിക്കേണ്ടതില്ല. അയാള്‍ നിങ്ങള്‍ക്കറിയുന്നതുപോലെ ഇന്ദുലേഖയുടെ ഭര്‍ത്താവും ചന്തുമേനോന്റെ മാനസപുത്രനുമായി പരിലസിക്കുന്ന യോഗ്യനാണെന്നത്‌ പച്ച പരമാര്‍ത്ഥം. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സിദ്ധിച്ചതിനാല്‍ സാഹിത്യഭാഷയിലെ ഉത്തരാധുനികതയ്ക്ക്‌ തുല്യമായ ഒരു പുതുമ ഇന്ദുലേഖയിലെ സ്ത്രൈണതയെ പല അര്‍ത്ഥങ്ങളില്‍ അപഹരിച്ചു കളഞ്ഞതിനാല്‍ പഴയ മലയാളവാക്കുകളുടെയും ഉച്ചാരണത്തിന്റെയും മണിപ്രവാള കവിതയുടെയും കൊതി വിട്ടുമാറാത്ത മാധവന്‍ അവളില്‍ തനിക്ക്‌ സംഭവിച്ച അനുരാഗത്തില്‍ പില്‍ക്കാലത്ത്‌ കുറ്റബോധമുള്ളവനായത്‌ സ്വാഭാവികമെന്നേ പറയാവൂ. എന്നാല്‍, കുടുംബകോടതിയില്‍ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും വീണ്ടും സഹകരിച്ചുതന്നെ ജീവിക്കണമെന്ന്‌ കൊച്ചുങ്ങളെ ചുണ്ടിക്കാണിച്ച്‌ വിധിപറഞ്ഞ ദിവസം രാത്രിയിലാണ്‌ വക്കീലമ്മാരുടെ ബാറില്‍ നിന്ന്‌ അയാള്‍ ദേവലോകം ബാറിലേക്ക്‌ അതിവേഗം നടന്നുപോയതും, അവിടെനിന്ന്‌ തീരെ പഴകിയ ഒരു സൈക്കിള്‍ റിക്ഷ പോലെ ഇഴഞ്ഞുനീങ്ങി കുസുമം സമീറയെ കാണാന്‍ പോയതും.
തെരുവിന്‌ അപ്പോള്‍ കൈനാറിപ്പൂവിന്റെ ഗന്ധമായിരുന്നു.

കൈയിലിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ മടിയില്‍ വച്ച്‌ 'നീ കുപ്പി വല്ലോം കൊണ്ടുവന്നിട്ടൊണ്ടോ?' എന്ന്‌ ചോദിച്ചതില്‍, വിഷണ്ണതയോടെ 'ചേച്ചി കുടിക്കുമെന്ന്‌ എനിക്കറിയത്തില്ലാരുന്നു' എന്നായിരുന്നു മാധവന്റെ മറുപടി. 'പിന്നെ എന്നാത്തിനാ നീ പൊക്കിപ്പിടിച്ചോണ്ട്‌ വന്നെ? ഒരു പയിന്റ്‌ വൈറ്റ്‌ റം, മൂന്ന്‌ പൊറോട്ട, കോഴിക്കറി ഇത്യാദികള്‍ എന്റെ സര്‍വ്വീസ്‌ ഫയലില്‍ പ്രവേശിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളാണെന്ന്‌ നെനക്കറീല്ലേ?' എന്നവള്‍ കയര്‍ത്തപ്പോള്‍, 'ഞാന്‍ മറ്റേത്‌ കൊണ്ടുവന്നിട്ടൊണ്ട്‌'എന്ന്‌ പറഞ്ഞ്‌ മാധവന്‍ മൂന്നെണ്ണമുള്ള ഒരു 'കൂട്‌' എടുത്തു കാണിച്ചു. 'ഓ, മൂക്കറ്റം ചെലുത്തീട്ട്‌ എന്റെ പൊറത്ത്‌ ചെലുത്താന്‍ വന്നേക്കുവാ? ' എന്നിത്യാദി വര്‍ത്തമാനങ്ങള്‍ക്കുശേഷം അവര്‍ കരാര്‍ പറഞ്ഞുറപ്പിക്കുകയും അതുപ്രകാരം രണ്ടു രീതികളില്‍ ഫയലുകള്‍ കൈമാറുകയും ചെയ്തിട്ടുള്ളതുമാകുന്നു.

നേരം വെളുക്കാറായപ്പോള്‍ വീട്ടിലെത്തിച്ചേര്‍ന്ന മാധവന്റെ ചുണ്ടില്‍ ആദ്യം 'ഇന്ദുലേഖേ... ഇന്ദുലേഖേ... ഇന്ദ്രസദസ്സിലെ നൃത്തലോലേ..' എന്നും പിന്നാലെ 'സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു, ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു..' എന്നും ഗാനശകലങ്ങള്‍ തത്തിക്കളിച്ചപ്പോള്‍ അത്‌ കേള്‍ക്കാനിടയായ ഇന്ദുലേഖയില്‍ ആദ്യമൈഥുനത്തിന്റെ രതിപാരവശ്യമുണ്ടായതായി ആര്‍ജന്റീനിയന്‍ സഞ്ചാരിയായ ഹോര്‍ഹെ ലൂയി ബോര്‍ഹസ്‌ തന്റെ 'കേരളം വാസ്‌കോ ഡ ഗാമയുടെ വരവിനു മുമ്പ്‌' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (ഇക്കാര്യം 'ഗ്രീക്ക്‌ ഇതിഹാസങ്ങളില്‍ ഇന്ത്യന്‍ വോട്ടെടുപ്പ്‌ സമ്പ്രദായത്തിന്റെ സ്വാധീനം' എന്ന ഗവേഷണ പ്രബന്ധത്തില്‍ ഡോ. കെ. കെ. മുരളീധരന്‍ ഗുരുക്കള്‍ ഊന്നിപ്പറഞ്ഞിട്ടുമുണ്ട്‌).

അക്കാലം കഴിഞ്ഞിട്ടിപ്പോള്‍ കൊല്ലങ്ങള്‍ പലതായെങ്കിലും 'താനിപ്പൊഴും തെങ്ങിന്മേല്‍ത്തന്നെ'യെന്ന്‌ മാധവന്‌ തോന്നാറുണ്ട്‌. നാലും മൂന്നും ഏഴ്‌ നാളത്തെ ചുരുങ്ങിയ ജീവിതകാലം ആസ്വദിക്കാനുള്ള രണ്ടേകാലും കോപ്പും കൈയിലില്ലാതെ താനിങ്ങനെ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്നും അയാള്‍ക്കറിയാം. അതുകൊണ്ടു തന്നെ 'ചന്തുവമ്മാവന്റെ തറവാട്ടിലൊന്നു പോകണം, അമ്മാവിയോട്‌ കുറച്ച്‌ രൂപ വായ്പ ചോദിക്കണം' എന്നൊക്കെ അയാള്‍ കരുതിയത്‌ ഇന്നലെയായിരുന്നു. അകലെയുള്ള നഗരത്തില്‍ തീവണ്ടിയിറങ്ങി, ബസ്സുകേറി അവിടെയെത്തിയപ്പോള്‍ പടിഞ്ഞാറേ മാനം യുദ്ധത്തെരുവുപോലെ തകര്‍ന്നും ചുവന്നും കിടന്നു.

തുളസിത്തറയില്‍ വിളക്കു തെളിക്കുന്ന പെണ്‍കുട്ടി അയാളെ തിരിച്ചറിഞ്ഞില്ല. അമ്മാവന്റെ അസ്ഥിത്തറയില്‍ നെയ്ത്തിരി കൊത്തിയെടുക്കാനെത്തിയ കാക്കയെ തുരത്തി അയാള്‍ ആ ധന്യജീവിതത്തെ സ്മരിച്ച്‌ നമസ്കരിച്ചു. അകത്തിരുന്ന്‌ ആരോ പൊട്ടിച്ചിരിക്കുന്നതായി തോന്നിയപ്പോള്‍ കൈലേസെടുത്ത്‌ വാ പൊത്തിപ്പിടിച്ചു. മരിച്ചവര്‍ക്കെങ്ങാനും നമ്മളെ പിന്തുടരാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന ബുദ്ധിമുട്ടുകളോര്‍ത്തപ്പോള്‍ മാധവന്‍ അറിയാതെ പുഞ്ചിരിച്ചു.

തലേദിവസം രാത്രിയില്‍ അയാള്‍ ഒരു വിധവയുടെ അതിഥിയായിരുന്നു. താല്‍ക്കാലികാര്‍ത്ഥത്തില്‍ കാമുകനായ ഒരുവനെ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊല്ലേണ്ടിവന്ന പതിവ്രതയായിരുനു അവള്‍. കുറ്റമേറ്റെടുത്ത കാമുകന്‍ ജീവപര്യന്തത്തിന്‌ വിധിക്കപ്പെട്ട്‌ ജയിലിലായി. കഥാമര്‍മ്മം തിരിച്ചറിഞ്ഞ്‌ മാധവന്‍ സെല്‍ഫോണിലൂടെ ഒരു എഫ്‌. എം. സ്റ്റേഷന്‍ തുറന്നുവെച്ച്‌ വളുമായി 'പരിണാമഗുപ്തി'യെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു. അവളുടെ ഏകാന്തത രണ്ടുവര്‍ഷം പിന്നിടുന്ന സുദിനമെന്ന നിലയില്‍ വിരുന്നൊരുക്കി കാത്തിരിക്കുമെന്ന വാഗ്ദാനത്താല്‍ പ്രചോദിതനായിത്തീര്‍ന്ന അയാള്‍ ഏറെക്കാലത്തിനു ശേഷം കുടിക്കാതെ ചിലവഴിച്ച രാത്രിയായിരുന്നു അത്‌. എന്നാല്‍ മദ്യത്തെക്കാള്‍ മധുരതരമായ ലഹരി അയാളെ ആവോളം പാനം ചെയ്യിച്ച്‌ രാവിനെ പകലാക്കിയതിന്‌ നന്ദി പറയാന്‍ വാക്കില്ലാതെ അയാള്‍ ശബ്ദതാരാവലി പരതുകപോലും ചെയ്തു. മാലാഖ, മഹാലക്ഷ്മി, രതീദേവി, ശീലാവതി, പാഞ്ചാലി, മഡോണ തുടങ്ങിയ പേരുകളൊന്നും തനിക്ക്‌ ചേരില്ലെന്ന്‌ ശഠിച്ച അവളെ 'വാസവദത്ത' എന്നു വിളിച്ച്‌ അയാള്‍ തഴുകിയപ്പോള്‍ വിശേഷണത്തിനിണങ്ങുംവണ്ണം അവള്‍ അയാളെ കാലുകളാല്‍ കെട്ടിയിടുകയുണ്ടായി. അയാള്‍ക്കപ്പോള്‍ കന്മദം മണത്തു.
അങ്ങനെയുള്ള ഒരാലസ്യത്തില്‍ മയങ്ങിക്കിടക്കുമ്പോള്‍, വാസവദത്തയുടെ ഭര്‍ത്താവ്‌ സാക്ഷാല്‍ കോദണ്ഡപാണി അവരുടെ വിവാഹഫോട്ടോയില്‍ നിന്ന്‌ പുറത്തുവരുന്നതായും, കൈയിലെ ഇരുതലമൂര്‍ച്ചയുള്ള വാളുകൊണ്ട്‌ തന്നെ വകവരുത്തുന്നതായും സ്വപ്നം കണ്ട്‌ മാധവന്‍ ചാടിയെഴുന്നേല്‍ക്കുകയും ദേഹശുദ്ധിവരുത്താന്‍ പോലും നില്‍ക്കാതെ ഓടിപ്പോരുകയുമാണുണ്ടായത്‌.

അപ്രകാരം, മരിച്ചവരുടെ ഇന്ദ്രിയത്തിന്‌ പുറത്തുനിന്നുള്ള ചില ഇടപെടലുകള്‍ നമ്മുടെ സുഖങ്ങളെ പാതിവഴിയില്‍ തടയുമെന്ന തിരിച്ചറിവില്‍ ഇപ്പോള്‍ മാധവന്‍ ചിരിച്ചുപോകുന്നു. ചന്തുവമ്മാവന്‍ മലയാളത്തിനു നല്‍കിയ സംഭാവനയെ മുന്‍നിര്‍ത്തി 'ഭാഷാ നോവലുകളില്‍ ഇംഗ്ലിഷ്‌ വിദ്യാഭ്യാസത്തിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ ഒരു പി. എച്ച്‌. ഡി. ചെയ്യണമെന്നതായിരുന്നു അയാളുടെ അക്കാദമിക ലക്ഷ്യം. സഹപാഠികളില്‍ ചിലര്‍ 'തകഴിയുടെ കയറിന്റെ ഇഴയടുപ്പവും തൊണ്ടുവ്യവസായ പ്രതിസന്ധിയും', 'സി. വി. രാമന്‍പിള്ളയ്ക്ക്‌ രാജകൊട്ടാരവുമായുള്ള അവിഹിതങ്ങള്‍' തുടങ്ങിയ വിഷയങ്ങളില്‍ വൈദ്യന്മാരായി സര്‍വ്വകലാശാലകളില്‍ കയറിപ്പറ്റിയതുമായ കാലത്ത്‌, മാധവന്‌ മദിരാശിയില്‍ ചില വ്യാപാരാവശ്യങ്ങള്‍ക്ക്‌ പോകേണ്ടിവന്നതും, ഗവേഷണപ്രവര്‍ത്തനങ്ങളോടുള്ള പ്രതിപത്തിമുഴുവന്‍ അവിടത്തെ ജമന്തിചൂടിയ ലലനാമണികളില്‍ പതിഞ്ഞതും വിശദീകരണം ആവശ്യമില്ലാത്ത പഴങ്കഥകളാണല്ലോ! തിരിച്ചുവന്ന്‌ മികച്ച ഭാവാഭിനയത്തിലൂടെ ഇന്ദുലേഖയുടെ കരചരണാദികളില്‍ സമര്‍പ്പിക്കപ്പെട്ട ശേഷം അയാള്‍ ചന്തുവമ്മാവന്റെ ചിത കാണാന്‍ മാത്രമേ എത്തുകയുണ്ടായിട്ടുള്ളു. (അങ്ങനെയുള്ള തനിക്ക്‌ അമ്മാവന്റെ ഓര്‍മ്മയില്‍ ഇത്രയേറെ വികാരംകൊള്ളാനുള്ള വകയൊന്നുമില്ലെന്ന്‌ മാധവന്‍ ഉള്ളില്‍ കുപിതനായി).അതിനു ശേഷം ഒരു നീണ്ട കാലയളവ്‌ കഴിഞ്ഞിരിക്കുന്നു. അമ്മാവിയുടെ വാര്‍ദ്ധക്യം അതിന്റെ പാരമ്യത്തിലായതിനാല്‍ അധികം വൈകാതെ ഇനിയും വരേണ്ടിവരുമെന്ന ചിന്തയും, കാശ്‌ തരാന്‍ അവര്‍ വിസമ്മതിച്ചാല്‍ ഭീഷണിപ്പെടുത്തിയെങ്കിലും അത്‌ കൈക്കലാക്കണമെന്ന നിശ്ചയവും അയാളെ അലട്ടുന്നുണ്ടായിരുന്നില്ല.

വരുന്നവര്‍ക്കൊക്കെ കുറുകിയ ചായയും ഉഴുന്നുവടയും വിളമ്പാറുള്ള വാല്യക്കാരി കാര്‍ത്തിയോട്‌ കണ്ണുകൊണ്ട്‌ ചില അടയാളസംഭാഷണങ്ങള്‍ നടത്തിയതില്‍, കെട്ടിയോന്‍ ഒരാഴ്ചക്കാലത്തെ അവധിക്ക്‌ തിരിച്ചെത്തിയിട്ടുണ്ടെന്നും കെട്ടുപ്രായമായ പെങ്കൊച്ച്‌ കാളേജില്‍ പോയിക്കഴിഞ്ഞുള്ള സമയത്ത്‌ വന്നാല്‍ പരിഗണിക്കാമെന്നും ഒരേകദേശ ധാരണ ഉണ്ടായി. ഓര്‍ക്കാപ്പുറത്ത്‌ ചില ഭാഗ്യങ്ങള്‍ വീണുകിട്ടുമ്പോള്‍ പ്രതീക്ഷിച്ചുവന്ന കാര്യം വടികുത്തിപ്പിരിയുന്ന അനുഭവം അങ്ങനെ അയാള്‍ക്ക്‌ കരഗതമായി. ചായയും വടയും കിട്ടിയതൊഴിച്ചാല്‍ നയാപൈസയില്ലാത്ത കഥയില്‍ നായികയായി മാറിയ അമ്മാവിയെ വിരട്ടാനൊന്നും തോന്നിയില്ല. കാര്‍ത്തിയുടെ സാന്നിദ്ധ്യവും അവളുമായി ബന്ധപ്പെട്ട ചില താല്‍പര്യങ്ങളുമാവാം തന്നെ അത്രയ്‌ക്കൊരു മര്യാദക്കാരനാക്കിയതെന്ന്‌ മാധവന്‌ തോന്നാതിരുന്നില്ല. അയാള്‍ക്കപ്പോള്‍ പിച്ചിപ്പൂ മണത്തു.

തിരിച്ചിറങ്ങിയപ്പോള്‍ എരുത്തിലിനു പുറത്തെ ഇരുട്ടില്‍ ഒരു എരുമ നില്‍ക്കുന്നത്‌ കണ്ട്‌ മാധവന്‍ ചോദിച്ചു.

- എരുമേ... അരുമേ... പോത്തെവിടെ?
- അങ്ങേ മലയില്‍ മേയാന്‍ പോയ്‌
- എപ്പോഴവനിനി തിരികെ വരും?
- അടുത്ത മേയില്‍ തിരികെ വരും
- നിനക്ക്‌ മേയാന്‍ പോകേണ്ട?
- കയറഴിച്ചാല്‍ പോയീടാം.
- എങ്കില്‍ ഞാനത്‌ ചെയ്തീടാം.
- പെരുത്ത സന്തോഷം തോഴാ!

മാധവനെ പിന്തുടര്‍ന്ന്‌ എരുമ നഗരപ്രാന്തത്തിലെത്തുകയും, മാധവന്‍ സെല്‍ഫോണ്‍ വഴി ഉറപ്പിക്കപ്പെട്ട വിലയ്ക്ക്‌ ഒരു അറവുകാരന്റെ ആലയിലേക്ക്‌ സംഭ്രമപൂര്‍വ്വം പ്രവേശിക്കുകയും ചെയ്തു.

തദവസരത്തില്‍ വലയാര്‍ രാമവര്‍മ്മയുടെ മാനസപുത്രിയുടെ സ്വന്തം ബാപ്പയും മുനിസിപ്പാലിറ്റിയുടെ അംഗീകൃത കശാപ്പ്‌ ലൈസന്‍സിയുമായ ജനാബ്‌ അദ്രമാന്‍ സാഹെബ്‌ തന്റെ കൊടുവാള്‍ ചാണയ്ക്ക്‌ വയ്ക്കുകയായിരുന്നു. യന്ത്രങ്ങളാല്‍ ഉരുക്കളെ അശുദ്ധമരണത്തിലേക്ക്‌ തള്ളിവിടുന്ന ദുഷ്ടലോകത്തില്‍ തനിക്ക്‌ നിറവേറ്റാനുള്ളത്‌ ധാര്‍മ്മികതയുടെ കര്‍ത്തവ്യമാണെന്ന്‌ അയാള്‍ കരുതുന്നു. ആകെമൊത്തം മായം കലന്ന ദുനിയാവില്‍ തനിക്കുമാത്രമേ ഒരു നിഷ്ക്കളങ്ക ഹൃദയമുള്ളു എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന ആളാണ്‌ ദയാശീലനായ അദ്രമാന്‍. ഈ വിശ്വാസത്തെ തോല്‍പിക്കാന്‍ കഴിയുന്നവരായി ചില രാഷ്ട്രീയ-വര്‍ഗ്‌ഗീയ കക്ഷികളുടെ ചാവേറുകളായ അനുയായികളെ മാത്രമേ നമുക്ക്‌ നിര്‍ദ്ദേശിക്കാനാവൂ. അവരോളം അന്ധവിശ്വാസമുള്ള കൂട്ടര്‍ തെക്കേ ആഫ്രിക്കയിലെ പൈശാച മന്ത്രവാദക്കാരുടെ അയല്‍പക്കങ്ങളില്‍പ്പോലും ഉണ്ടാവുകയില്ലല്ലോ!

എന്തായാലും ബിസ്മി ചൊല്ലുന്നതിനുമുമ്പ്‌ അദ്രമാന്‍ ഉരുവിനെ തട്ടിയും തടവിയും ചിലപ്പോള്‍ ചൊറിഞ്ഞും സന്തോഷിപ്പിക്കുക പതിവാണ്‌. അത്തരമൊരു പതിവില്‍ പരലോകത്തിന്റെ കോവണി താഴേക്കിറങ്ങി വരുന്നതായി അയാള്‍ കാണുന്നു. കഴുത്തറുക്കപ്പെടുന്ന ഉരുവിന്റെ റൂഹ്‌ അതിലൂടെ മേലോട്ട്‌ കയറിപ്പോകുന്നു, അയാളോടുള്ള പെരുത്ത നന്ദിയോടെ. ഇത്തരത്തില്‍ കടമയില്‍ മരുവുമ്പോള്‍, മുന്‍കൂട്ടി നല്‍കപ്പെട്ടിരുന്ന പട്ടികയിലും കണക്കിലും പെടാത്ത ഒരു എരുമ കടന്നുകൂടിയതെങ്ങനെയെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായില്ല.

കശാപ്പുകാരുടെ യൂണിയന്‍ നേതാവായ ലക്ഷ്മണ്‍കുമാറിനോട്‌ അതിനെക്കുറിച്ച്‌ അന്വേഷിച്ചതില്‍, മുനിസിപ്പല്‍ ചെയര്‍മാന്റെ വിവാഹ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട്‌ നടത്താനിരിക്കുന്ന സല്‍ക്കാരത്തിന്റെ 'ഇടവക'യിലേക്ക്‌ കൊള്ളിക്കാനുള്ള അരുമയായ എരുമയാണ്‌ ഈ നില്‍ക്കുന്നതെന്ന വിശദീകരണമുണ്ടായി. ഗാന്ധിയനായ അങ്ങോര്‍ക്ക്‌ ഇങ്ങനെയൊരു പൂതി തോന്നിയത്‌ രസമായിരിക്കുന്നല്ലോ എന്ന്‌ ചിന്തിക്കുമ്പോള്‍ത്തന്നെ,
'ഇക്കാ അതിന്റെ നാളും ജാതകവും നോക്കാതെ വേഗം വെട്ടി വെടിപ്പാക്കാന്‍ നോക്ക്‌' എന്നൊരു സ്‌ലാങ്ങും കാച്ചിക്കൊണ്ട്‌ അവന്‍ മാധവന്റെ ഫോണിലേക്ക്‌ ഒരു മിസ്‌കോള്‍ സാധിച്ചു.

എരുമയുടെ കാതിലും കഴുത്തിലും വീണവായിച്ചുകൊണ്ട്‌ അദ്രമാന്‍ ഏതോ ഉദ്ധരണി ഒരു മന്ത്രം പോലെ ഉരുവിടുമ്പോള്‍ ഇപ്രകാരം ഒരശരീരിയുണ്ടായി.

- എന്താടോ ഇത്ര ഗൗരവമായി മന്ത്രിക്കുന്നെ? സ്‌റ്റയില്‌ കണ്ടാല്‍ താനൊരു മന്ത്രിയാണെന്ന്‌ തോന്നുവല്ലോ! കളി മതിയാക്ക്‌. എനിക്ക്‌ ഇക്കിളിയാവുന്നു.

അദ്രമാന്റെ ഒരു ഫുള്‍ ഞെട്ടല്‍ നിന്ന നില്‍പ്പില്‍ അയാളുടെ അടിവസ്ത്രം നനയിച്ചു. ഇതെന്തൊക്കെയാ തനിക്ക്‌ തോന്നുന്നതെന്ന്‌ കനത്ത ഒരു സംശയത്തോടെ അയാള്‍ സൂക്ഷിച്ച്‌ നോക്കുമ്പോള്‍, എരുമ ചിരിക്കുന്നു. 'ഹെന്റെ റബ്ബേ' എന്ന്‌ അമ്പരന്ന്‌ നിലവിളിച്ചുകൊണ്ട്‌ അയാള്‍ കൊടുവാള്‍ താഴെയിട്ടു.

- എന്തിനാടോ യമദൂതാ പേടിക്കുന്നെ? തന്റെ പണി വൃത്തിയായി ചെയ്യ്‌. പരലോകത്ത്‌ കിട്ടുന്ന പുണ്യമെല്ലാം തനിക്ക്‌ തൂക്കിവില്‍ക്കാമല്ലോ! മരണം കാംക്ഷിച്ചുതന്നെയാ ഞാന്‍ തന്റെ ആലയിലേക്ക്‌ വന്നത്‌. ആ തീട്ടംതീനി മാധവനെ വിശ്വസിച്ചൊന്നുമല്ല. അല്ലെങ്കില്‍ ആരെക്കൊണ്ടാവുമെടോ ഈ മാതിരി നാലാംകിട അസുഖം വെച്ചോണ്ട്‌ അതിന്റെ ഓഥറൈസ്‌ഡ്‌ ഔട്ട്‌ലെറ്റ്‌ പോലെ ജീവിക്കാന്‍.

അദ്രമാന്‍ എല്ലാം കേട്ടുകൊണ്ട്‌ ആദ്യത്തെ അമ്പരപ്പില്‍നിന്ന്‌ മെല്ലെ പുറത്തിറങ്ങി ചെറിയൊരു ശാന്തതയോടെ ചോദിച്ചു.

- നീയൊരു അസാധ്യപ്രതിഭയാണല്ലോ എരുമേ. സംസാരിക്കാന്‍ മാത്രമല്ല, തിരിച്ചറിയാനും ചിന്തിക്കാനും നിനക്കാവുന്നു. പോരെങ്കില്‍ ശീമക്കാരുടെ വ്യാകരണം നിനക്ക്‌ വഴങ്ങുന്നു. തലസ്ഥാനത്ത്‌ പോയി ഒന്ന്‌ ശ്രമിച്ചിരുന്നെങ്കി പ്രയോജനമുണ്ടാകുമായിരുന്നില്ലേ?

- ഓ... വല്ല വിധേനയും സെക്രട്ടേറിയറ്റില്‍ കയറിപ്പറ്റിയാലും നൂറുകണക്കിന്‌ മേശപ്പുറങ്ങളില്‍ അലഞ്ഞുനടക്കേണ്ടിവരും. അവിടെപ്പിന്നെ ഏത്‌ യുണിയനിലാ നിലയെന്നുനോക്കിയാണല്ലോ സേവനവേദനാദികള്‍ വ്യവഹരിക്കപ്പെടുന്നത്‌!.

- അതല്ല അരുമേ, മന്ത്രിയുടെ 'എരുത്തില്‍ സ്റ്റാഫാ'യി കയറിപ്പറ്റിയാല്‍ വിദേശയാത്ര തരപ്പെടുമ്പോള്‍ അങ്ങോര്‍ കുടുംബത്തോടൊപ്പം നിന്നെയും അമേരിക്കേല്‍ കൊണ്ടുപോകില്ലേ? അവിടെയില്ലാത്ത സാധനമൊണ്ടോ മണ്ടീ? എയിഡ്‌സിനും ഭീകരവാദത്തിനും വരെ മരുന്നൊള്ള സ്വര്‍ഗ്ഗവല്ലിയോ അത്‌?

സംഭാഷണം ഇത്തരത്തില്‍ വാഷിംഗപുരത്തുനിന്ന്‌ ടോക്കിയോ വഴി മോസ്‌കോയിലേക്കും അവിടെനിന്ന്‌ ടെഹ്‌റാന്‍ വഴി വടക്കന്‍ കൊറിയയിലേക്കും മുന്നേറിയപ്പോള്‍, ആലയുടെ വിന്‍ഡോ എക്സ്‌. പി.-യിലൂടെ ഒരു ശക്തനായ വൈറസ്‌ തന്റെ വാഹനത്തിലേറി രംഗപ്രവേശം ചെയ്തു. അതോടെ അദൃശ്യമായ ഹൈ-ഫൈ ബൂസ്റ്റര്‍ സിസ്റ്റം ചാലുവായി. അതിന്റെ ഇക്കോ ഉ. സാ. ഘ.-യിലൂടെ താഴെപ്പറയുന്ന പ്രകാരം ചില വെളിപ്പെടുത്തലുകളുണ്ടായി.

- വിധിക്കപ്പെട്ട ജന്മം ദൈവഹിതാനുസാരിയായി ജീവിച്ചുതീര്‍ക്കുന്നതിനു പകരം, അമിത ധിഷണയും മനുഷ്യഭാഷാ പാണ്ഡിത്യവും ചോരണം ചെയ്ത്‌, ജന്തുലോകത്തിന്റെ പരിമിതിയെ ലംഘിച്ച കുറ്റത്തിന്‌ അല്ലയോ എരുമേ.. നിന്നെ നിശ്ചയിക്കപ്പെട്ട സമയത്തിനുമുമ്പുതന്നെ കൊണ്ടുപോകാനാണ്‌ ഞാന്‍ കാലേകൂട്ടി എത്തിയിരിക്കുന്നത്‌.

ഭൂമിയില്‍ വീണുകിട്ടിയ പച്ചപ്പുല്ലിന്റെ അവശിഷ്ടം പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്‌ നാക്കിന്‍തുമ്പുകൊണ്ട്‌ തള്ളിയെടുക്കാന്‍ ശ്രമിച്ചും ഇരുമൂക്കുകളിലും നാക്കിട്ടുരച്ചും വിലസുകയായിരുന്ന മാന്യശ്രീയായ പോത്തിന്റെ അവലക്ഷണത്തോടെയുള്ള ഏറുകണ്ണേറ്റപ്പോള്‍ എരുമയുടെ പുറംകാലില്‍ ഒരു മെട്രിക്‌ ടണ്‍ വീതം ഭാരമുള്ള അസ്സല്‍ തൊഴി നാലെണ്ണം വന്നുണിറഞ്ഞു. ആ കല്ല്യാണരാമന്റെ വൃഷണസഞ്ചിക്കിട്ട്‌ ഒന്നു കൊടുക്കാന്‍ കഴിഞ്ഞെങ്കിലെന്ന്‌ ആഗ്രഹിക്കുമ്പോള്‍ത്തന്നെ യമന്‍ കല്ല്യാണ്‍ രാഗം ഉച്ചസ്ഥായിയില്‍ ആലപിക്കുന്ന സലീംകുമാറിനെപ്പോലെ കാലന്‍ തുടര്‍ന്നു.

- ആയതിനാല്‍ നിന്നെ ഞാനിതാ എന്റെ കയറില്‍ വഹിക്കാന്‍ പോകുന്നു. അനുസരണയോടെ പുറകേ വന്നുകൊള്ളണം. ഇല്ലെങ്കില്‍...!

എരുമയുടെ അഭിമാനബോധം അതോടെ തല കുടഞ്ഞെഴുന്നേറ്റു. അത്ര മോശപ്പെട്ട ഒരു മരണം താന്‍ ഒരിക്കലും അര്‍ഹിക്കുന്നില്ലെന്ന്‌ അവള്‍ക്ക്‌ തോന്നി. മാത്രവുമല്ല, ഡിമോട്ട്‌ ചെയ്യപ്പെട്ടുമാത്രം പരിചയമുള്ള ഈ യമന്റെ കയറില്‍ തൂങ്ങുന്നതിനെക്കാള്‍ നല്ലത്‌ ആത്മഹത്യയാണെന്ന്‌ അവള്‍ തീരുമാനിച്ചു. എന്നാല്‍ അസാധാരണമായ ചില മനോവ്യാപാരങ്ങളില്‍ അവള്‍ അപ്പോള്‍ മുഴുകപ്പെടുകയും ഉപനിഷദ്‌ മാതൃകയിലുള്ള പര്യാലോചനകളുടെ ഒരു ഇടവഴിയില്‍ കുടുങ്ങിപ്പോവുകയും ചെയ്തതിനാല്‍ സ്വയം വിസ്മൃതയായ തക്കത്തിന്‌ കാലന്‍ തന്റെ കുരുക്ക്‌ അവളുടെ ഗളനാളത്തില്‍ മുറുക്കിക്കളഞ്ഞു.

- 'എടാ ഹറാമിയായ കാലാ...! നിന്റെ കളിയൊക്കെ അമ്പലമുറ്റത്തുമതി. എന്റെ ആലയില്‍ അതിക്രമിച്ചു കേറി ഹറാംപിറപ്പ്‌ കാണിക്കാന്‍ നോക്കുന്നോ, ഹമുക്കേ?' എന്നൊരു പ്രകാരത്തില്‍ അദ്രമാന്‍ കൊടുവാള്‍ വീശി ഒരേറ്‌ കൊടുത്തു. വായുവില്‍ കറങ്ങിയ കൊടുവാള്‍, 'ഒതേനക്കുറുപ്പിന്റെ ചുരിക, വെടിവച്ച ഒളിപ്പോരുകാരന്റെ തലതെറിപ്പിച്ചതുപോലെ' എന്നമട്ടില്‍ ഉപമിക്കാന്‍ കഴിയുന്ന സംഭവമൊന്നും അവിടെ നടക്കുയുണ്ടായില്ല.

മാധവനുമായി ഫൈനല്‍ വര്‍ത്തമാനം മുഴുമിപ്പിച്ച്‌, അദ്രമാന്‍ ഒരു മണ്ടനാണെന്ന ചിരി ഉള്ളിലൊളിപ്പിച്ച്‌ കടന്നുവരുകയായിരുന്ന ലക്ഷ്മണ്‍കുമാറിന്റെ കാല്‍മുട്ടില്‍ ആ കുഠാരം വന്നു കൊള്ളുകയും, തല്‍ഫലമായുണ്ടായ അവന്റെ രോദനം 'അയ്യോ... ഈ കാലനെന്നെ കൊന്നേ' എന്നിങ്ങനെ മുഴങ്ങുകയും ചെയ്തു. ഈ തക്കത്തില്‍ ശ്രദ്ധ പതറിപ്പോയ യമരാജന്റെ കണ്ണുവെട്ടിച്ച്‌ റോഡിലേക്കോടിയ എരുമ സൈറണ്‍ മുഴക്കി കടന്നുപോയ ആഭ്യന്തരമന്ത്രിയുടെ അകമ്പടി വാഹനത്തിനുമുമ്പില്‍ തിരസ്കരണീജപത്തോടെ നിത്യവിശുദ്ധയായി മാറുകയും ചെയ്തു.

*** (എഴുതിക്കൊണ്ടിരിക്കുന്ന 'വിദൂഷണം' എന്ന നോവലിലെ ഒരു ഭാഗം)

Sunday, November 05, 2006

'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ!'

ബഹുമാന്യ വിശിഷ്ടാതിഥികളേ, പ്രിയ സ്‌നേഹിതരേ,

'കേരളം ഇന്ന്‌' എന്നുള്ള വിഷയത്തില്‍ ഇത്തരമൊരു ഗൌരവമേറിയ ചര്‍ച്ചാവേദിയില്‍ എന്റെ എളിയ വാക്കുകള്‍ക്ക്‌ ലഭിക്കാനിടയില്ലാത്ത അംഗീകാരത്തെക്കുറിച്ച്‌ തീരെ വേവലാതിയില്ല. എങ്കിലും, പ്രസക്തമായ ഇക്കാലത്തെ ചില സമസ്യകളെക്കുറിച്ച്‌ തോന്നുംപടി പറയുന്നതിനായി ഈ അവസരം വിനിയോഗിക്കാന്‍ എന്നെ അനുവദിക്കുക.

ദീര്‍ഘനാളായി ഈ ഭൂമണ്ഡലത്തിന്റെ മറ്റൊരു കോണില്‍ എല്ലാം കണ്ടും കേട്ടും കഴിയുന്ന ഒരാളെന്ന നിലയില്‍ അതിനുള്ള അവകാശം എനിക്കുണ്ടെന്നുള്ള വിശ്വാസമാണ്‌ അനിഷ്ടകരമായ ഇക്കാര്യങ്ങള്‍ പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌.

ഞാന്‍ ഒരു മലയാളിയാണ്‌, ഒരു ഭാരതീയനാണ്‌, വേണമെങ്കില്‍ - ഒരു വിശ്വപൌരനാണെന്ന്‌ അല്‍പം ഉച്ചത്തില്‍ത്തന്നെ വിളിച്ചു പറഞ്ഞിരുന്ന ധിഷണാശാലികളുടെ നാടാണിത്‌. എന്നാല്‍, ഇപ്പോള്‍ അതിനു കഴിയുന്നവരുടെ സംഖ്യ നമ്മള്‍ക്കിടയില്‍ തീരെ കുറഞ്ഞുപോയിട്ടുണ്ട്‌ എന്നത്‌ സത്യമല്ലേ? പകരം, ജാതിമതങ്ങളുടെയോ കക്ഷിവിഭാഗങ്ങളുടെയോ വക്താവാകുന്നതിന്റെ അസുഖകരമായ സൌഖ്യം വലിയൊരു കൂട്ടം മനുഷ്യരെ സങ്കുചിതത്വത്തിന്റെ ആലകളിലേക്ക്‌ തെളിച്ചുകൊണ്ടു പോകുന്നു. കാണുന്നതെല്ലാം ഒരു ദൈനംദിന നേരംപോക്കായി പരിഗണിച്ച്‌ നമ്മള്‍ മിണ്ടാതിരിക്കുന്നു. ഇത്‌ ശരിയോ?

സാംസ്കാരികമായ മലിനീകരണത്തെപ്പറ്റി പറഞ്ഞാല്‍ 'ലജ്ജാകരം' എന്ന വാക്ക്‌ മതിയാവില്ല. ഏറ്റവുമധികം കൊണ്ടാടപ്പെടുന്ന സംസ്കാരത്തിന്റെ വംശവൃക്ഷം കടപുഴകാതെ കാത്തുസൂക്ഷിക്കേണ്ടത്‌ ഒരു പിടി സാംസ്കാരിക പ്രവര്‍ത്തകരുടെയോ കവികളുടെയോ പരിസ്ഥിതി പ്രവര്‍ത്തകരുടെയോ മാത്രം കടമയാണെന്ന മിഥ്യാധാരണയുള്ളതുകൊണ്ട്‌ മിക്ക കാര്യങ്ങളിലും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന തന്ത്രം മലയാളി അവന്റെ മുഖമുദ്രയാക്കിയിട്ടുണ്ട്‌. ഒന്നുകില്‍ ഒട്ടകപ്പക്ഷിയുടെ മാതിരി തല മണലില്‍ പൂഴ്ത്തിക്കളയും. അല്ലെങ്കില്‍ കാറ്റനക്കത്തിനുപോലും കലാപമുണ്ടാക്കും. ആരോപിക്കപ്പെട്ട വ്യക്തിയുടെ ദൃഷ്ടിയില്‍പ്പോലും നിര്‍ദ്ദോഷമായി തോന്നാവുന്ന കാര്യങ്ങളെ നന്നായി മുളകും പുളിയും ചേര്‍ത്ത്‌ അപവാദവ്യവസായമാക്കി മാറ്റാമെന്ന്‌ ചില മാധ്യമ(കു)ബുദ്ധികള്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടെന്താ, വിവാദങ്ങള്‍ക്ക്‌ പഞ്ഞമില്ലാത്ത വിളഭൂമിയായി മലയാളിമനസ്സ്‌ പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ വിളിച്ചുകൂവുന്ന മണ്ടത്തരങ്ങള്‍ക്ക്‌ 'വാചകമേള'യെന്നോാ 'മഹത്‌വചന'മെന്നോ ഒരു ഓമനപ്പേരുകൂടി നല്‍കിയാല്‍, സംഗതി .. ബലേ ഭേഷ്‌!

രാഷ്ട്രീയ-വിനോദ-വിക്രിയകളുടെ കാര്യം പറയാതിരിക്കുന്നതാണ്‌ ഭേദം. ആദര്‍ശരാഷ്ട്രീയം മേമ്പൊടി മാത്രമല്ലാതിരുന്ന രണ്ടര പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ചൂടും ചുണയുമുള്ള ഖദര്‍ധാരികളോ, വിപ്ലവകാരികളോ, നക്സലൈറ്റുകള്‍ പോലുമോ ഇന്ന്‌ നാട്ടിലില്ല. 'പ്രായം പതം വരുത്തും' എന്ന ചൊല്ലിന്റെ വാലില്‍ക്കെട്ടിയാലും ഇല്ലെങ്കിലും 'ഇത്രയൊക്കെ മതി. ഇതിനേ നമ്മുടെ ജനത വളര്‍ന്നിട്ടുള്ളു' എന്നൊരു ഒത്തുതീര്‍പ്പ്‌ മനഃസ്ഥിതി വന്നുകൂടിയതിനാല്‍, കാട്ടിലെ തടിയും തേവരുടെ ആനയും അതാത്‌ ധര്‍മ്മങ്ങള്‍ വൃത്തിയായും ഭംഗിയായും ചെയ്തു പോകുന്നു. അപ്പോള്‍ 'ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്നമട്ടില്‍ വിവിധ കക്ഷിരാഷ്ട്രീയങ്ങളില്‍ മുങ്ങിയും പൊങ്ങിയും പൌരന്റെ സാമൂഹികജീവിതം ഇഴഞ്ഞുനീങ്ങുന്നു. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം- പണം/ജോലി/പദവി/കൃത്രിമ മാന്യത' എന്ന നിലയിലേക്ക്‌ ഒന്നാന്തരം അരാഷ്ട്രീയവാദികള്‍ പോലും നനഞ്ഞിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഫലത്തില്‍ ജനായത്തസങ്കല്‍പത്തില്‍ ഇനി പുതിയ യാതൊരു മാലിന്യവും ചേരാനില്ലെന്നായി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കഴിവുള്ളവര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുന്നു. ധിഷണാപരമായി സ്വകാര്യലക്ഷ്യങ്ങളോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കേ ഇനിയുള്ള കാലം നിലനില്‍പുള്ളു എന്ന വിശ്വാസം സമൂഹത്തെ മുഴുവന്‍ പിടികൂടിയിട്ടുണ്ട്‌. ആയതിനാല്‍, 'ആരോടൊപ്പം നില്‍ക്കുന്നതാണ്‌ യുക്തി'യെന്ന ചോദ്യം പുതുതലമുറയെ ബാധിച്ചിട്ടുണ്ട്‌. സ്വകാര്യ ലക്ഷ്യങ്ങള്‍ക്കുപരിയായി രാഷ്ട്രനിര്‍മ്മാണത്തിന്റെയും, സാമൂഹിക പുനഃസൃഷ്ടിയുടെയും മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാനൊരുങ്ങുന്നവര്‍ മണ്ടന്മാരാണെന്ന് പരിഹാസ്യരൂപേണയുള്ള വിലയിരുത്തല്‍ ആ മാര്‍ഗ്ഗത്തിലുള്ള യുവത്വചിന്തകളെ തളര്‍ത്താന്‍ ഏറെ സഹായകമായിട്ടുണ്ട്‌.

ചുരുക്കത്തില്‍, യുവജനങ്ങളുടെ ലക്ഷ്യബോധം ഒട്ടൊക്കെ തകര്‍ന്നുപോയി. അവര്‍ വിഭാഗീകരിക്കപ്പെടുകയോ മാനസികമായി വരിയുടയ്ക്കപ്പെടുകയോ ചെയ്തു. വ്യക്തിയ്ക്കും അവന്റെ സുഖസൌകര്യങ്ങള്‍ക്കുമുപരിയായി യാതൊന്നുമില്ലെന്നും, 'സമൂഹം' എന്ന സംജ്ഞ തന്നെ 'യൂസ്‌ലെസ്‌' ആണെന്നും ശക്തമായ പ്രചാരണം അടിയൊഴുക്കായി നിലനില്‍ക്കുന്നു. ഇത്തരം വ്യക്തിവാദങ്ങള്‍ തകര്‍ത്തുകളയുന്നത്‌ മലയാളിയുടെ, ഇന്ത്യയുടെ നവോത്ഥാനശ്രമങ്ങളില്‍ നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെത്തന്നെയാണ്‌. ഇന്നത്തെ ഈ ചെറിയ വിത്ത്‌ നാളെ ആകാശം മുട്ടുന്ന വിഷവൃക്ഷമായി മാറുമെന്ന്‌ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു.
രാഷ്ട്രീയമായ സംജ്ഞകളുപയോഗിച്ചാല്‍ - അധഃസ്ഥിതന്‍, തൊഴിലാളി, സോഷ്യലിസം, പൊതുമേഖല, സാമൂഹ്യക്ഷേമം, സഹവര്‍ത്തിത്വം തുടങ്ങിയ പദങ്ങള്‍ തീരെ നിലവാരമില്ലാത്ത 'സാധനങ്ങ'ളായി വിവിക്ഷിക്കപ്പെടുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ സങ്കുചിതബുദ്ധികളാണെന്ന്‌ വിലയിരുത്തപ്പെടുന്നു. 'ഈ നാട്‌ നന്നാവില്ല' എന്നൊരു തീരുമാനം നാട്ടാര്‍തന്നെ നടപ്പാക്കുകയാണിവിടെ.

"വീ ഷാല്‍ ഓവര്‍ കം..." എന്നൊരു പാട്ട്‌ പണ്ടൊക്കെ നമ്മള്‍ പാടിയിരുന്നത്‌ ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവാം. ചെറുപ്പക്കാരുടെ കണ്ണുകളിലേക്ക്‌ നോക്കൂ. അവയില്‍ നിന്ന്‌ പ്രണയവും പുഞ്ചിരിയും കൊഴിഞ്ഞു പോയിരിക്കുന്നു. സഹജീവിയെന്ന പരിഗണനയോടെ പ്രശ്നങ്ങളെ സമീപിക്കാന്‍ വിമുഖതയുള്ളവരായി അവര്‍ മാറുന്നു. മത്സരത്തിന്റെ ചന്തയിലെ ഉരുക്കളായി അവര്‍ സ്വയമറിയുകയാണ്‌. അവരുടെ ഭൌതികവും ആത്മീയവുമായ ഊര്‍ജ്ജത്തിന്റെ മുക്കാല്‍പ്പങ്കും വികലമാര്‍ഗ്ഗങ്ങളില്‍ ചൂഷണം ചെയ്യപ്പെടുകയാണ്‌.

മെച്ചപ്പെട്ട വരുമാനമുള്ള സുരക്ഷിതമായ ഒരു തൊഴില്‍ നേടുന്നതിനും ഉപഭോക്‍തൃമൂല്യവും അതിന്റെ ജനാലവഴികളും കൈപ്പിടിയിലൊതുക്കുന്നതിനുമപ്പുറം ജീവിതത്തിന്‌ വേറെന്തെങ്കിലും ലക്ഷ്യമുള്ളതായി കരുതുന്ന പതിനഞ്ചു ശതമാനത്തോളം ചെറുപ്പക്കാര്‍ മാത്രമേ നഗരങ്ങളിലുള്ളു. നാട്ടിന്‍പുറങ്ങളില്‍ അത്‌ കഷ്ടിച്ച്‌ ഇരുപത്തിരണ്ടായി മാറുന്നു. നോക്കണേ?നഗരവും നാട്ടിന്‍പുറവുമായുള്ള അന്തരം തുച്ഛമായി മാറുന്ന ഈ കാലത്തിന്റെ ചുവരെഴുത്ത്‌. ഇത്‌ എല്ലാ അര്‍ത്ഥത്തിലും ഒരു കെട്ടകാലം തന്നെയെന്ന്‌ പറഞ്ഞുപോകുന്നത്‌ ഒരു ഗ്രാമീണന്റെ സങ്കുചിതബോധം കൊണ്ടല്ല. മനസ്സിലും സങ്കല്‍പങ്ങളിലും നഗരത്തിന്റെ 'ചടപടാലിറ്റികള്‍' വളരുകയാണ്‌. അതിവേഗ തീവണ്ടികളിലും, അതിവിദൂര ഉപഗ്രഹങ്ങളിലും നമ്മെ സ്വയം സമര്‍പ്പിച്ച്‌, അതിവേഗപാതയുടെ സ്വപ്നം മനസ്സിലിട്ട്‌, കഷ്ടിച്ച്‌ ഒരിഞ്ച്‌ വലിപ്പമുള്ള സിംകാര്‍ഡിലൂടെ ജീവിതം സിനിമാറ്റിക്‌ ഡാന്‍സിനിറങ്ങുമ്പോള്‍ ഒത്തിരിക്കാര്യങ്ങള്‍ മിസ്‌കോളുകളായി വഴിമുട്ടുന്നത്‌ അധികമാരും അറിയുന്നില്ല. അറിയുന്നത്‌ അല്‍പത്തവും അഹങ്കരിക്കുന്നത്‌ അഭിമാനവുമായി വ്യാഖ്യാനിച്ച്‌ നാം പുണ്യം തേടി പരക്കം പായുകയാണ്‌.

വൃദ്ധജനങ്ങളുടെ അനാഥത്വം ഏറെ വ്യാകുലപ്പെടുത്തുന്നമട്ടൊരു കാര്യമാണ്‌. ഒന്നോ രണ്ടോ സിനിമകളുണ്ടായാല്‍ പരിഹരിക്കപ്പെടാവുന്ന കാര്യമൊന്നുമല്ല അത്‌. അതിതീവ്രമായ വികാരത്തോടെ അവരുടെ പ്രശ്നങ്ങളെ സമീപിക്കാന്‍ സര്‍ക്കാരിനും ജനകീയകൂട്ടായ്മകള്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ഇതിന്റെ തടസ്സങ്ങള്‍ നീക്കാന്‍ കജിയുകയുള്ളു. 'പ്രസംഗം കൊണ്ട്‌ വയര്‍ നിറയ്ക്കാമെന്നും, 'ഉപനിഷത്തിനെ ത്രിശൂലമാക്കാമെന്നും, 'കുന്തം പോയാല്‍ ദല്‍ഹിയിലും തപ്പണ'മെന്നുമൊക്കെ പുതുചൊല്ലുകള്‍ കണ്ടെത്തിക്കഴിഞ്ഞ ഭാരതീയന്റെ മറ്റൊരു പൊയ്മുഖമാണ്‌ വേരുകളോടുള്ള അവജ്ഞ. എനിക്ക്‌ തായ്ത്തടിയോട്‌ യാതൊരു ബന്ധവും വേണ്ടെന്ന്‌ അവന്‍ ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയില്‍ നിന്നുകൊണ്ട്‌ ചിന്തിച്ചാല്‍ അതിലൊരു മുടന്തന്‍ ന്യായമെങ്കിലുമുണ്ട്‌. സമ്പന്നതയില്‍ മുഴുകുന്ന കാല്‍പ്പങ്കോളം ആള്‍ക്കാരുടെ വീടുകളില്‍ മാതാപിതാക്കളായ വൃദ്ധജനങ്ങള്‍ ഇന്ന്‌ വല്ലാത്തൊരധികപ്പറ്റാണ്‌. കാല്‍ക്കാശിന്റെ പ്രയോജനമില്ലാത്ത തന്തയും തള്ളയും വീട്ടിലെ അലങ്കാര മത്സ്യങ്ങളെക്കാള്‍ 'ലോ പ്രൊഫെയിലില്‍' കഴിയേണ്ടവരാണ്‌. 'ഇനിയിപ്പൊ വിസയടിക്കാന്‍ കൂടുതല്‍ കാലമില്ലല്ലോ. കുഴീലോട്ടെടുക്കാന്‍ നേരത്ത്‌ എന്തിനാ ഇങ്ങനെ ഗൊണവതിയാരം പറഞ്ഞോണ്ടിരിക്കുന്നെ? - എന്ന്‌ തിരുവചനപ്രഘോഷണങ്ങള്‍ നിരന്തരം കേള്‍ക്കേണ്ടിവന്ന ഒരു സത്യവിശ്വാസിയെ എനിക്കറിയാം. സ്വന്തം ശവപ്പെട്ടി പണിയിച്ചുസൂക്ഷിക്കാന്‍ ഒരു ചെറിയ ബാങ്ക്‌ വായ്പ തരപ്പെടുമോ എന്ന്‌ നിരന്തരം ചോദിച്ചു നടന്ന പാവത്തിന്‌ മരണശേഷം ഒരു ശവപ്പെട്ടി നല്‍കാന്‍ ദയാപരനായ മകന്‍ പണം മുടക്കിയതായി പിന്നീടറിഞ്ഞു. മരിക്കുന്നതിനു മുമ്പ്‌ ശവപ്പെട്ടിയെപ്പറ്റി ചിന്തിച്ചു വലഞ്ഞ പിതാവിന്‌ ഭ്രാന്താണെന്ന്‌ മകന്‍ പറഞ്ഞു നടന്നു. മരിച്ചു കഴിഞ്ഞവരാരും എന്തിനെപ്പറ്റിയെങ്കിലും ചിന്തിക്കാറില്ലെന്ന്‌ വിദ്യാസമ്പന്നനായ മകന്‍ എന്നാണാവോ മനസ്സിലാക്കുക? ഇതൊരു കഥയല്ല. ആവര്‍ത്തിക്കപ്പെടുന്ന വാസ്തവം. വൃദ്ധമന്ദിരങ്ങളുടെ സാധ്യതയെപ്പോലും പലരും ഒരു വാണിജ്യതലത്തില്‍ വിനിയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. അവിടത്തെ സുഖസൌകര്യങ്ങളും താരനിലവാരത്തിലുള്ള മെച്ചങ്ങളും പലയളവില്‍ പരസ്യപ്പെടുത്താനും മടിയില്ലാതായിട്ടുണ്ട്‌. വീട്‌ അല്ലെങ്കില്‍ കുടുംബം എന്ന സങ്കല്‍പത്തിന്റെ ആണിക്കല്ലുകള്‍ ഇളകിപ്പോകുന്നത്‌ മലയാളിയും രസനീയതയോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. 'കുട്ടികള്‍ അനാവശ്യമോ?' എന്ന വിഷയത്തില്‍ നടന്ന ഒരു സര്‍വ്വേയില്‍, 'പ്രസവിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട്‌ മാത്രമല്ല, പിന്നെ കൊച്ചുങ്ങളെ വളര്‍ത്താനായി ചെലവഴിക്കുന്ന സമയവും സമ്പത്തുമുണ്ടെങ്കില്‍ ഒരുവിധം സുഖമായി കഴിയാമല്ലോ എന്നോര്‍ത്തിട്ടാ'ണെന്നു അഭിപ്രായം പറഞ്ഞതും ഒരു പെണ്ണായിരുന്നു.

നമ്മുടെ വിദ്യാര്‍ത്ഥികളുടെ നിര്‍ജ്ജീവനേത്രങ്ങള്‍ എന്നെ അമ്പരപ്പിക്കുന്നു. അവരുടെ പ്രക്ഷോഭശക്തിക്കുമുമ്പില്‍ അടിപതറിയ ഭരണകൂടങ്ങള്‍ ലോകമാകെ എത്രയെങ്കിലുമുണ്ട്‌. മുതലാളിത്തപാതയിലുള്ള തെക്കന്‍ കൊറിയയിലെ കാമ്പസുകള്‍ പോലും ലോകവീക്ഷണമുള്ള വിഷയങ്ങളാല്‍ കലുഷിതമാണ്‌. മറ്റേതൊരു പുരോഗമന രാഷ്ട്രത്തിലെയും യുവമനസ്സുകളെപോലെ അമേരിക്കന്‍ കുത്തകകള്‍ക്കും, നാടിനെ വില്‍ക്കുന്ന വ്യാപാരക്കരാറിനും എതിരായ സമരത്തില്‍ അവിടത്തെ കുട്ടികള്‍ അണിചേരുന്നു. ലാറ്റിനമേരിക്കയില്‍ നക്ഷത്രച്ചിരികള്‍ മാഞ്ഞിട്ടില്ല. അവ ചൈനയിലേതിനെക്കാള്‍ ശക്തമായി നിലനില്‍ക്കുന്നു. കേരളത്തിലെ കുട്ടികളെ കക്ഷിരാഷ്ട്രീയക്കാര്‍ കള്ളറകളിലാക്കി കളിച്ചുകൊണ്ടിരിക്കുന്ന കബഡികളി പിടിക്കുന്ന കൊടിയുടെ കാര്യത്തിലല്ലാതെ കാര്യമായ വ്യത്യസ്തതകളൊന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല. മുദ്രാവാക്യങ്ങള്‍ തിന്നുകൊഴുക്കുന്ന അങ്കക്കോഴികളായി അവരെക്കാണാനാണ്‌ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തകരായ നേതാക്കളില്‍ മിക്കവര്‍ക്കും താല്‍പര്യം. അക്കൂട്ടത്തില്‍ത്തന്നെ സ്വന്തം ആളുകളെ ഉറപ്പിക്കാനും ഭാവയിലെ നേട്ടങ്ങളെ ഇന്നുതന്നെ അളന്നും തൂക്കിയും നിര്‍ണ്ണയിക്കാനും അവര്‍ക്കുള്ള ശേഷിയും ശേമുഷിയും തര്‍ക്കമില്ലാത്തതാണ്‌. വായിച്ചും ശ്രവിച്ചും അറിയുന്ന സ്കൂള്‍ കോളേജ്‌ കാലഘട്ടങ്ങളെ മാനസിക വളര്‍ച്ചയുടെയും പൌരബോധത്തിന്റെയും സ്വതന്ത്രാകാശത്തിലേക്ക്‌ തുറന്നുവിടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ, അത്‌ ശ്രദ്ധാപൂര്‍വ്വമുള്ള ഒരു പ്രവര്‍ത്തനമായി കക്ഷിനേതാക്കള്‍ കാണുന്നില്ല. ഈ സങ്കുചിതത്വമാണ്‌ ഒരളവോളം കടിഞ്ഞാണഴിഞ്ഞു കിടന്ന വിദ്യാലയങ്ങളിലെ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനത്തെ നിരോധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്‌. എന്നാല്‍ പ്രസ്തുത നിരോധനം വിദ്യാലയങ്ങളെയും കലാലയങ്ങളെയും ഭാവനാശൂന്യതയുടെ കച്ചവടസ്ഥാപനങ്ങളാക്കി അധഃപതിപ്പിച്ചു. ഇപ്പോള്‍ റാഗിംഗും റേപ്പും സാധാരണമായിക്കഴിഞ്ഞതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ അരാഷ്ട്രീയവാദികള്‍ക്കും കഴിയില്ല. ജീവിതം പ്രതീക്ഷയായും സ്വപ്നമായും ഹൃദയബന്ധങ്ങളായും ഇതള്‍വിരിയേണ്ടുന്ന കാലം മദ്യത്തിനും മയക്കുമരുന്നിനും മരണത്തിനും മധ്യേയുള്ള സഞ്ചാരമാക്കി മാറ്റാനുള്ള കുട്ടികളുടെ ഇന്നത്തെ സാഹചര്യം ഒഴിവാക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ഇന്നില്‍ - ഈ നിമിഷത്തില്‍ മാത്രം ജീവിക്കുന്ന ഭൂരിപക്ഷം പേരുടെ ലോകമാണ്‌ നമ്മെ ചുറ്റിവരിയുന്നത്‌. 'വാങ്ങുക, ഉപയോഗിക്കുക, വലിച്ചെറിയുക' എന്ന ആഗോളീകൃതാവസ്ഥകളില്‍ വിലയ്ക്കുവാങ്ങാനാവാത്തതായി ഒരുപക്ഷേ മനസ്സു മാത്രമെ ഉണ്ടാവുകയുള്ളു. അതിന്റെ നിര്‍വ്വചിക്കാനാവാത്ത വൈകാരികതലങ്ങളിലേക്ക്‌ നമ്മുടെ യുവലോകം ഒരു തീര്‍ത്ഥയാത്രയിലെന്നവണ്ണം ഇറങ്ങിവരട്ടെ. മുള്ളും മൂര്‍ഖനുമുള്ള പാതയിലൂടെയുള്ള ഇത്തരമൊരു സ്വപ്നാടനത്തിലാണ്‌ ഞാനും. പ്രവാസത്തില്‍ കാണാനാവുന്ന ഹരിതസ്ഥലികള്‍ വിരളമാണ്‌. എങ്കിലും എവിടെയൊക്കെയോ മഹാവൃക്ഷങ്ങളവശേഷിപ്പിച്ച തണലുകള്‍ ബാക്കിയുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഒരിലയാകുവാന്‍, കാറ്റിലിളകുവാന്‍, പ്രാണവായുവിനെ മറ്റുള്ളവര്‍ക്കായി നല്‍കുന്ന ഗരിമയാകുവാന്‍ പ്രിയമുള്ളവരേ നിങ്ങളും മനസ്സുകളെ വളക്കൂറുള്ള ചിന്തകളിലേക്ക്‌ പറിച്ചു നടുക. സങ്കുചിതത്വങ്ങളെ കുടഞ്ഞെറിയുക. ഒരു കരിയിലയില്‍നിന്ന്‌ മറ്റൊരു വസന്തസുകൃതത്തിലേക്കുള്ളതാണ്‌ ഈ ജനകീയചിന്തയെന്ന്‌ നമുക്ക്‌ കരുതാം. അതിനാല്‍, ആത്മരോദനങ്ങളുടെയും ആകുലതകളുടെയും വാദ്യവൈവിധ്യത്തോടൊപ്പം കാലവും നമ്മള്‍ക്കൊപ്പം അതിന്റെ ചുവടുകള്‍ വെയ്ക്കട്ടെ. ക്ഷമയോടെ എന്നെ കേട്ടതിന്‌ ഏറെ നന്ദി.