Sunday, March 29, 2009

ജയ്‌ ഭാരതാംബ...

"ചെക്കന്‍ എന്റെയാ
അവന്‍ മിടുക്കനാ.
ഇത്തവണ ജയിച്ചില്ലേല്‍
പണ്ഡിറ്റുമാരുടെ പരമ്പരയാകാന്‍
വേറെ ചെലവന്മാര്‍ ചെരുപ്പിടും.

അവന്റെ അപ്പനെ അറിയുമല്ലോ?
ആള്‍ കിടിലനല്ലാരുന്നോ?
വെട്ടൊന്ന്.... തുണ്ട്‌ രണ്ട്‌.
കൈയായാലും തലയായാലും
ജനനനിയന്ത്രണവിദ്യയായാലും
കക്ഷിക്ക്‌ തുല്യമായിരുന്നു!
ഗ്ലൈഡറും ബുള്‍ഡൊസറും
ഒരു വീക്നെസ്സായിരുന്നല്ലോ?

ചേരിചേരായ്മയില്‍ പ്രതിഷേധിച്ച്‌
അതിയാനൊന്ന് ചൊമച്ചതിനെടേല്‌...
ബുള്‍ഡോസറിന്റെ ചക്രത്തിനെടേന്ന്
വാരിയെല്ലുകള്‍ എണ്ണിപ്പെറുക്കാന്‍
ബാക്കിയില്ലായിരുന്നെന്നത്‌ വേറെ കാര്യം!
അല്ലെങ്കില്‍...
ചേരി ചേരാതിരുന്നാല്‍
നാടാകെ ചേരിയാവില്ലേ?

എന്റെ പൊന്നുമോന്‍
എന്ത്‌ സനാതനം പറഞ്ഞെന്നാ?
ഒരു സമുദായക്കാര്‌ മുഴുവന്‍
ഭീകരന്മാരാന്നോ... ശത്രുക്കാളാന്നോ...!
അവരെയെല്ലാം ഞങ്ങടെ ദേവപുഷ്പം
തൂങ്ങിനില്‍ക്കുന്ന തണ്ടുകൊണ്ട്‌
കഴുത്തു ഞെരിച്ച്‌ കൊല്ലണമെന്നോ...!

അയ്യയ്യേ....
അങ്ങനല്ല അവന്‍ പറഞ്ഞെ!
പൂനൂലുകൊണ്ട്‌ ദേശീയത ബന്ധിച്ച്‌
ആ പിതൃശൂന്യന്മാരെടെ ആസനത്തില്‍ .....
ബ്രഹ്മോസ്‌ മിസൈല്‍ ഫിറ്റ്‌ ചെയ്ത്‌
ആകാശത്തേക്കയക്ക്‌ കൊളുത്തിവിടണമെന്നോ?

എന്റെ കുഞ്ഞ്‌ എത്ര പാവം?
അവനെ ആ അയല്‍പക്ക ചാരന്മാര്‌
കൊല്ലാക്കൊല ചെയ്യാതിരുന്നാ മതിയാരുന്നു.
അവനെ തൊട്ടാല്‍ പോലീസിനും പൊള്ളും.
പണ്ട്‌ പോലീസിനേം പട്ടാളത്തേം
വെറപ്പിച്ച രാജകുമാരന്റെ
പിങ്ങാമിയോടാ അവമ്മാരെടെ കളി.

സമാധാന സഞ്ചലനത്തിനു വന്ന
വെറും അരലക്ഷം പ്രക്ഷോഭകരെ
വെടിവയ്ക്കാന്‍ മുസ്ലീം പോലീസുകാര്‍!
പിന്നല്ലാതെ...
ഹിന്ദുപ്പോലീസ്‌ അങ്ങനെ ചെയ്യുവോ?

ഓഹ്‌... സംസാരിച്ചിരുന്നതറിഞ്ഞില്ല
എന്റെ പപ്പി വെശന്ന് കരയുന്നത്‌ കേട്ടില്ലേ?
പാവം...
അതിന്‌ മാമും കൊടുത്ത്‌
പാടിയൊറക്കീട്ട്‌ ഇപ്പോ വരാം..."

000

Sunday, March 01, 2009

കടല്‍, തൊട്ടി, തിര, കപ്പല്‍ച്ചേതം - ചില പ്രത്യയശാസ്ത്രവിശകലനങ്ങള്‍

പാരമ്പര്യമായിത്തന്നെ ഞങ്ങളുടെ തറവാട്‌ കടലുമായും തൊട്ടിയുമായും ബന്ധപ്പെട്ട്‌ കവിതകളെഴുതിയ അരയന്മാരുടെ വകയാണ്‌. ഉറുദു ഭാഷയില്‍ ഞങ്ങള്‍ക്കുള്ള പൊക്കിള്‍ക്കൊടിബന്ധം അറിയണമെങ്കില്‍ 'വിപ്ലവം ജയിക്കട്ടെ' എന്നതിന്റെ പരിഭാഷ നോക്കിയാല്‍ മതി.സത്യത്തില്‍ അതാണല്ലോ ഞങ്ങള്‍ ലക്ഷ്യമാക്കിയ നയപരിപാടി.

പണ്ടത്തെ കാര്‍ണോന്മാര്‍ അതൊക്കെ പറഞ്ഞപ്പോള്‍ ആ ചിന്തകളില്‍ മനസ്സുണ്ടായിരുന്നു, സമര്‍പ്പണമുണ്ടായിരുന്നു, തേങ്ങാക്കൊലയായിരുന്നു എന്നൊക്കെ ഇപ്പോള്‍ നിങ്ങള്‍ വേണമെങ്കില്‍ എഴുതിപ്പിടിപ്പിക്കും! അന്നത്തെ വന്ദ്യവയോധികതയിലും യൗവനം തുടിച്ചിരുന്ന അവരെക്കാള്‍ എന്തുകൊണ്ടും മികച്ചവരാണ്‌ ഞങ്ങള്‍ ഇപ്പോഴത്തെ നേതൃപുംഗവന്മാരെന്ന്‌ ആര്‍ക്കാണറിയാത്തത്‌?!

അവര്‍ തലകുത്തിനിന്നിട്ട്‌ സാധിക്കാത്ത കാര്യമല്ലേ ഇപ്പോള്‍ ഞങ്ങള്‍ നേടിയിരിക്കുന്നത്‌? സംശയമുണ്ടെങ്കില്‍ സ്വാധീനമേഖല, സാമ്പത്തികമേഖല,ജനകീയപിന്തുണാമേഖല, സ്വര്‍ഗ്ഗീയസൗഖ്യമേഖല ഇങ്ങനെ ഓരോ രംഗവും നോക്കിക്കോളൂ. എന്തെങ്കിലും പ്രസ്താവിക്കാന്‍ നിങ്ങള്‍ക്ക്‌ നാവിറങ്ങിപ്പോകും.

കടല്‍, തൊട്ടി, തിര, കപ്പല്‍ച്ചേതം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യയശാസ്ത്രവിശകലനങ്ങളെക്കുറിച്ചാണല്ലോ സംസാരിച്ച്‌ തുടങ്ങിയത്‌? 1964-ല്‍ ഒടക്ക്‌ വച്ച്‌ കൊറേ തൊട്ടിയും വെള്ളവും ഞങ്ങള്‍ സ്വന്തമാക്കി. ജനകീയ കൂടോത്രം ആയിരത്തൊന്ന് കുഴിച്ചിട്ട്‌ തറവാടിന്‌ ബര്‍മ്മ വച്ചു. അന്ന് ഞ്ങ്ങളുടെ തൊട്ടിയില്‍ അനങ്ങാതിരുന്ന വെള്ളത്തില്‍ സമുദ്രത്തെ ആവാഹിച്ച്‌ ലയിപ്പിച്ചു. ഉടവാളും വിളക്കുമായി കാവലിരുന്ന കടല്‍ക്കിഴവന്മാരെ തൊഴിച്ച്‌ ഒരു വശത്താക്കി. അമ്മാവന്മാരും അണ്ണന്മാരും ഗുരുക്കന്മാരും അങ്ങനെ ഞങ്ങള്‍ക്ക്‌ ചതുര്‍ഥിയായി. വേറെ കെട്ടിടവും വസ്തുവഹയും സൈന്യവും ക്രമീകരിച്ച്‌ കടലില്‍ ഞങ്ങള്‍ അവകാശം സ്ഥാപിച്ചു.

പിന്നെ എക്കാലവും കൊറെ ആള്‍ക്കാര്‌ കാലാകാലം തൊട്ടിയില്‍ കടല്‍വെള്ളം പകുത്തെടുത്ത്‌ പിണങ്ങിപ്പോവുക എന്ന ഞങ്ങളുടെ പാരമ്പര്യത്തൊഴില്‍ ചെയ്തുകൊണ്ടേയിരുന്നു. 'വസന്തത്തിന്റെ ഇടിമുഴക്കം' അങ്ങനെയൊരെണ്ണമായിരുന്നു. അവിടെയും തീര്‍ന്നില്ല ആ ജ്വരത്തിന്റെ ആവര്‍ത്തനം. കൊലമരത്തീന്ന് രക്ഷപ്പെട്ട കേപ്പീയാര്‍ മൂപ്പീന്നും തൊട്ടിയില്‍ വെള്ളം നിറച്ച്‌ പടിയിറങ്ങി. അതിനു പുറകേ പല വില്ലാളികളും... ഒടുവില്‍ മാടായിക്കാരന്‍ കളരിഗുരുക്കളും, ആലപ്പുഴക്കാരി ഉണ്ണിയാര്‍ച്ചയും, കൊച്ചീല്‍ ചൊറിയാന്‍ ഇടയാക്കിയ യോദ്ധാവും സംഘവും... എല്ലാവരും സ്വന്തം തൊട്ടിയില്‍ കടലിനെ കോരിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നിട്ട്‌ കടല്‍ ക്ഷീണിച്ചോ? ഇല്ലല്ലോ? കൂടുതല്‍ ശക്തമായ തിരകളുമായി ആഞ്ഞടിക്കുകയല്ലേ.

പിന്നെ.. മാലിന്യത്തിന്റെ കാര്യം! അതിപ്പോ... എല്ലാ കടലുകളും മലിനമാകുമ്പോള്‍ ഞങ്ങടെ കടല്‍ മാത്രം മലിനമാവരുതെന്ന് നിങ്ങള്‍ക്കെന്താ ഇത്ര വാശി? ഓരോരോ സാഹചര്യവും അതിന്റെ അനുകൂലനങ്ങളുമല്ലേ കടലിനെ തിരകളുള്ള വിശാലതയായി നില നിര്‍ത്തുന്നത്‌?

ഇപ്പോള്‍.. ചില കുഴികുത്തികള്‍ ഈ കടലിനെ തൊട്ടിയിലാക്കി പുതിയ കടല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്‌ കാണുമ്പോള്‍ ... പുച്ഛമാണ്‌ തോന്നുന്നത്‌. അവര്‍ക്കൊക്കെ എന്തറിയാം ഈ കടലിനെക്കുറിച്ച്‌? ഉര്‍ദ്ദുവിലുള്ള ആ കവിതയില്‍ എന്താണ്‌ പറയുന്നത്‌? തൊട്ടിയിലേക്ക്‌ പകര്‍ന്ന കടലില്‍ തിര ഉണ്ടായില്ല എന്ന്.. അല്ലേ? കടലിലേ തിരയുള്ളൂ, തൊട്ടിയില്‍ തിര ഉയരില്ല. എത്ര മനോഹരമായ കവിത!

സത്യത്തില്‍ നാമെല്ലാം... വിഢ്ഡികളാണ്‌. കടലിനെക്കുറിച്ചുള്ള ഒരു സാമാന്യതത്വം പോലും അറിയാത്ത പമ്പരവിഢ്ഡികള്‍. കടലില്‍ നിന്നുള്ള നീരാവിയാണ്‌ മേഘമായി, മഴയായി വീണ്ടും കടലിനെ... ഭൂമിയെ നിലനിര്‍ത്തുന്നതെന്ന്‌. കടലില്‍ തോണിയിറക്കി, തുഴയേറ്റി, വലവീശി, മുങ്ങാംകുഴിയിട്ട്‌ അടിത്തട്ടിലെത്തി മുത്ത്‌ വാരി തിരിച്ചെത്തിയ കാരണവന്മാര്‍ പറഞ്ഞ അറിവടയാളങ്ങള്‍ മറന്നതിന്റെ കേടാണ്‌ ഈ നമ്മള്‍ ചുമക്കുന്ന അറിവില്ലായ്മയെന്ന്!

ങാ.. പോട്ടെ. കടല്‍ ഇനിയും ബാക്കി. അതില്‍ വിഷം കലരാതെ സൂക്ഷിച്ച്‌ കരയ്ക്കാകെ ചാകര ഉത്സവങ്ങള്‍ സമ്മാനിക്കാന്‍ എവിടെ നല്ല മുക്കുവന്മാര്‍? അതാണ്‌ ഇന്നത്തെ സന്ദേഹം.