Sunday, December 12, 2010

ജലപേടകത്തിലെ മത്സ്യം സ്വപ്നം കാണുന്നു

ഓരോ മത്സ്യത്തിനും അതിന്റെ ജലപേടകമുണ്ട്. നാലതിരുള്ള കണ്ണാടിയിലോ, ഗോളരൂപത്തിലുള്ള സമുദ്രഗർഭത്തിലോ അവ പതിഞ്ഞ ചലനങ്ങളോടെ നിൽക്കുന്നു. പളുങ്കുകണ്ണുകളിൽ സ്വപ്നം നിറച്ച്, പറന്നിളകുന്ന ചിറകിന്റെ പട്ടക്കുറുമ്പുകളിൽ സ്വയമറിയാതെ താണുയർന്ന് ചിത്രകാരന്റെ തൂലികത്തുമ്പിലെന്ന പോലെ.... ജലാന്തർഭാഗത്തും ഉപരിതലത്തിലുമായി ഒരു ഉഭയജീവിതം. അവയ്ക്ക് നിവർന്ന് നീന്താം, നീർക്കുമിളകൾക്കിടയിൽ ഒളിച്ചുകളിക്കാം, ജലോപരിതലത്തിൽ മുഖമുയർത്തി നീലാകാശത്തെ ഉമ്മവയ്ക്കാം.

ഇതെല്ലാം നിങ്ങളുടെ മേശപ്പുറത്തെ വെറും കൌതുകദൃശ്യം മാത്രം. അതിനുമപ്പുറം, താൻ ഒതുങ്ങിക്കൂടിയ ജലപേടകത്തിനു പുറത്തെ സമുദ്രവിശാലതയുടെ ആഴങ്ങളെയും അതിരില്ലായ്മയെയും സ്വപ്നം കാണുക മത്സ്യത്തിന്റെ മൌലികാ‍വകാശമാണ്. ആ സ്വപനത്തിന് മയക്കത്തിന്റെ പോലും അനുകൂലനം ആവശ്യമില്ല. സ്വപ്നങ്ങൾക്ക് സ്വയംനിർണ്ണയാവകാശവുമായി ബന്ധമുള്ളതിനാൽ അവയുടെ വലുപ്പച്ചെറുപ്പങ്ങൾ പ്രസക്തമാണ്. പരൽമീനും മാനത്തുകണ്ണിയും കണമ്പും പ്രാച്ചിയും നെത്തോലിയും സ്വർണ്ണമത്സ്യവും ചെമ്മീനും സാൽമണും ഗപ്പിയും പിരാനയും ഒക്കെയായ ആകൃതിയിൽ ചെറുതായ മത്സ്യങ്ങൾ മാത്രമല്ല, സ്രാവും തിമിംഗലവും ഉൾപ്പെടെയുള്ള ജലധീനായകർ വരെ ഈ സ്വപ്നത്തിന്റെ വിഷയപരിധിയിൽ വരും.

ചില ചെറുതരം മത്സ്യങ്ങൾ അവയുടെ ഒത്തുചേരലുകൾക്ക് അർത്ഥവും വൈകാരികതയും നൽകും. സ്നേഹസൌഹൃദങ്ങൾ ഇഴയാക്കി നൂലുകൾ മെനഞ്ഞ് സ്നിഗ്ദ്ധതയും ഉറപ്പുമുള്ള കയറുണ്ടാക്കും. അക്കരേയിക്കരെ നിൽക്കുന്നവർക്ക് സഞ്ചരിക്കാനായി തൂക്കുപാലങ്ങൾ ആ കയറിന്റെ ബലത്തിൽ ഉറപ്പിക്കപ്പെടും. അതിലൂടെ മാനവികതയുടെ താരുണ്യവും ചിന്തയും സഞ്ചരിക്കും. ആകാശക്കാവൽക്കാരുടെ ഋതുരാഗങ്ങൾ മുഴങ്ങും. മേഘത്തോണികളുടെ ജലോത്സവങ്ങൾ വായ്ത്താരിയണിയും. പാൽ‌പ്പുഴക്കളമൊഴികൾ പെയ്തിറങ്ങും. രസിക്കലും രസിപ്പിക്കലും നാണയപ്പുറങ്ങളായി കിലുങ്ങിച്ചിരിക്കും. പരൽമീനുകളും പ്രാച്ചികളും നെത്തോലികളും മാനത്തുകണ്ണികളുമൊക്കെ അങ്ങനെയുള്ള കൂട്ടരാണ്. ആസ്വാദകസമൂഹത്തിന്റെ മുന്നിൽ കലയുടെ അവതാരകർ മാത്രമായിട്ടല്ല, ജീവകാരുണ്യത്താൽ സമ്പന്നമായ മനസ്സിന്റെ ബഹിർമുഖപ്രവാഹങ്ങളായി മാറുന്ന അവരെ സംബന്ധിച്ച് ചെറുതിന്റെ ചെറുപ്പവും ചേർന്നുനിൽക്കലിന്റെ വലുപ്പവും പ്രധാനമാണ്.

ആഘോഷങ്ങൾക്കായി ചമഞ്ഞൊരുങ്ങി അണിനിരക്കുന്ന വർണ്ണമത്സ്യങ്ങളാവട്ടെ, ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന‘ പരോപകാരികളാവണം! ഓണം കാത്തിരിക്കുന്ന ആഘോഷമാനസരുടെ വിഹാരകേന്ദ്രമാണ് ജലപേടകങ്ങൾ. ഓണത്തെക്കുറിച്ചുള്ള ഭാവനയും ഓർമ്മകൾ തൊങ്ങലിട്ട പുരാവൃത്തവും ആവർത്തനത്തിന്റെ ചെതുമ്പലുകളായി പൊഴിഞ്ഞ് ശ്വാസമ്മുട്ടിക്കുകയാണ് പതിവ്. സെറ്റ്‌സാരിയോ/ഒന്നരയും മുണ്ടുമോ ജൂബയും വേഷ്ടിയുമോ ഉടുത്തൊപ്പിച്ച് ഒരു കൈകൊട്ടിക്കളിയിൽ ഇടം‌വലം കൈവീശി താളത്തിൽ മുന്നേറുന്ന ഓണവൈകാരികത… ജലപേടകത്തിന്റെ സർവകാലവിസ്മയമായി വേണം വിലയിരുത്താൻ. ഈ ആഘോഷക്കൊഴുപ്പിന്റെ നടുനായകരായി സ്വയം വിശേഷിപ്പിച്ച് എഴുന്നെള്ളത്തിനിറങ്ങിയ ഗജവീരൻ മാതിരി, കഴുത്തിൽ പത്ത് പവന്റെ സ്വർണ്ണരുദ്രാക്ഷമുള്ള പുരുഷമത്സ്യത്തെ താണുവണങ്ങാൻ ദേവകുലവും താഴെവരും! ആഹാ… എന്റെ ജലപേടകമേ… ഇത് നിന്റെ അസുലഭ ഭാഗ്യം തന്നെ!

പെണ്മീനുകളുടെ കഥയെടുത്താൽ, ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിലെല്ലാം മനസ്സിടറുന്നവർ മാത്രമല്ല; ജീവിതാസ്വാദനത്തിന്റെ മണിയറപ്പാട്ടുകളിൽ പൊങ്ങച്ചത്താളം ചേർത്ത് തുള്ളിയിളകുന്നവരും ധാരാളമുണ്ട്. ഗൃഹാന്തരീക്ഷത്തിന്റെ തിരശ്ചീനമായ അതിരളവുകളിൽ, യാന്ത്രികതയുടെ സമയവിവരപ്പട്ടികകളിൽ… സ്വയം ഒതുങ്ങിക്കൂടിയ സുഗന്ധവാഹികളായ വെരുകുകളാണ് വലിയൊരു പങ്ക്. എന്തിനും ഏതിനും യന്ത്രസഹായമുള്ള അകത്തളത്തിൽ ഉടലനങ്ങുന്ന പണികളൊന്നും ചെയ്യാനില്ലെന്ന ആശ്വാസം വെറുമൊരു മിഥ്യയുടെ വിളയാട്ടമാണ്. അങ്ങനെ, വയർ നിറയെ തിന്നാതെതന്നെ മേദസ്സുമുറ്റുന്ന രൂപങ്ങളിലേക്ക് പരാവർത്തനം ചെയ്യപ്പെറ്റുന്ന സ്ത്രൈണത മീനുകൾക്ക് തീരെ ചേർന്നതല്ല. ഫിറ്റ്നസ് സെന്ററുകളിലെ അഭ്യാസങ്ങൾക്കു പോലും വിപരീത വികാസത്തെ നിയന്ത്രിക്കാനാവുന്നില്ല. എങ്കിലും, ഉടൽ മുഴുപ്പിന്റെ വൈകൃതങ്ങളെ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങളാണ് ഇത്തരം മീനുകൾക്കും പഥ്യമെന്നത് തമാശ തന്നെ. സ്വർണ്ണച്ചന്തകളിൽ വിഭ്രാന്തി സ്ഫുരിക്കുന്ന കണ്ണുകളുമായി ചഞ്ചലപ്പെട്ട മനസ്സിനെ അടയാളപ്പെടുത്തുന്ന പെണ്മീനുകൾക്കും അവരെ അകമ്പടിസേവിക്കുന്ന ആണ്മീനുകൾക്കും അഴകല്ല, ആസക്തിയുടെ മഞ്ഞളിപ്പാണ് കൂടുതൽ.

സ്രാവുകളെ സംബന്ധിച്ച് പറഞ്ഞാൽ, കുത്തകസ്വഭാവക്കാരും ദയാദാക്ഷിണ്യങ്ങൾ തീരെ കുറഞ്ഞവരുമാണ്. മറ്റെല്ലാ മത്സ്യങ്ങളും ഇതര ജീവികളും തങ്ങളുടെ വ്യാവസായിക അജണ്ടയുടെ കൂട്ടിക്കൊടുപ്പുകാരാവണമെന്നതാണ് അവരുടെ മിനിമം ഡിമാന്റ്. അതിനുപയുക്തമായ സൈദ്ധാന്തിക അധോതലവും പ്രായോഗിക ബലതന്ത്രവും മെനഞ്ഞെടുത്ത കെണികളിൽ ആവോളം ഇരകൾ വന്നുവീഴുന്നത് തീരെ പഴയ സത്യമാണെങ്കിലും, അതിന് പുതിയ ന്യായീകരണങ്ങളും കാലാനുസൃതമായി പുതുക്കപ്പെട്ടിട്ടുണ്ട്. എല്ലാം ചത്തുചീഞ്ഞ് തങ്ങൾക്ക് തീറ്റയും വളവുമാകണമെന്ന കൊതി ഏതുവിധേനയും നടപ്പാക്കിയെടുക്കാനുള്ള കാര്യശേഷിയും ആൾബലവും ഈ സ്രാവ്‌വംശത്തിനുണ്ടെന്നത് വെളിച്ചം പോലെ സത്യം.

രാഷ്ട്രീയ-സാംസ്കാരിക-താരങ്ങളുടെ മുഖമുള്ള മത്സ്യങ്ങൾ ഈ ജലപേടകത്തിലെ വലിയൊരു പങ്കുണ്ടാകും. അവരാണല്ലോ സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവർ! നാട്ടിലെ പൊന്നുതമ്പുരാക്കന്മാരുടെ നൂറുകണക്കിന് അപരന്മാരുണ്ട്…ഈ മരുപ്പച്ചയിലും. മേപ്പടിയാന്മാരുടെ പ്രസ്താവനകളെ വേദവാക്യമാക്കി, വാശിയേറിയ വീരവാദങ്ങളുമായി മത്സ്യങ്ങൾ മുങ്ങാങ്കുഴിയിടുന്നു. മൈക്കലാഞ്ജലോ മുതൽ കെ. ഇ. എൻ. വരെയുള്ള പ്രതിഭകൾക്ക് ചേരുംവിധം ബാഹ്യരൂപങ്ങളിൽ, മുഖഭാവങ്ങളിൽ അമരത്വം നേടിയ കലകോവിദന്മാർ ഈ ജലപേടകത്തിൽ നിറഞ്ഞുകവിയുകയാണ്. കാമ്പും കഴമ്പുമില്ലാത്ത കയ്യിലിരിപ്പാണ് പലരുടെയും അനുഭവസ്വത്തെങ്കിലും, ഉപജാപകവൃന്ദങ്ങളുടെ വാദ്യവൃന്ദഘോഷങ്ങൾക്കിടയിൽ തളർന്നുവീഴാതെ പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിയുന്നു എന്ന വാസ്തവം വ്യാഖ്യാനം അർഹിക്കുന്ന ഒരു പ്രതിഭാവിലാസമായി കരുതാം.

ഇതെല്ലം കണ്ടുകണ്ട് കൺനിറച്ച്, ഉള്ളിൽ ഊറിയൂറിച്ചിരിച്ച്, ഈ ആഗോള ജലപേടക പ്രദർശനശാലയിലൂടെ നടക്കുമ്പോൾ തോന്നിപ്പോകാറുണ്ട്… ജീവജലം മാത്രമല്ല, പ്രാണവായു പോലും അളന്നുതൂക്കി വിതരണം ചെയ്യപ്പെടാനിടയുള്ള ഒരു ഭാവികാലത്ത് നമ്മുടെ സമുദ്രങ്ങൾ പോലും വറ്റിപ്പോകുമോ… എന്ന്! സമുദ്രം നഷ്ടപ്പെട്ട മത്സ്യത്തിന്റെ പിടച്ചിൽ എത്രമേൽ പരിതാപകരമാണെന്ന് അതിനെ ഭക്ഷിക്കുന്നവർ ചിന്തിക്കാറില്ല. ഈ ജലപേടകത്തിലെ മത്സ്യങ്ങൾ, ‘പ്രവാസി’കളെന്ന് വിവക്ഷിക്കപ്പെടുന്ന നമ്മൾ തന്നെയാണെന്ന് ഇപ്പോഴും തിരിച്ചറിയപ്പെട്ടിട്ടില്ല. ആ തിരിച്ചറിവുണ്ടാകുമ്പോൾ മാത്രമേ നമ്മൾക്ക് ബോധ്യപ്പെടുകയുള്ളു, ജീവജലത്തിന്റെയും പ്രാണവായുവിന്റെയും പ്രകൃതിയുടെയും സർവ്വോപരി സ്വപ്നത്തിന്റെയും മൂല്യം.

***

Sunday, March 29, 2009

ജയ്‌ ഭാരതാംബ...

"ചെക്കന്‍ എന്റെയാ
അവന്‍ മിടുക്കനാ.
ഇത്തവണ ജയിച്ചില്ലേല്‍
പണ്ഡിറ്റുമാരുടെ പരമ്പരയാകാന്‍
വേറെ ചെലവന്മാര്‍ ചെരുപ്പിടും.

അവന്റെ അപ്പനെ അറിയുമല്ലോ?
ആള്‍ കിടിലനല്ലാരുന്നോ?
വെട്ടൊന്ന്.... തുണ്ട്‌ രണ്ട്‌.
കൈയായാലും തലയായാലും
ജനനനിയന്ത്രണവിദ്യയായാലും
കക്ഷിക്ക്‌ തുല്യമായിരുന്നു!
ഗ്ലൈഡറും ബുള്‍ഡൊസറും
ഒരു വീക്നെസ്സായിരുന്നല്ലോ?

ചേരിചേരായ്മയില്‍ പ്രതിഷേധിച്ച്‌
അതിയാനൊന്ന് ചൊമച്ചതിനെടേല്‌...
ബുള്‍ഡോസറിന്റെ ചക്രത്തിനെടേന്ന്
വാരിയെല്ലുകള്‍ എണ്ണിപ്പെറുക്കാന്‍
ബാക്കിയില്ലായിരുന്നെന്നത്‌ വേറെ കാര്യം!
അല്ലെങ്കില്‍...
ചേരി ചേരാതിരുന്നാല്‍
നാടാകെ ചേരിയാവില്ലേ?

എന്റെ പൊന്നുമോന്‍
എന്ത്‌ സനാതനം പറഞ്ഞെന്നാ?
ഒരു സമുദായക്കാര്‌ മുഴുവന്‍
ഭീകരന്മാരാന്നോ... ശത്രുക്കാളാന്നോ...!
അവരെയെല്ലാം ഞങ്ങടെ ദേവപുഷ്പം
തൂങ്ങിനില്‍ക്കുന്ന തണ്ടുകൊണ്ട്‌
കഴുത്തു ഞെരിച്ച്‌ കൊല്ലണമെന്നോ...!

അയ്യയ്യേ....
അങ്ങനല്ല അവന്‍ പറഞ്ഞെ!
പൂനൂലുകൊണ്ട്‌ ദേശീയത ബന്ധിച്ച്‌
ആ പിതൃശൂന്യന്മാരെടെ ആസനത്തില്‍ .....
ബ്രഹ്മോസ്‌ മിസൈല്‍ ഫിറ്റ്‌ ചെയ്ത്‌
ആകാശത്തേക്കയക്ക്‌ കൊളുത്തിവിടണമെന്നോ?

എന്റെ കുഞ്ഞ്‌ എത്ര പാവം?
അവനെ ആ അയല്‍പക്ക ചാരന്മാര്‌
കൊല്ലാക്കൊല ചെയ്യാതിരുന്നാ മതിയാരുന്നു.
അവനെ തൊട്ടാല്‍ പോലീസിനും പൊള്ളും.
പണ്ട്‌ പോലീസിനേം പട്ടാളത്തേം
വെറപ്പിച്ച രാജകുമാരന്റെ
പിങ്ങാമിയോടാ അവമ്മാരെടെ കളി.

സമാധാന സഞ്ചലനത്തിനു വന്ന
വെറും അരലക്ഷം പ്രക്ഷോഭകരെ
വെടിവയ്ക്കാന്‍ മുസ്ലീം പോലീസുകാര്‍!
പിന്നല്ലാതെ...
ഹിന്ദുപ്പോലീസ്‌ അങ്ങനെ ചെയ്യുവോ?

ഓഹ്‌... സംസാരിച്ചിരുന്നതറിഞ്ഞില്ല
എന്റെ പപ്പി വെശന്ന് കരയുന്നത്‌ കേട്ടില്ലേ?
പാവം...
അതിന്‌ മാമും കൊടുത്ത്‌
പാടിയൊറക്കീട്ട്‌ ഇപ്പോ വരാം..."

000

Sunday, March 01, 2009

കടല്‍, തൊട്ടി, തിര, കപ്പല്‍ച്ചേതം - ചില പ്രത്യയശാസ്ത്രവിശകലനങ്ങള്‍

പാരമ്പര്യമായിത്തന്നെ ഞങ്ങളുടെ തറവാട്‌ കടലുമായും തൊട്ടിയുമായും ബന്ധപ്പെട്ട്‌ കവിതകളെഴുതിയ അരയന്മാരുടെ വകയാണ്‌. ഉറുദു ഭാഷയില്‍ ഞങ്ങള്‍ക്കുള്ള പൊക്കിള്‍ക്കൊടിബന്ധം അറിയണമെങ്കില്‍ 'വിപ്ലവം ജയിക്കട്ടെ' എന്നതിന്റെ പരിഭാഷ നോക്കിയാല്‍ മതി.സത്യത്തില്‍ അതാണല്ലോ ഞങ്ങള്‍ ലക്ഷ്യമാക്കിയ നയപരിപാടി.

പണ്ടത്തെ കാര്‍ണോന്മാര്‍ അതൊക്കെ പറഞ്ഞപ്പോള്‍ ആ ചിന്തകളില്‍ മനസ്സുണ്ടായിരുന്നു, സമര്‍പ്പണമുണ്ടായിരുന്നു, തേങ്ങാക്കൊലയായിരുന്നു എന്നൊക്കെ ഇപ്പോള്‍ നിങ്ങള്‍ വേണമെങ്കില്‍ എഴുതിപ്പിടിപ്പിക്കും! അന്നത്തെ വന്ദ്യവയോധികതയിലും യൗവനം തുടിച്ചിരുന്ന അവരെക്കാള്‍ എന്തുകൊണ്ടും മികച്ചവരാണ്‌ ഞങ്ങള്‍ ഇപ്പോഴത്തെ നേതൃപുംഗവന്മാരെന്ന്‌ ആര്‍ക്കാണറിയാത്തത്‌?!

അവര്‍ തലകുത്തിനിന്നിട്ട്‌ സാധിക്കാത്ത കാര്യമല്ലേ ഇപ്പോള്‍ ഞങ്ങള്‍ നേടിയിരിക്കുന്നത്‌? സംശയമുണ്ടെങ്കില്‍ സ്വാധീനമേഖല, സാമ്പത്തികമേഖല,ജനകീയപിന്തുണാമേഖല, സ്വര്‍ഗ്ഗീയസൗഖ്യമേഖല ഇങ്ങനെ ഓരോ രംഗവും നോക്കിക്കോളൂ. എന്തെങ്കിലും പ്രസ്താവിക്കാന്‍ നിങ്ങള്‍ക്ക്‌ നാവിറങ്ങിപ്പോകും.

കടല്‍, തൊട്ടി, തിര, കപ്പല്‍ച്ചേതം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യയശാസ്ത്രവിശകലനങ്ങളെക്കുറിച്ചാണല്ലോ സംസാരിച്ച്‌ തുടങ്ങിയത്‌? 1964-ല്‍ ഒടക്ക്‌ വച്ച്‌ കൊറേ തൊട്ടിയും വെള്ളവും ഞങ്ങള്‍ സ്വന്തമാക്കി. ജനകീയ കൂടോത്രം ആയിരത്തൊന്ന് കുഴിച്ചിട്ട്‌ തറവാടിന്‌ ബര്‍മ്മ വച്ചു. അന്ന് ഞ്ങ്ങളുടെ തൊട്ടിയില്‍ അനങ്ങാതിരുന്ന വെള്ളത്തില്‍ സമുദ്രത്തെ ആവാഹിച്ച്‌ ലയിപ്പിച്ചു. ഉടവാളും വിളക്കുമായി കാവലിരുന്ന കടല്‍ക്കിഴവന്മാരെ തൊഴിച്ച്‌ ഒരു വശത്താക്കി. അമ്മാവന്മാരും അണ്ണന്മാരും ഗുരുക്കന്മാരും അങ്ങനെ ഞങ്ങള്‍ക്ക്‌ ചതുര്‍ഥിയായി. വേറെ കെട്ടിടവും വസ്തുവഹയും സൈന്യവും ക്രമീകരിച്ച്‌ കടലില്‍ ഞങ്ങള്‍ അവകാശം സ്ഥാപിച്ചു.

പിന്നെ എക്കാലവും കൊറെ ആള്‍ക്കാര്‌ കാലാകാലം തൊട്ടിയില്‍ കടല്‍വെള്ളം പകുത്തെടുത്ത്‌ പിണങ്ങിപ്പോവുക എന്ന ഞങ്ങളുടെ പാരമ്പര്യത്തൊഴില്‍ ചെയ്തുകൊണ്ടേയിരുന്നു. 'വസന്തത്തിന്റെ ഇടിമുഴക്കം' അങ്ങനെയൊരെണ്ണമായിരുന്നു. അവിടെയും തീര്‍ന്നില്ല ആ ജ്വരത്തിന്റെ ആവര്‍ത്തനം. കൊലമരത്തീന്ന് രക്ഷപ്പെട്ട കേപ്പീയാര്‍ മൂപ്പീന്നും തൊട്ടിയില്‍ വെള്ളം നിറച്ച്‌ പടിയിറങ്ങി. അതിനു പുറകേ പല വില്ലാളികളും... ഒടുവില്‍ മാടായിക്കാരന്‍ കളരിഗുരുക്കളും, ആലപ്പുഴക്കാരി ഉണ്ണിയാര്‍ച്ചയും, കൊച്ചീല്‍ ചൊറിയാന്‍ ഇടയാക്കിയ യോദ്ധാവും സംഘവും... എല്ലാവരും സ്വന്തം തൊട്ടിയില്‍ കടലിനെ കോരിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നിട്ട്‌ കടല്‍ ക്ഷീണിച്ചോ? ഇല്ലല്ലോ? കൂടുതല്‍ ശക്തമായ തിരകളുമായി ആഞ്ഞടിക്കുകയല്ലേ.

പിന്നെ.. മാലിന്യത്തിന്റെ കാര്യം! അതിപ്പോ... എല്ലാ കടലുകളും മലിനമാകുമ്പോള്‍ ഞങ്ങടെ കടല്‍ മാത്രം മലിനമാവരുതെന്ന് നിങ്ങള്‍ക്കെന്താ ഇത്ര വാശി? ഓരോരോ സാഹചര്യവും അതിന്റെ അനുകൂലനങ്ങളുമല്ലേ കടലിനെ തിരകളുള്ള വിശാലതയായി നില നിര്‍ത്തുന്നത്‌?

ഇപ്പോള്‍.. ചില കുഴികുത്തികള്‍ ഈ കടലിനെ തൊട്ടിയിലാക്കി പുതിയ കടല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്‌ കാണുമ്പോള്‍ ... പുച്ഛമാണ്‌ തോന്നുന്നത്‌. അവര്‍ക്കൊക്കെ എന്തറിയാം ഈ കടലിനെക്കുറിച്ച്‌? ഉര്‍ദ്ദുവിലുള്ള ആ കവിതയില്‍ എന്താണ്‌ പറയുന്നത്‌? തൊട്ടിയിലേക്ക്‌ പകര്‍ന്ന കടലില്‍ തിര ഉണ്ടായില്ല എന്ന്.. അല്ലേ? കടലിലേ തിരയുള്ളൂ, തൊട്ടിയില്‍ തിര ഉയരില്ല. എത്ര മനോഹരമായ കവിത!

സത്യത്തില്‍ നാമെല്ലാം... വിഢ്ഡികളാണ്‌. കടലിനെക്കുറിച്ചുള്ള ഒരു സാമാന്യതത്വം പോലും അറിയാത്ത പമ്പരവിഢ്ഡികള്‍. കടലില്‍ നിന്നുള്ള നീരാവിയാണ്‌ മേഘമായി, മഴയായി വീണ്ടും കടലിനെ... ഭൂമിയെ നിലനിര്‍ത്തുന്നതെന്ന്‌. കടലില്‍ തോണിയിറക്കി, തുഴയേറ്റി, വലവീശി, മുങ്ങാംകുഴിയിട്ട്‌ അടിത്തട്ടിലെത്തി മുത്ത്‌ വാരി തിരിച്ചെത്തിയ കാരണവന്മാര്‍ പറഞ്ഞ അറിവടയാളങ്ങള്‍ മറന്നതിന്റെ കേടാണ്‌ ഈ നമ്മള്‍ ചുമക്കുന്ന അറിവില്ലായ്മയെന്ന്!

ങാ.. പോട്ടെ. കടല്‍ ഇനിയും ബാക്കി. അതില്‍ വിഷം കലരാതെ സൂക്ഷിച്ച്‌ കരയ്ക്കാകെ ചാകര ഉത്സവങ്ങള്‍ സമ്മാനിക്കാന്‍ എവിടെ നല്ല മുക്കുവന്മാര്‍? അതാണ്‌ ഇന്നത്തെ സന്ദേഹം.