Thursday, October 19, 2006

സ്വര്‍ണ്ണത്തളികയില്‍ ഒരു ശിരസ്സ്‌ (കഥ)

'സ്വര്‍ണ്ണത്തളികയില്‍ ഒരു ശിരസ്സ്‌.' ശലോമി കൊഞ്ചിക്കുഴഞ്ഞു.

'കേവലമൊരു ശിരസ്സോ? മുത്തും പവിഴവും രത്നമാലകളും ചോദിക്കൂ മകളേ' ഹേറോദേസ്‌ ചിരിച്ചു.

'പോരാ രാജോവേ. എനിക്കയാളുടെ ശിരസ്സുതന്നെ വേണം. അതിനുവേണ്ടി മാത്രമാണ്‌ ഞാന്‍ അസാധാരണമാംവിധമുള്ള എന്റെ ലാസ്യം ഇന്നിവിടെ അങ്ങേയ്ക്കുവേണ്ടി ചെയ്തത്‌.'

'എന്നാലും മകളേ.. പിശാചിന്റെ ആത്മാവുകുടിയവനെങ്കിലും, അയാളെ പ്രജകള്‍ ഒരു പ്രവാചകനായി കാണുന്നുണ്ട്‌. ആയതിനാല്‍ അവന്റെ ശിരച്ഛേദം നാം ഇച്ഛിക്കുന്നില്ല.'

'സിംഹാസനത്തിലിരിക്കുന്ന താങ്കളും പ്രജകളുടെ മൂഢതയിലേക്ക്‌ വീണുപോവുകയോ? ആരാണയാള്‍? പരിഷ്കാരമോ സംസ്കാരമോ തൊട്ടുതീണ്ടാത്ത വെറുമൊരു നാടുതെണ്ടി. കലാപമുണ്ടാക്കാനായി ചെറുപ്പക്കാരെ ഇളക്കിവിടുന്ന രാജ്യദ്രോഹി.'

'എങ്കിലും അയാള്‍ സ്നാപകനായിരുന്നു. അനേകം പ്രജകള്‍ ഇപ്പോഴും അയാളെ വിശ്വസിക്കുന്നു. ജനരോഷം അധികാരത്തെ തെറിപ്പിച്ചേക്കാം മകളേ..'

'ഒട്ടകത്തോല്‍ പുതച്ചും വെട്ടുക്കിളിയെ തിന്നും കാട്ടുതേന്‍ കുടിച്ചും ഭ്രാന്തനായി നടക്കുന്ന അവനെ താങ്കളും അംഗീകരിക്കുമെങ്കില്‍ ഹാ കഷ്ടം. എന്റെ ആവശ്യം ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു. താങ്കളുടെ വാഗ്‌ദത്തം ശൂന്യമായ ഒരു പദമാണെന്ന്‌ ഞാന്‍ കരുതിക്കൊള്ളാം' ശലോമി ചിലങ്ക കിലുക്കി, അരക്കെട്ട്‌ കുലുക്കി തിരിഞ്ഞു നടന്നു.

രാജാവിന്റെ കരള്‍ കിടുങ്ങി. ഹേറോദിയയുടെ അഴകില്‍ മത്തുപിടിച്ച വെറുമൊരു വണ്ടാണ്‌ താന്‍. അവളില്ലാതെ തന്റെ കിടപ്പറ തണുക്കുകയില്ല. ആരുടെയൊക്കെ അനിഷ്ടമുണ്ടായാലും തന്നിലെ ആണിന്‌ അവളിലെ പെണ്ണിനെ വേണം. അതിന്‌ ശലോമിയുടെ മൗനവും ഒരാവശ്യമാണ്‌.

സേനാധിപന്‍ അടുത്തുവന്നു. അയാള്‍ ശബ്ദമൊതുക്കി പറഞ്ഞു.
'പ്രഭോ ആ കലാപകാരികളുടെ നേതാവിനെ വധിക്കുന്നതില്‍ തെറ്റൊന്നുമില്ല. അങ്ങയുടെ വഴി എളുപ്പമാക്കാന്‍ ആ യുവതിയുടെ ആഗ്രഹസാഫല്യം അത്യാവശ്യമാണ്‌. യോഹന്നാന്റെ ശിരസ്സിനെക്കാള്‍ വിലപ്പെട്ട ഒരു സമ്മാനം വേറെന്താണ്‌?. ബുദ്ധിമതിയായ ശലോമിയെ അങ്ങയുടെ ഉപദേഷ്ടാവാക്കുന്നതില്‍പ്പോലും ഞാന്‍ തെറ്റുകാണുന്നില്ല.'

'അപ്പോള്‍? നമ്മോട്‌ ആ യോഹന്നാന്‍ ചെയ്തതിനെക്കാള്‍ വലിയ തെറ്റല്ലേ നാം ചെയ്യുക..?'
'
അങ്ങയുടെ സന്ദേഹം എെ‍' ചിരിപ്പിക്കുമെന്ന്‌ തോന്നുന്നു. നോക്കൂ പ്രഭോ? അയാളുടെ ചിന്തകള്‍ക്ക്‌ ഇപ്പോള്‍ അന്ത്യമായില്ലെങ്കില്‍, ഈ സിംഹാസനത്തെ അത്‌ ചുട്ടെരിക്കുമെന്ന്‌ ഞാന്‍ സന്ദേഹിക്കുന്നു.'

'ശരി? യുക്തമായത്‌ ചെയ്യാന്‍ നിങ്ങളെ അനുവദിച്ചിരിക്കുന്നു. ശലോമിയുടെ മോഹം നടക്കട്ടെ.' രാജാവ്‌ വിമ്മിട്ടത്തോടെ പറഞ്ഞു.

അന്തപ്പുരത്തിലെ കാറ്റാടിയന്ത്രത്തിനുകീഴില്‍ അമ്മയും മകളും അസ്വസ്ഥരായിരിക്കുമ്പോള്‍ സൈനികര്‍ അനുവാദം ചോദിച്ച്‌ അകത്തുവന്നു. അവരുടെ കൈയിലെ സ്വര്‍ണ്ണത്തളികയില്‍ ഒരു പൂച്ചെണ്ടു്‌ പോലെ ആ ശിരസ്സ്‌ കാണപ്പെട്ടു. രക്തം ഉറന്നൊഴുകി താലത്തില്‍ നിറയുകയായിരുന്നു.
ചുടുരക്തത്തിന്റെ ഉപ്പുമണം ശലോമിയെ ഉന്മത്തയാക്കി.

'രാജാവ്‌ വാക്കുപാലിച്ചു. ഞാനും. ഈ സമ്മാനം അമ്മയ്ക്കുള്ളതാണ്‌.' ശലോമി തുള്ളിയിളകിക്കൊണ്ട്‌ പറഞ്ഞു.

'അമ്മയുടെ വഴിയില്‍ ഇനി ശത്രുക്കളില്ല. ഇതില്‍ക്കൂടുതല്‍ ഒരു മകള്‍ എന്താണ്‌ ചെയ്തുതരേണ്ടത്‌? പറയൂ!'

'ഓ? എന്റെ ഓമനേ, നീ മിടുക്കി തന്നെ. നൃത്തത്തില്‍ മാത്രമല്ല, നയതന്ത്രത്തിലും. നിന്നെ റോമാ സാമ്രാജ്യത്തിലേക്കുള്ള സ്ഥാനപതിയാക്കാനായി ഞാന്‍ രാജാവിനോട്‌ പറയട്ടെയോ..?' ആഹ്ലാദം മറച്ചുവെയ്ക്കാന്‍ ഹേറോദിയയ്ക്ക്‌ കഴിഞ്ഞില്ല.

'ഓ.. ഈ അമ്മയുടെ കളിതമാശ. ഞാന്‍ ശാരോണിലെ ഉദ്യാനത്തിലേക്ക്‌ പോകുന്നു. അവിടെ ഒരുവന്‍ എന്നെ കാത്തിരിപ്പുണ്ട്‌. ഇനി അമ്മ ഈ സമ്മാനം ആവോളം കണ്ടുരസിക്കുക..' ശലോമി പിന്‍വാങ്ങി.

ഹേറോദിയയുടെ കണ്ണുകള്‍ സൈപ്രസ്സില്‍ നിന്നെത്തിയ സ്ട്രോബറിപ്പഴം പോലെ ചുവന്നു. സിരകളിലുടനീലം മുന്തിരിവീഞ്ഞിന്റെ മദമൊഴുകി. അലസവും വികൃതവുമായ ചുവടുകളാല്‍ അവള്‍ നിവര്‍ന്നുനിന്നു. പഴത്തളികയില്‍നിന്ന്‌ വെട്ടിത്തിളങ്ങുന്ന കത്തിയെടുത്ത്‌, മുന്നിലെ വികൃതശിരസ്സിന്റെ അടയാത്ത കണ്ണുകളുടെ അസ്തമിക്കാത്ത തീക്ഷ്ണതയ്ക്കുമുന്നില്‍ വന്നു നിന്നു.

'നികൃഷ്ടനായ നാടുതെണ്ടീ? മരിച്ചിട്ടും നിന്റെ കണ്ണുകള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നു. നിന്നെ എന്റെ അടുപ്പില്‍ എരിയിച്ച്‌, ആ ചാരം ഞാന്‍ ഒലീവുതോട്ടത്തില്‍ വിതറും. എല്ലാ കൃമികളും ചെടികളും നിന്നെ രുചിക്കട്ടെ. ഹ.. ഹ.. ഹ..'

കത്തിചുഴറ്റി, ചില മാദകച്ചുവടകള്‍വെച്ച്‌, അവള്‍ ഒരു ഗിരിശിഖരം പോലെ നിന്നു. പിന്നെ മേഘം മാറി ആകാശം തെളിയുമ്പോലെ എന്നു സങ്കല്‍പ്പിച്ചുകൊണ്ട്‌, തന്റെ ഉടുവസ്ത്രം അരയ്ക്കു മുകളിലേക്ക്‌ തെറുത്തുകയറ്റി അംഗവിക്ഷേപങ്ങളോടെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

യെരുശലേം ദേവാലയത്തിന്റെ അങ്കണത്തില്‍ മുഴങ്ങിയ ചാട്ടവാറിന്റെ ചൂളംവിളി കൊട്ടാരത്തിനു പുറത്തെ കാറ്റില്‍ കാട്ടുതീയൂതി.

000

8 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'നികൃഷ്ടനായ നാടുതെണ്ടീ? മരിച്ചിട്ടും നിന്റെ കണ്ണുകള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നു. നിന്നെ എന്റെ അടുപ്പില്‍ എരിയിച്ച്‌, ആ ചാരം ഞാന്‍ ഒലീവുതോട്ടത്തില്‍ വിതറും.' (കഥ)

Anonymous said...

ശലോമിയുടെ ‘ചിന്തിപ്പിക്കുന്ന‘ കഥ നന്നായിരിക്കുന്നു. പെണ്ണൊരുമ്പെട്ടാ‍ല്‍.....!.

വേണു venu said...

മൈനാഗന്‍,
ഒരുമ്പെട്ട ചരിത്ര ശകലം ഇഷ്ടപ്പെട്ടു.
പറഞ്ഞുഫലിപ്പിക്കാനുള്ള ഭാഷയും.ആശംസകള്‍.

ദേവന്‍ said...

എഴുത്തു നന്നായി നാഗാ.
സക്കറിയയുടെ "ആര്‍ക്കറിയാം" ഒക്കെ ഇരിക്കുന്നതിനോട്‌ അടുത്ത തലങ്ങളില്‍ ഇത്‌.

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു മൈനാഗാ..ശൈലിയും ഭാഷയും ആവിഷ്കാരവും...
അഭിനന്ദനങ്ങള്‍,ആശംസകള്‍...

കാളിയമ്പി said...

..ങ്ങളൊരു പുലി തന്നപ്പാ...
വാക്കുകള്‍ക്കിടയിലൊരു ഫ്രോയിഡ്...
നല്ല കൈയ്യടക്കം തന്നെ..

സമ്മത് കര്‍നാ ഭായീ..സമ്മത് കര്‍നാ

Aravishiva said...

പെണ്ണൊരുമ്പെട്ടാല്‍...ശൈലി പ്രത്യോകിച്ചുമിഷ്ടമായി...

ദിവാസ്വപ്നം said...

vow, that was a good story.


like your narrating style.