Tuesday, October 10, 2006

"കാകദൃഷ്ടി" അഥവ "ചരിത്രത്തിന്റെ കന്നംതിരിവുകള്‍"

അയാള്‍ അവളുടെ ഭര്‍ത്താവെന്നതിലുപരി ഒരു കുടുംബനാഥനാകുന്നു. വായ്‌പ്പുണ്ണുമായി ആലിന്‍കായ്‌കള്‍ പഴുക്കാന്‍ കാത്തിരിക്കുന്ന ഒരു കാക്കയും അയാളാകുന്നു. അതിന്റെ തുലനമില്ലാത്ത കണ്ണുകളിലൂടെ ലോകം ചാഞ്ഞും ചരിഞ്ഞും കറങ്ങുന്നു. അതുകൊണ്ടുതന്നെ, ആ ഒറ്റക്കണ്ണന്‍ കാക്കയുടെ വീക്ഷണത്തിലും വിലയിരുത്തലിലും പ്രപഞ്ചത്തെ സംബന്ധിച്ച യാതൊന്നും ഒരിക്കലും ശരിയാകുന്നില്ലെന്ന പരാതി അന്നുമുതല്‍ ഇന്നുവരെയും തുടരുന്നു. അത്‌, കൂടും കുടുംബവും വിട്ട്‌, പെണ്ണിനെയും മണ്ണിനെയും താല്‍ക്കാലികമായി ഉപേക്ഷിച്ച്‌ അയാള്‍ ചേക്കേറിയിരിക്കുന്ന അറേബ്യന്‍ നിഴല്‍മരത്തിന്റെ കൊടും തണുപ്പിലും കൊല്ലുന്ന ചൂടിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാവാം ജീവിതത്തെ അയാള്‍ വല്ലാത്ത രോഷത്തോടെ തിരിഞ്ഞുനോക്കുന്നത്‌.

മേല്‍പ്പറഞ്ഞ ഒറ്റക്കണ്ണന്‍ കാക്കയുടെ കാര്യത്തില്‍ അയാള്‍ക്ക്‌ ചില അഭിമതങ്ങളും വിയോജിപ്പുകളുമുണ്ട്‌. അത്‌ ഇന്നുവരെയുള്ള ചരിത്രത്തിന്റെ തനിപ്പകര്‍പ്പാണത്രേ. ആ കരിങ്കാക്കയുടെ പക്ഷപാതങ്ങളും സത്യനിഷേധങ്ങളും മാത്രമല്ല, നുണക്കഥകളുടെ പുരാണവത്ക്കരണവുമെല്ലാം അയാളെ ചൊടിപ്പിക്കുന്നവയാണ്‌.

"ശരിതെറ്റുകളുടെയും അത്യുക്തികളുടെയും ഗുണനഫലമാണ്‌ ചരിത്രം. സത്യത്തെക്കാള്‍ താല്‍പ്പര്യങ്ങള്‍ക്കാണ്‌ അതില്‍ പ്രാധാന്യം." എന്നൊരു നിര്‍വ്വചനം കലാലയത്തിലെ ദാര്‍ശനികഗ്രീഷ്മങ്ങളിലൊന്നില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ കുറിച്ചുകൊടുത്തത്‌ ഇന്നയാള്‍ മറന്നിരിക്കുന്നു."ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ്‌ വരും" - ശീലമായിക്കഴിഞ്ഞാല്‍ ഇരുളും മെല്ലെ വെളിച്ചമായി തോന്നാം, എന്ന്‌ ഏതോ കവി ജല്‌പിച്ചതുപോലെ, ഇതൊക്കെ തന്റെ വിലയിരുത്തലിന്റെ പ്രശ്നങ്ങളാവാം എന്നുകരുതി ചരിത്രത്തിന്റെ കന്നംതിരിവുകളെ അയാള്‍ ഇത്രനാളും സഹിച്ചും ക്ഷമിച്ചും പോരുകയായിരുന്നു.

ഈ പ്രശ്നത്തിനു സമാന്തരമായിട്ടാണ്‌ അയാളുടെ ജീവിതവീക്ഷണങ്ങളുടെ അസ്ഥിവാരം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്‌. അതായത്‌, സ്വന്തം വിശ്വാസം, താല്‍പ്പര്യം, പരിഗണന എന്നിങ്ങനെയുള്ള പൊതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ ഓരോ കാലഘട്ടങ്ങളിലെയും തീരുമാനങ്ങളില്‍ സത്യസന്ധമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌. അവ പലതും പിന്നീട്‌ 'ബൂമറാങ്ങു'കളായി തിരിച്ചെത്തി ഇടനെഞ്ചില്‍ കടുത്ത ആഘാതമായി മാറിയിട്ടുണ്ട്‌. അപ്പോള്‍ മാത്രമാണ്‌ ഒരു തീരുമാനം ബൂമറാങ്ങായി മാറുന്നതിലെ അനൗചിത്യം അയാള്‍ക്ക്‌ പിടികിട്ടുന്നത്‌. അതൊരു നേര്‍ത്ത ബിന്ദുവിലേക്ക്‌ കൂര്‍ത്ത ലക്ഷ്യത്തോടെ പായിക്കപ്പെടുന ശരമാകേണ്ടിയിരുന്നതായി അയാള്‍ പിന്നീട്‌ തിരിച്ചറിയുമ്പോഴാകട്ടെ, ലക്ഷ്യം അദൃശ്യവും ശരം കൈത്തുമ്പിന്‌ അപ്രാപ്യവുമായി മാറിക്കഴിഞ്ഞു.

ഈ കണ്ടെത്തല്‍ അയാളുടെ ജിവിതത്തിന്റെ താത്വികമായ ഒരു പരിച്ഛേദമാണെന്ന്‌ പറയാം. അങ്ങനെ, ഇടവേളകളില്ലാത്ത തിരക്കുകളില്‍ സ്വയം ഊളിയിടുമ്പോഴും അയാളുടെയുള്ളില്‍ അകാരണമായ ചില ഭീതികള്‍ കാക്കക്കണ്ണായി തുറന്നിരുന്നു. വിഭ്രാന്തമായ കാഴ്ചകള്‍ ആവേശിക്കുന്ന ഒറ്റക്കണ്ണ്‌. അത്‌ നെറുകയിലെ മൂന്നാംകണ്ണായി സംഹാരശേഷി പ്രകടിപ്പിക്കുകയോ, അതിലൂടെ ലോകക്രമം നേര്‍വരയിലേക്ക്‌ വഴിമാറുകയോ ചെയ്തില്ല. പകരം, സ്വതവേ കുഴിഞ്ഞ കണ്ണുകളുടെ പീലിത്തണലുകളില്‍ കാക്കനഖങ്ങള്‍ താഴ്‌ന്നമരുകയും കരിനീലിച്ച അടയാളങ്ങള്‍ വലക്കണ്ണികളായി തെളിയുകയും ചെയ്തു. ഇടയ്ക്കൊക്കെ ഭീതിയുടെ ഭൈരവീമുഖങ്ങള്‍ അയാളെ ഒറ്റപ്പെടുത്തി വേട്ടയാടുകയായി.

അത്‌, കൊടും ചൂടിന്റെ ജുലൈ ഓഗസ്റ്റ്‌ മാസങ്ങളാണെങ്കില്‍ം മുറിപുട്ടി പുറത്തിറങ്ങി ധൃതിയില്‍ റോഡരികിലെ തണല്‍പറ്റി നടക്കുമ്പോഴാവും ഒരു മഴപ്പുള്ളിന്റെ നേരിയ ചൂളം കേള്‍ക്കുന്നത്‌. അത്‌ മനസ്സിലെ ഉണങ്ങിയ ചില്ലകളിലേക്ക്‌ ഒരു മഴച്ചാറ്റലായി വീഴുകയാണ്‌. ശിഖരങ്ങള്‍ തളിര്‍ത്തുലയുന്ന ഋതുവിന്റെ വിലാസനൃത്തം അതോടെ അരങ്ങേറുകയായി. പെട്ടെന്ന്‌, അയാളൊരു പിതാവായി മഴയിലേക്കിറങ്ങുന്നു.

'തുള്ളിക്കൊരുകുടം' മഴയത്ത്‌ പള്ളിക്കൂടത്തില്‍നിന്ന്‌ തിരിച്ചെത്താന്‍ വൈകിയ മകനെ തിരഞ്ഞുപോയതായിരുന്നു. വഴിയോരത്തെ ഒരു മുറുക്കാന്‍കടയുടെ താഴ്ത്തിവച്ച ഓലച്ചെറ്റയ്ക്കു കീഴില്‍ പുസ്തകസഞ്ചിയും നെഞ്ചോടുചേര്‍ത്ത്‌ അവന്‍ നില്‍പ്പുണ്ടായിരുന്നു. തോരാത്ത മഴയുടെ കുസൃതികള്‍ തനിക്ക്‌ 'കൂട്ടുകാരുമായിച്ചേര്‍ന്ന്‌ പൂര്‍ത്തിയാക്കാനുള്ള ക്രിക്കറ്റ്‌ മേച്ചിനെ തടയുകയാണല്ലോ' എന്ന വിരക്‌തി അവന്റെ മുഖത്തുണ്ടായിരുന്നു.

കുടയുമായി അയാളെ കണ്ടപ്പോള്‍ മകന്‌ സന്തോഷമായി. വഴിയിലിറങ്ങി, മകന്‍ മഴ നനയാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട്‌ അയാള്‍ കുട ഒതുക്കിപ്പിടിച്ച്‌ ഒപ്പം നടന്നെങ്കിലും കാറ്റിന്റെ ശക്തികൊണ്ട്‌ കുട ചാഞ്ചാടാന്‍ തുടങ്ങി.

അപ്പോള്‍ മകന്‍ പറഞ്ഞു, 'ഇതിനെക്കാള്‍ നല്ലത്‌ മഴ നനയുന്നതാ'.

ഏറെക്കാലത്തിനു ശേഷമുള്ള മഴയുടെ ആ തണുത്ത തല്ലും തലോടലും അനുഭവിച്ചപ്പോള്‍ അവന്‍ പറഞ്ഞതിന്റെ പൊരുള്‍ അച്ഛന്‌ മനസ്സിലായി.സുഗതകുമാരി രാത്രിമഴയെപ്പറ്റി എഴുതിയതുപോലെ, സായന്തനത്തിലെ മഴയും 'ഏറെത്തണുത്ത വിരല്‍നീട്ടി തലോടുന്ന' അനുഭൂതിയാണ്‌. അതറിയാന്‍വേണ്ടി അയാള്‍ കുട മടക്കിപ്പിടിച്ചു. കുറെയേറെ നേരം ആകാശമേലാപ്പ്‌ ചോര്‍ന്നൊലിക്കുന്ന ആ ജലനൂലുകളുടെ വൈവിധ്യമാര്‍ന്ന രസാനുഭവങ്ങളറിഞ്ഞപ്പോള്‍ അയാളും മറ്റൊരു കുട്ടിയായി. രണ്ടുപേര്‍ക്കും ആഹ്ലാദത്തിന്റെ മധുമഴയായിരുന്നു പിന്നെ.

"മഴയില്‍ എന്തൊക്കെയുണ്ട്‌?" അച്ഛന്‍ മകനോട്‌ ചോദിച്ചു.

"നല്ല കുളിരും രസവുമുണ്ട്‌. പിന്നെ, അമ്മയറിഞ്ഞാല്‍ നല്ല അടിയുമുണ്ട്‌" എന്നായിരുന്നു മറുപടി.

അപ്പോള്‍ അയാള്‍ പഴയകാലത്തെ ട്യൂട്ടോറിയല്‍ മാഷായി ഒപ്പമുള്ള വിദ്യാര്‍ത്ഥിയോട്‌ പറയാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിയാകട്ടെ, അല്‍പ്പമൊരു രസനീയതയോടെ അതുകേട്ട്‌ ഇടയ്ക്കിടെ മൂളി, ഇടവഴിയിലെ ചെമ്മണ്ണു കലര്‍ന്ന ഒഴുക്കുകളെ കാല്‍പ്പാദങ്ങളാല്‍ തെറിപ്പിച്ച്‌ നടന്നു.

"മഴയില്‍ ആകാശത്തിന്റെ വരമുണ്ട്‌,
മേഘത്തിന്റെ കാരുണ്യമുണ്ട്‌,
പ്രപഞ്ചമാകുന്ന സന്തൂരിയുടെ തന്ത്രീനാദങ്ങളുണ്ട്‌.
ലാസ്യതാണ്ഡവങ്ങളുടെ ചിലമ്പൊലിയുണ്ട്‌.
മലമേടുകളുടെ ആരോഹണങ്ങളില്‍നിന്ന്‌ ഇഴഞ്ഞിറങ്ങുന്ന
അരുവികളുടെ കുസൃതിച്ചിരിയുണ്ട്‌.
നിറയുകയും ഒഴിയുകയും ചെയ്യുന്ന
ജലാശയങ്ങളുടെ മോഹവും മോഹഭംഗവുമുണ്ട്‌.
വിത്തുകള്‍ക്കുള്ളില്‍ തപസ്സിരിക്കുന്ന
ഹരിതാഭയുടെ സ്വപ്നങ്ങളുണ്ട്‌.
തിരകളാല്‍ പുഴകളെ വരവേല്‍ക്കുന്ന
സമുദ്രത്തിന്റെ പ്രതീക്ഷകളുണ്ട്‌.. .."

എന്നൊക്കെ അയാള്‍ ദീര്‍ഘമായി പറയുകയായി. ഇതൊക്കെ മകന്‌ മനസ്സിലാവുന്നുണ്ടോ എന്നൊക്കെ ചിന്തിക്കാനുള്ള നേരമല്ല. ഒരുപക്ഷേ, മറ്റുള്ളവരെപ്പോലെ അവനും പിതാവിന്റെ 'അവധിക്കാലത്തെ പലതരം പ്‌രാന്തുകളില്‍ ഒന്നായി മാത്രമേ ആ പ്രഭാഷണത്തെ കരുതുകയുള്ളു. വീട്ടുപടിക്കലെത്തുംമുമ്പ്‌ അമ്മയുടെ മുന്നില്‍ ജാമ്യത്തിനുള്ള മാര്‍ഗമന്വേഷിക്കുകയാവാം മകന്‍. ഇപ്പോള്‍ അവന്റെ മൂളിക്കേള്‍ക്കല്‍ നിലച്ചിരിക്കുന്നു.

തണുത്തും രസിച്ചും അലസമായി നടന്നുകൊണ്ട്‌ അയാള്‍ മനസ്സില്‍ ഒരു കവിത കുറിക്കുകയാണ്‌.

"മഴക്കൈകള്‍ അവനെ തൊട്ടത്‌ ഹേമന്തവിരലുകളാല്‍.
മാനം ഇഴചേര്‍ത്തു മൊഴിഞ്ഞത്‌ ഹരിതോപനിഷത്ത്‌.
അവന്റെ വിരലുകളില്‍ ഉന്മാദമുതിര്‍ക്കുന്ന
സിത്താറിന്റെആദിവരിശകളുണ്ടായിരുന്നു.
നക്ഷത്രവിസ്മയങ്ങളുടെ മൗനങ്ങള്
‍അനന്തതയുടെ നാഭീനാളം തേടുന്ന
വര്‍ണ്ണരേണുക്കളായി.
അറിവെല്ലാം മഴയായി.
മഴകള്‍ ഒരായിരം മിഴികളില്‍
അനുഭൂതികളുടെ സമുദ്രമായി.
കുടയില്ലാതെ,
കൂട്ടില്ലാതെ,
അവന്‍പെരുവഴിച്ചാലിലൂടെ നടന്നിറങ്ങി,
പുഴയുടെ ഹംസസങ്കീര്‍ത്തനങ്ങളിലേക്ക്‌
ഉടലില്ലാതെ നീന്തുവോളം."

പെട്ടെന്ന്‌, ഭൂമിയുടെ ഊഷ്‌മാവിലേക്ക്‌ അയാള്‍ തിരിച്ചിറങ്ങി. തണല്‍ പോലും വരളുന്ന വേനലിലേക്ക്‌ അപ്പോഴും മനസ്സ്‌ തുള്ളിമുറിയാതെ പെയ്തുകൊണ്ടിരുന്നത്‌ അയാള്‍ മാത്രമേ അറിഞ്ഞുള്ളു.

***

4 comments:

സുനില്‍ കൃഷ്ണന്‍ said...

കണ്ടുപോയിട്ടുണ്ട്

മൈനാഗന്‍ said...

അതില്‍ നന്ദിയുണ്ട്‌ സുനില്‍.

കല്ലേച്ചി said...

ഇതിന്റെ മുകളിലത്തേതിനു കമന്റാനൊക്കുന്നില്ല എൻകിലും “ബലേഫേഷ്”

ദില്‍ബാസുരന്‍ said...

‍അനന്തതയുടെ നാഭീനാളം തേടുന്ന
വര്‍ണ്ണരേണുക്കളായി.
അറിവെല്ലാം മഴയായി.
മഴകള്‍ ഒരായിരം മിഴികളില്‍
അനുഭൂതികളുടെ സമുദ്രമായി


ഗംഭീരമായിരിക്കുന്നു, മൈനാഗന്‍......