കോളിളകിയ മാനത്തൂടെ ഐരാവതം പായുന്നു. കണ്ടില്ലേ, അതിന്റെ കൊമ്പിന്റെ തിളക്കം? ഇതും മഴയ്ക്കുള്ള കോളല്ല. പ്രകൃതിയുടെ ഉന്മാദം മാത്രം. കുന്നും കാടും കീഴ്മേല്‍ മറിക്കുന്നകാറ്റിന്റെ വികൃതി മാത്രം. വെള്ളപ്പാച്ചില്‍ പോലെ മഴ പെയ്ത കാലം കേട്ടറിവ് മാത്രമാണ്. മഴ പെയ്തില്ലെങ്കിലും മദം പൊട്ടിയ കാറ്റ് ഒന്നടങ്ങിയാല്‍ മതിയായിരുന്നു. എന്തൊരു വേവാ കുറേ നാളായിട്ട്? `മഴ പെയ്യാത്ത നാട് മുടിഞ്ഞ തറവാട്'എന്ന് അമ്മ പറയാറുള്ളത് ശരിയാവണം. മണലറയുടെ താഴ്വാരങ്ങളില് പച്ചയൊഴിഞ്ഞ സമതലങ്ങളില്‍ മണല്‍ മാത്രം വളരുന്നു. പ്രകൃതിയെ ബാധിച്ച ഏതോ മാരകരോഗം പോലെ.
അവന്റെ ആത്മഗതങ്ങള്‍ക്കുമേല്‍ അനിയത്തിയുടെ പേടിച്ചരണ്ട കരച്ചില് മുഴങ്ങി. അവളെ വാരിയെടുത്ത് നെഞ്ചിലണച്ച് ഒരു പുലമ്പല്‍ പോലെ അവന് പറഞ്ഞു തുടങ്ങി.
`പൊന്നുമോള് കരേല്ലേ, ചേട്ടന്റെ കണ്ണല്ലേ... അമ്മ ഇപ്പൊ വരും. വരുമ്പോ എന്തൊക്കെയാ കൊണ്ടു വരുന്നെ? മുട്ടായി, ആപ്പിള്‍, ഓറഞ്ച്, പിന്നെ പൊന്നുടുപ്പും. ദാ.. നോക്കിയേ, നമ്മടെ പല്ലാങ്കുഴീല് ഒരു കുഴിയാന തലകുത്തി വീണ്!. അതിന്റെയൊരു ഡാന്‍സ് കണ്ടോ? ഹ.. ഹ.. ഹ..! നമ്മക്കീ പല്ലാങ്കുഴി പതുക്കെ, ആരുമറിയാതെ എലയും ചില്ലയുമിട്ട് മണല്‍ മൂടി വെക്കാം. കുട്ടികളെ പിടിക്കാന്‍ നടക്കുന്ന ചെകുത്താനും അവന്റെ പട്ടാളവും ഇതിലി വീണ് നടുവൊടിഞ്ഞ് ചാവട്ടെ. ഹ.. ഹ.. ഹ..!'
കാറ്റിന്റെ ഹുങ്കാരം കടുത്ത ഭാഷയായി ശാപമെറിയുമ്പോഴും ചേട്ടന്റെ കല്‍പനാവൈഭവത്തില്‍ വിശ്വാസം തേടിയ ആ കുഞ്ഞനിയത്തി കണ്ണീരിനിടയിലൂടെ മന്ദഹസിച്ചു. ഉടുപ്പിന്റെ കീശയില്‍ നിന്ന് അവന് പുറത്തെടുത്ത വസ്തുക്കളെ അവള് കൗതുകത്തോടെ നോക്കി. തിളക്കമുള്ള വളക്കഷണങ്ങള്‍, വിരല്‍നീളം മാത്രമുള്ള മുറിപ്പെന്‍സില്‍, വലിപ്പമേറിയ കുറേയേറെ കാക്കി ബട്ടണുകള്‍, വള്ളികള്‍ മുറിഞ്ഞുപോയെങ്കിലും കൃത്യമായ സമയം കാണിക്കുന്ന ഒരു പഴയ വാച്ച്. അക്കൂട്ടത്തില്‍ വാച്ചിലെ സൂചികളെ അനിയത്തി നോക്കിയിരുന്നു. അതിന്റെ ചുവന്ന സൂചിയുടെ കൃത്യമായ ചലനത്തിന് ഒരു താളമുണ്ട്. വഴിയരികില്‍ സ്വയമുപേക്ഷിച്ചെങ്കിലും ജീവനവശേഷിക്കുന്ന അംഗവിഹീനനായ ഒരു യാചകനെപ്പോലെ അത് അവരുടെ മധ്യത്തില്‍ ഭൂമിയുടെ ഹൃദയമായി സ്പന്ദിച്ചു.
അമ്മ എവിടേക്കാണ് പോയതെന്ന ചിന്ത അവനെ മഥിക്കുന്നുണ്ടെങ്കിലും അത് അനിയത്തിയെ അറിയിക്കാവുന്നതല്ല. ദിക്കറിയാത്ത വിധം മണല്‍ വളര്‍ന്നു തിങ്ങിയ ഒരിടത്താണല്ലോ അവരുടെ ഗ്രാമം. അവിടെ അങ്ങനെയാര്‍ക്കും മഴ പെയ്തതയിന്റെ ഓര്‍മ്മയില്ല. പിരിഞ്ഞും പിണഞ്ഞും കിടക്കുന്ന വഴികളുടെ തുരുത്തെന്ന് ചിലര്‍ പറയാറുള്ള, ലോകത്തിലെവിടെയും ഉണ്ടായേക്കാവുമ്മ ഒറ്റപ്പെട്ട ഒരു ലോകം. പണ്ടൊക്കെ വഴികള്‍ക്ക് ദിക്കറിയാമായിരുന്നതായി മാഷ് പറഞ്ഞ് അവനറിയാം. ഓരോ വഴിയും ഒന്നുകില്‍ പര്‍വ്വതത്തിലേക്ക്, അല്ലെങ്കില്‍ സമുദ്രത്തിലേക്ക്, ചിലപ്പോള്‍ ഓറെഞ്ച് തോട്ടത്തിലേക്ക്, പലപ്പോഴും ശ്മശാനത്തിലേക്ക് ഒക്കെ നീളുന്നതായിരുന്നു. അവ യഥാക്രമം കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ ദിക്കുകളെ കുറിച്ചു. കര്‍പ്പൂരമാവിന്റെ ചുവട്ടിലൂടെ, കദളിവാഴത്തോട്ടത്തിലൂടെ, വെടിയേറ്റ തെങ്ങുകളുടെ തോപ്പിലൂടെ ? ഒക്കെയൊക്കെ പഴയ കാലത്തെ മനുഷ്യര്‍ സഞ്ചരിച്ചിരുന്നു. ഇറങ്ങിപ്പോകുമ്പോള്‍ പൊക്കണം നിറയെ പ്രതീക്ഷകളും, തിരികെയെത്തുമ്പോള്‍ സാഫല്യത്തിന്റെ പുഞ്ചിരികളും അവരില്‍ പ്രകടമായിരുന്നു. പിന്നെപ്പിന്നെ, പോയവര്‍ തിരികെ വരാതായി. പച്ച നിറഞ്ഞ പറമ്പുകളും പാടങ്ങളും സ്വന്തം വേരുകളെ മണ്ണില്‍ നിന്ന് ഊരിയെടുത്ത് തിരസ്കൃതരെപ്പോലെ പാഞ്ഞൊളിച്ചു. അരുവികളും ആറുകളും ഉദ്ഭവിച്ച കമണ്ഡലുകളിലേക്ക് മടങ്ങിപ്പോയി. അങ്ങനെയാണ് ദിക്കുകളറിയാത്ത ഒരു ഭൂവിഭാഗം ഉടലെടുത്തത്. അതുകൊണ്ടുതന്നെ, അമ്മ ഏതു വശത്തുനിന്നാണ് മടങ്ങിയെത്തുകയെന്നത് അവന് പ്രവചിക്കാനാവുന്നില്ല. വരും എന്ന ഉറപ്പ് മാത്രം അവന്റെ കൃഷ്ണമണികളായി തുടിച്ചു.
അനുദിനം വളരുന്ന മണല്‍ ഒരു സംഗീതകാരനാണെന്ന് അവന് തോന്നാറുണ്ട്. ഒരിക്കല്‍ അങ്ങനെ പറഞ്ഞപ്പോള്‍ അമ്മ വിലക്കി. സംഗീതകാരന്മാര് ദയാലുക്കളാവും. സ്നേഹവും സഹനവും അവരെ വ്യത്യസ്തരാക്കുമത്രേ. അങ്ങനെയുള്ള ഉള്‍മുറിവുകളില്‍ നിന്നാണത്രേ ഇമ്പമാര്‍ന്ന രാഗമാലികകള്‍ ഉണ്ടാവുന്നത്. ഈ മണലിന്റെ പ്രകൃതമാണെങ്കില്‍ അതിന് വിരുദ്ധമാണ്.
ദയാഹീനനായ അധികാരിയുടെ പകിടകളി പോലെയാണ് മണലിന്റെ കഥയെന്ന് അമ്മ പറയും. മണലിലും വേലിയേറ്റങ്ങളുണ്ട്. അണലികള്‍ ചെറുതും വലുതുമായി പതുങ്ങിക്കിടപ്പുണ്ട്. അപരിചിതരായവരുടെ അസ്ഥികൂടങ്ങളും സ്വപ്നശേഷങ്ങളുമുണ്ട്. അതെല്ലാം ഒരു പകിടക്കളത്തില്‍ ഉരുണ്ടു കളിക്കുന്ന കരുക്കളുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍, തല പെരുക്കും. അതുകൊണ്ടാവാം, മണല്‍ക്കാറ്റിന് കാതോര്‍ത്ത് സൂക്ഷിച്ചിരിക്കണമെന്ന് അമ്മ പറയാറുള്ളത്. വളരുന്ന മണല്‍ ഋതുപ്രതീക്ഷകളുടെ ജലം മുഴുവന്‍ ഊറ്റിയെടുത്തേക്കാം. കാറ്റ് പിന്നെയും വീശുകയാണ്. ചുറ്റിലുമുള്ള മണല്‍ പറന്നുയര്‍ന്ന് ഒരു പുകമറയായി മാറുന്നു. ഉണങ്ങിയ മണ്ണിന്റെ അസഹ്യമായ ഗന്ധം ഉള്ളില്‍ പുകയുന്നു. മതി, കള്ളിച്ചതു മതി. അകത്തേക്ക് പോകാം.
അനിയത്തിയെ ഒക്കത്തെടുത്ത് അവന് ചില ചുവടുകള്‍ വെച്ചു. വീടെന്ന് പറയാനാവാത്ത കൂരയുടെ തടിച്ചുവരുകളും ഓലമേല്ക്കൂരയും ഇളകുമാറുള്ള കാറ്റിനെ ഇപ്പോള്‍ അവന് മെല്ലെ ഭയക്കാന്‍ തുടങ്ങുന്നു.ദുഷ്ടനായ കാറ്റിന്റെ പരുപരുത്ത കൊടുംകൈകള്‍ ഒരു വേള തന്നെയും അനിയത്തിയെയും പറിച്ചെടുത്തുകൊണ്ട് പറന്നുകളയുമോ എന്ന്പോലും തോന്നിപ്പോവുകയാണ്. അകത്തിരിക്കാമെന്ന് കരുതി വാതില്‍പ്പടിക്കു കുറുകെ കാല്‍വെയ്ക്കുമ്പോള്‍, ആരുടെയോ കരുത്തുറ്റ ഉടലില്‍ തട്ടി അവന് നിന്നു പോയി.
ഭീമാകാരമായ ബൂട്ടുകള്‍ മാത്രമേ കാഴ്ചയില്‍ വന്നുള്ളു. പിന്നെ, ഒരു യന്ത്രത്തോക്ക് കാണായി. മെല്ലെ മെല്ലെ ഉയരമേറിയ രണ്ട് കാക്കിയുടുപ്പുകാര് അവനുമുന്നില്‍ നിവര്‍ന്നു നിന്നു. പാവമുഖങ്ങളില്‍ ഒട്ടിച്ചുവയ്ക്കപ്പെട്ട കള്ളച്ചിരി അവരെ പൊതിഞ്ഞു. അമ്പരപ്പിക്കുന്ന ഒരു വാക്കുപോലെ മൗനം അവന്റെ തൊണ്ടയില്‍ തടഞ്ഞിരുന്നു.
ഇവര്‍ ഏതു വഴി വന്നു? ആരുമില്ലാത്ത, ആര്‍ക്കും വേണ്ടാത്ത ഈ മണലറയില്‍ എന്താണിവരുടെ ജോലി?
- പേടിക്കണ്ടാ കുട്ടീ. ഞങ്ങള്‍ സുരക്ഷാ ഭടന്മാരാണ്.
- അയലത്തെ ശത്രുക്കളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരയച്ച ദൈവദൂതന്മാര്.
അനുവാദം ചോദിക്കാതെതന്നെ ഒരാള്‍ ആകെയുള്ള കസേരയില്‍ ഇരുന്നു. രണ്ടാമന് കയര്‍ വരിഞ്ഞുറപ്പിച്ച കിടക്കയില്‍ ഇരുന്ന് ബൂട്ടുകള്‍ അഴിക്കുവാന്‍ തുടങ്ങി. അവന് അനിയത്തിയെ മുഖം കഴുകിച്ച് കാറ്റിന്റെ കൈയെത്താത്ത ഒരു മൂലയിലിരുത്തി. ഇരിപ്പിന്റെ സുഖം കിട്ടിയപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു സുരക്ഷാഭടന്മാര്.
- വെള്ളം തന്ന് വേണമെന്നൊന്നുമില്ല. വീഞ്ഞായാലും മതി.
- ഇവിടെ അങ്ങനൊന്നുമില്ല. അല്പം വെള്ളമുള്ളതുതന്നെ ഏറെ ദൂരത്തൂനിന്ന് അമ്മ കൊണ്ടുവന്നതാ. അവന്റെ അനിഷ്ടം അങ്ങനെയാണ് പുറത്തുവന്നത്.
- ങാ.. അത് ചോദിക്കാന്‍ മറന്നു; ഞങ്ങടെ സഹോദരി എപ്പോ വരും?
- അവളെ ഒന്ന് കണ്ടുപോകാന്‍ ഞങ്ങള്‍ പലതവണ കൊതിച്ചതാ. ഒന്നുമല്ലേലും അവള് നാടിനുവേണ്ടി മരിച്ച ഞങ്ങടെ പ്രാണ സ്നേഹിതന്റെ വിധവയല്ലേ...?
- മാത്രവുമല്ല, പ്രസിഡന്റിന്റെ അറിയിപ്പനുസരിച്ച്, സേനാനിയുടെ വിധവയ്ക്ക് കിട്ടാനുള്ള ഒരു ലക്ഷം വരാഹന്‍ വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്നതിലുള്ള സങ്കടം ഞങ്ങള്‍ക്ക് അവളുമായി പങ്കുവെയ്ക്കാനുമുണ്ട്.
- ദൈവമേ .. ആ സഹോദരി ഒന്നു വേഗം വന്നെങ്കില്‍.
അവന്റെ മനസ്സിലെ ഭീതി അല്പമൊന്ന് കുറഞ്ഞു. അച്ഛന്റെ സ്നേഹിതരായ സ്ഥിതിക്ക് ഇവരെ ഭയക്കേണ്ടതില്ല. കഷ്ടമായിപ്പോയി, വിശപ്പടക്കാന്‍ എന്തെങ്കിലും കൊടുക്കാനില്ലാത്തതില്‍ അവന് നേരിയ ലജ്ജ തോന്നി. എന്തെങ്കിലും വാങ്ങാതെ അമ്മ തിരികെ വരില്ല. ഇനിയും വൈകുമോ ആവോ? അതിഥികളിലൊരാള് ചോദിക്കുന്നു.
- വലുതാവുമ്പോള്‍ ആരാവാനാ കുട്ടിക്കിഷ്ടം?
ഒരു നിമിഷം, ഒരു മറുപടി തോന്നിയില്ല. അങ്ങനെ വലിയൊരു സ്വപ്നമൊന്നുമില്ല. ഈ മലണറയുടെ പുറത്തേക്ക് അനിയത്തിയ്ം അമ്മയെയും കൊണ്ടുപോയി പട്ടിണിയില്ലാതെ ജീവിക്കണമെന്നേ കരുതിയിട്ടുള്ളു. പിന്നെ..
- അച്ഛനെപ്പോലെ ഒരു പാട്ടുകാരന്?
അവന്റെ മറുപടിയില്‍ അതിഥികള്‍ ചിരിച്ചു.
- പിതാവിന്റെ വഴിയില്‍ നടക്കാന്‍ കൊതിക്കുന്ന മകന്...!
- അപ്പോള്‍ രാജ്യത്തെ സേവിക്കാന്‍ സൈന്യത്തില്‍ ചേരുകയില്ലേ?
- ഇല്ല. മരിക്കാന്‍ പേടിച്ചിട്ടല്ല. എന്നാലും, കൊല്ലാന്‍ വയ്യാ.
മറുപടി ശക്തമായിരുന്നു. അതു കേട്ടപ്പോള്‍ അവരുടെ മുഖങ്ങളില്‍ കാറ്റിളകി.
- കുട്ടിയുടെ അച്ഛന്, ഞങ്ങളുടെ പ്രാണ സ്നേഹിതന്, അവനും അങ്ങനെയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരമുറ്റത്തെ അരീനയില്‍ ഒരു വലിയ സംഗീതക്കച്ചേരി നടത്തണമെന്നായിരൂ അവന്റെ ആഗ്രഹം. പ്വ്വ്രുകേട്ട പാട്ടുകാരൊക്കെ അവിടെ ഉണ്ടാവണം. അവരുടെ അനുഗ്രഹം കിട്ടണം! കഷ്ടം. അവന്റെ മോഹങ്ങള്‍ പലതും ചിതറിപ്പോയി. വിധിയെന്ന് പറഞ്ഞാല്‍ മതിയല്ലോ...!
ക്ഷീണം കൊണ്ടായിരിക്കാം, അനിയത്തി നിലത്തുകിടന്ന് മയങ്ങിത്തുടങ്ങി. അവന് അവളുടെ അരികത്തിരുന്ന് പഴയൊരു പന വിശറികൊണ്ട് വീശിക്കൊടുത്തു. ശ്ശോ? ഈ നശിച്ച ചൂടും കാറ്റും? എപ്പഴാ ദൈവമേ ഒന്നു മാറുന്നെ? പുറത്ത് അന്തിയണയാന്‍ വെമ്പുകയാവാം. ഉള്ളിലെ മങ്ങിയ ഇരുട്ടില്‍ അവന് ഒരു മെഴുകുതിരി കൊളുത്തി വച്ചു. അതിന്റെ നേരിയ വെട്ടത്തില്‍ ചുവരില്‍ രേഖകളും രൂപങ്ങളും തിളങ്ങി.
കമ്പികള്‍ പൊട്ടിയ ഒരു ഗിത്താര്‍ ചുമരില്‍ തൂങ്ങിയിളകുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോ പഴകിയതെങ്കിലും തൂണില്‍ ഉറപ്പിച്ചിരിക്കുന്നു. സൈനികരുടെ ഫുട്ബോള്‍ ടീമിന് കിട്ടിയ ബഹുമതിയായി ലോഹത്തില്‍ തീര്‍ത്ത ഒരു ഭൂശില്പം പൊടിഞ്ഞുതുടങ്ങിയ തടിയലമാരിയില്‍ കാണാം. കീശയുടെ മേലടപ്പില്‍ സര്‍ണ്ണപ്പതക്കങ്ങള്‍ തുന്നിയുറപ്പിച്ച രണ്ടുമൂന്ന് കാക്കിയുടുപ്പുകളിലൊന്ന്, തുളകള്‍ വീണും ചോര പുരണ്ടും പഴകിയതാണ്. അതിനരികത്തായി ഒരു ഈറക്കുഴല്‍ തൂക്കിയിട്ടിരിക്കുന്നു, ഏതോ സ്മരണാവശിഷ്ടം പോലെ.
പുറത്ത് കാറ്റിന്റെ ഹുങ്കാരം അല്പമൊന്നടങ്ങി. അകത്തെ നിശ്ശബ്ദതയിലേക്ക് ആഴമേറിയ ഒരു നാദവീചിപോലെ സേബ കയറി വന്നു. ശരീരത്തിന്റെ ആയാസപ്പെട്ടുള്ള ചലനങ്ങളിലേക്ക് യാത്രാക്ഷീണത്തിന്റെ ചുളിവുകള്‍ വീഴുന്നുണ്ട്. വാതില്‍ ചാരി അവിടെത്തന്നെ നിന്ന് അപരിചിതരെ നോക്കിയ അവളുടെ മുഖം വിവര്‍ണ്ണമായി. അപ്പോഴേക്കും `അമ്മേ, അച്ഛന്റെ സ്നേഹിതരാ.. എന്ന് മകന് പരിചയപ്പെടുത്താന്‍ തുടങ്ങി. അലക്ഷ്യമായി, `ങാ.. എനിക്കറിയാം` - അവള് കുഞ്ഞിനെ വാരിയെടുത്ത് തോളിലിട്ടു.
സൈനികര്‍ എഴുന്നേറ്റ് ചിരിയും സൗമ്യതയും നിറഞ്ഞ മുഖത്തോടെ അവളെ സല്യൂട്ട് മാതൃകയില്‍ അഭിവാദ്യം ചെയ്തു.
- ഞങ്ങളുടെ പ്രാണസ്നേഹിതന്റെ വിധവയായ നിങ്ങള്‍ ഞങ്ങളുടെ സ്വന്തം സഹോദരിയാണ്.
- നിങ്ങളെ കണ്ട് കണ്കുളിര്ക്കാന് വേണ്ടിയാണ് ഈ ദിനത്തില്‍ ഞങ്ങള്‍ വനു ചേര്‍ന്നത്.സേബയുടെ മൂക്ക് മെല്ലെ ചുവന്നു. പിന്നെ വിറച്ചു. മുഖത്തേക്ക് നൂറു തീമലകള്‍ പൊട്ടിയിരമ്പി.
- അറിയുമോ, ഈ ദിവസത്തിന്റെ പ്രത്യേകത..?
അവള് കരച്ചിലോടെ ചോദിച്ചു.
സൈനികര്‍ പറഞ്ഞു.
- അറിയും. ഇതേ നാളിലായിരുന്നല്ലോ നമ്മുടെ നാടിന്റെ അഭിമാനം കാക്കാന്‍ നിങ്ങളുടെ ഭര്‍ത്താവ് രക്തസാക്ഷിയായത്.
- അതെല്ലാം ഇനി മറന്നല്ലേ പറ്റൂ.. സഹോദരീ.
അവളുടെ ഇടനെഞ്ച് പൊട്ടിപ്പോയി. കുഞ്ഞിനെയും തോളൊപ്പമെത്തിയ മകനെയും ചേര്‍ത്തുപിടിച്ചുകൊണ്ട്, യുദ്ധത്തില്‍ പരാജിതയായ സിംഹിയായി അവള് നിന്നു.
- ഓര്‍മ്മയുണ്ട്. എല്ലാം ഓര്‍മ്മയുണ്ട്. അല്ലേ ദുഷ്ടന്മാരേ..?
അവന് ഒന്നും മനസ്സിലായില്ല. അമ്മ എന്താണിങ്ങനെയൊക്കെ..? മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അമ്മയുടെ രോഷമുണര്‍` മുഖം കണ്ട് അവന് അമ്പരന്നു പോയി.
"പ്രിയ ജനങ്ങളേ... ! ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ അരങ്ങേറിയ അട്ടിമറി ശ്രമത്തെ ചെറുക്കുന്നതിനിടയില്‍ ഞങ്ങളുടെ പ്രാണസ്നേഹിതന്‍ വെടിയേറ്റു വീണു. കടമ നിറവേറ്റുന്നതില്‍ അവന് എന്നും ഒന്നാമതായിരുന്നു. സൈനിക വ്യൂഹത്തിന്റെ സംഗീത വിഭാഗത്തില്‍ ബാഗ്പൈപ്പര്‍ വായിച്ചുകൊണ്ട് തുടങ്ങിയ അവന് സംഗീതത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നേടിയ ശേഷം ഒരു പുതിയ സിംഫണിയുടെ രചനയിലായിരുന്നു. അത് അരീനയിലെത്തിച്ച് സായൂജ്യമടയാന്‍ അവന് കഴിഞ്ഞില്ല. ആദരണീയനായ പ്രസിഡന്റിന്റെ പേരില്‍ ഞങ്ങള്‍ അവന്റെ കുടുംബത്തെ അനുശോചനമറിയിക്കുന്നു. അവന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി ഒരു ലക്ഷം വരാഹന്‍ നല്‍കുന്നതാണെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു."
അദ്ദേഹത്തിന്റെ ചിതറിയ ശരീരം അടക്കം ചെയ്തശേഷം പൊതുജനങ്ങള്‍ക്കു മുമ്പാകെ സൈനികര്‍ വായിച്ചുപേക്ഷിച്ച സന്ദേശം അവള്‍ക്കോര്‍മ്മ വനു. ഏറ്റുമുട്ടി മരിച്ചതാണെ` സര്‍ക്കാരിന്റെ വാദം രണ്ടാം നാള് പൊളിയുകയായിരുന്നു. അസൂയയും ശത്രുതയും മൂത്ത ഈ രണ്ട് സഹചാരികള്‍ അദ്ദേഹത്തെ ചതിച്ച് കൊല്ലുകയായിരുന്നു. പദവികളും സമ്പത്തും കൈക്കലാക്കാനുള്ള ശ്രമത്തില്‍ അവള് സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടിയിരുന്ന സഹായങ്ങളും നിര്‍ത്തലാക്കിച്ചു. തെളിഞ്ഞ മനസ്സുണ്ടായിരുന്ന അദ്ദേഹത്തിലെ പുരുഷനെ, പ്രതിഭാശാലിയായ കലാകാരനെ നഷ്ടപ്പെട്ടെങ്കിലും താന്‍ ജീവിച്ചു. വെല്ലുവിളികളെ നേരിട്ടു. ഇപ്പോള്‍ വീണ്ടും പഴയതൊക്കെ ഓര്‍മ്മിപ്പിക്കാനായി ആ ദുഷ്ടന്മാര് വീണ്ടും..?
- നിങ്ങള്‍ എന്തിനിപ്പോള്‍ വന്നു? ഞാനും കുഞ്ഞുങ്ങളും എങ്ങനെയെങ്കിലും ഈ ഒഴിഞ്ഞ കോണില്‍ കഴിഞ്ഞോട്ടെ. സൈനികരുടെ ചിരി മുഴങ്ങി.
- ഞങ്ങളുടെ പ്രാണസ്നേഹിതന്റെ വിധവയായ നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെട്ട് കഴിയുന്നത് കാണാന്‍ വിഷമമുണ്ട്. ആയതിനാല്‍ നിങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കാനായി വന്നതാണ് ഞങ്ങള്‍.
- ഈ ഇടം അത്ര നന്നല്ല. ശത്രുവിന്റെ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. ഞങ്ങളോടൊപ്പം വരണം. അടുത്ത ഗ്രാമത്തില്‍ നിങ്ങള്‍ക്കായുള്ള ഗൃഹം തയ്യാറായിക്കഴിഞ്ഞു. അയല്‍ക്കാരായി ഞങ്ങളുള്ളപ്പോള്‍ പേടിക്കേണ്ടിവരില്ലണ്ട എന്തു സഹായത്തിനും ഞങ്ങള്‍ രണ്ടാളുണ്ടല്ലോ.
അവള് പൊട്ടിത്തെറിച്ചു പോയി
- സ്വന്തം പ്രവൃത്തികൊണ്ട് നിങ്ങള്‍ അദ്ദേഹത്തിന്റെ ശത്രുക്കളാണെന്ന് തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായം ഞാന്‍ ആവോളം അനുഭവിച്ചതാണ്. എന്റെ ജീവിതത്തെ നിങ്ങള്‍ ഇങ്ങനെയൊക്കെ മാറ്റിക്കളഞ്ഞു. മതി. ഇത്രത്തോളം സഹായങ്ങള്‍ മതി. ഇനിയെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും ജിവിക്കാനനുവദിക്കൂ.
സൈനികരുടെ മുഖങ്ങളില്‍ വീണ്ടും ചുടുകാറ്റിന്റെ തിരയിളകി. അവര്‍ `ഞങ്ങളുടെ അരുമ സഹോദരീ...` എന്ന് പരിഹാസസ്വരത്തില്‍ നീട്ടി വിളിച്ചുകൊണ്ട് അവളുടെ കവിളിലും മാറിലും നുള്ളി. പുറത്തെ ഇരുട്ടിലൂടെ കൊള്ളിയാന്‍ പാഞ്ഞു.
കാറ്റ് വാതില്‍ തള്ളിത്തുറന്ന കുതറിത്തുള്ളി പഴയ ഒരുടുപ്പിനെയെന മാതിരി ആ കൂരയെ അകംപുറം തിരിച്ചിട്ടു. അമ്മയുടെ നിലവിളിയില്‍ മൗനം തകര്‍ന്നപ്പോള്‍ കൈയില്‍ക്കിട്ടിയ ഒരു കരിങ്കല്ലെടുത്ത് അവന് ഒരുവന്റെ മുഖത്ത് ആഞ്ഞിടിച്ചു. രണ്ടാമന് അവനെ പിടികൂടി കഴുത്ത് ഞെരിച്ചു. വെളിച്ചം മങ്ങിയും തെളിഞ്ഞും വേദനയായി തന്നെ ചുറ്റുമ്പോള്‍ ലോകം വലിയൊരു പല്ലാങ്കുഴിയായി മാറുന്നത് അവനറിഞ്ഞു. ഓരോ ജീവച്ഛവങ്ങളും അതിലേക്ക് വന്ന് പതിച്ചുകൊണ്ടേയിരുന്നു. മണലറയുടെ അതിരുകള്‍ മങ്ങി മാഞ്ഞു. അതിപ്പോള്‍ മലകളോളം ഉയര്‍ന്നും സമുദ്രത്തോളം പടര്‍ന്നും വളര്‍ന്നുകൊണ്ടേയിരുന്നു. ആകാശം ഒരു കറുത്ത തിരശ്ശിലയായി എല്ലാറ്റിനും മീതെ...
***
Wednesday, November 29, 2006
Subscribe to:
Post Comments (Atom)
6 comments:
ഗൗരവമുള്ള വിഷയങ്ങള്‍ പാടില്ല എന്നുമാത്രം ദയവായി പറയരുതേ, കൂട്ടരേ. ജീവിതം എത്രയോ ഗൗരവമുള്ള ഒരു നേരമ്പോക്കാണ്. ഇതൊന്ന് വായിച്ചുനോക്കൂ... എന്നുപറയാന്‍ ഞാനാര്? എങ്കിലും, ഇതാ... ഇന്നും നാളെയും സംഭവിക്കാവുന്ന ഒരു... കഥ:) "മണലറകള്‍ വിഴുങ്ങുന്ന ജീവിതങ്ങള്‍".
വായിച്ചു. കഥ നന്നായിട്ടുണ്ട്. എന്നാലും അവസാനം കുറച്ച് കടുത്ത് പോയി. :(
ലോകത്തിന്റെ ഏതെല്ലാം കോണുകളില്‍ ഇത് സംഭവിക്കുന്നു. അതറിയുമ്പോള്‍ നാം വേദനിക്കുന്നില്ലേ? അപ്പോള്‍ 'കടുത്തുപോയി' എന്ന് സുവിനെക്കൊണ്ട് പറയിച്ചത്... തെറ്റല്ല. ആണോ?
വല്ലാത്തൊരു നൊമ്പരം മനസ്സിലവശേഷിപ്പിച്ചു ഈ കഥ.
കലക്കിയണ്ണാ. കൂടുതല്‍ വായിക്കാന്‍ സമയം കിട്ടുന്നില്ല. കിട്ടുമ്പോളെല്ലാം വായിക്കാം.
പിന്നെ എന്തൊരെക്കെയുണ്ടണ്ണാ നാട്ടില്‍ വിശേഷങ്ങള്‍. എല്ലാം പിറകേ അറിയിക്കുക.
അധികം വിഷമങ്ങളൊന്നും മനസ്സില്‍ കൊണ്ട് നടക്കരുത്. എല്ലാം അക്ഷരങ്ങളായി ഒഴുകിയൊഴുകി പോകട്ടെ!!!
എല്ലാ അനുഭവങ്ങളും ശുഭപര്യവസായിയല്ലല്ലോ.
പിന്നെ ഒന്നുണ്ട് - ലോകത്തിലെ എക്കാലത്തേയും അനശ്വരമായ മിക്ക കൃതികളും അവസാനിക്കുന്നത് ദുരന്തങ്ങളിലാണ്.
Post a Comment