(ജീവിതവുമായി ഇഴയടുപ്പമുള്ള പലതും ഈ ബ്ലോഗില്‍ എഴുതിപ്പോയേക്കും.
കൂട്ടുകാര്‍ക്കു അനിഷ്ടമായാല്‍ പറയാതിരിക്കരുതെന്നു താല്‍പ്പര്യപ്പെടുന്നു.)
'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'
'കുക്കുടു മന്ത്രം കുടുകുടുമന്ത്രം,
ചുണ്ണാമ്പു കുടുക്കേല്പിടിച്ചടച്ച മന്ത്രം,
എനിക്കൊന്നു വന്നാല്‍ നിനക്കെന്തു ചേതം?
നിന്റമ്മയ്ക്കില്ല സുഖം'
ഇത് അമ്മുമ്മയുടെ പുരാതനമായ മന്ത്രമാണു. പാരമ്പര്യത്തിന്റെ നേരിയ വേര്പടലത്തില് നിന്നാണു അതു പൊട്ടിമുളച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഉറക്കുപാട്ടായും, അമ്മുമ്മയുടെ ചിലതരം പിരിമുറുക്കങ്ങള്‍ക്കുള്ള അതിജീവനമായും ഞാനതിന്റെ ആലാപന വൈവിധ്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
വയലിന്റെ മേല്‍പ്പറമ്പില്‍ അവശേഷിച്ച പന്ത്രണ്ട് തെങ്ങുകള്‍. വടക്കും പടിഞ്ഞാറും വരിക്കപ്ലാവുകള്‍. കിഴക്കുവശത്ത് കര്‍പ്പൂരമാവും കൊന്നയും ശീലാന്തിയും. തെക്കുപുറത്ത് അപ്പുപ്പന്റെ ചുടലത്തെങ്ങും സര്‍പ്പക്കാവും. ഇവയ്ക്കു നടുവില്‍ ചെറിയൊരു ഓലപ്പുര. ചാണകം മെഴുകിയ തറയില്‍ മലര്‍ന്നു കിടക്കുന്നതിന്റെ സുഖം. സന്ധ്യ എരിഞ്ഞടങ്ങിയ കറുത്ത ആകാശം. മറവിക്കാരായ ചില കാക്കകളുടെ അവശിഷ്ട പ്രസ്താവനകള്‍ ചിതറിയൊടുങ്ങുന്നു. ഇടികല്ലിലെ മുറുക്കാന്‍ മൂന്നു വിരലുകൊണ്ട് ഒതുക്കിയെടുത്ത് പല്ലൊഴിഞ്ഞ വായിലേക്ക് തിരുകിക്കൊണ്ട് അമ്മുമ്മ പറഞ്ഞു.
`പെരുമ്പെലാക്കല് പള്ളിയെടെ പഴമേം ഒരു കഥയാ കുട്ടാ. വെട്ടിക്കാട്ടമ്പലം പോലെ അവിടേം ഈശ്വരസാന്നിദ്ധ്യമൊണ്ട്. രണ്ടായി കാണുന്നതെല്ലാം രണ്ടല്ല മോനേ`
`എന്നാലും സന്ധ്യകഴിഞ്ഞാല്‍ അതിലേ വരാന്‍ എനിക്ക് പേടിയാ. വഴിയെടെ രണ്ടുവശത്തും ശവക്കുഴികളാ. പൊന്തയും പുല്ലാഞ്ഞീം.. പിന്നെ പാമ്പുകളും. എനിക്ക് പേടിയാ..` ഞാന്‍ പറഞ്ഞു.
`എന്തിനാടാ കുട്ടാ പേടിക്കുന്നെ? കൂട്ടിനു ഈശ്വരനൊള്ളപ്പോ പേടിയെന്തിനാ..?`
`ആട്ടെ.. ആ കഥയെന്താ? പള്ളിയെടെ..?`
`പണ്ട് മക്കത്തൂന്ന് പൊറപ്പെട്ട ഒരു തങ്ങള്‍ വെശന്ന് ദാഹിച്ച് ഇവടെത്തി പോലും. ചെമ്പുനെറമൊള്ള ഒരു കുതിരപ്പൊറത്താരുന്നു വന്നെ. ഇപ്പോ പള്ളി നില്ക്കുന്ന സ്ഥലത്ത് അന്നൊരു വലിയ വരിക്ക പ്ലാവൊണ്ടാരുന്നു. അതിന്റെ ചോട്ടില്, ആരോ കൊടുത്ത വെള്ളം കുടിച്ച് വിശ്രമിക്കാന്‍ കെടന്നു. അങ്ങോരു പിറ്റേ ദെവസവും എഴുന്നേറ്റില്ല. വഴിപോക്കര്‍ അങ്ങോരെ ശല്യപ്പെടുത്താതെ കുതിരയ്ക്ക് പുല്ലും വെള്ളോം കൊടുത്തു. പിറ്റേ ദെവസം പൊലര്ച്ചെക്ക് നമസ്ക്കാരപ്പായില് അങ്ങേരു മരിച്ചുകെടക്കണതാ നാട്ടാരു കണ്ടെ. കുതിരേ അവിടെങ്ങും കാണാനില്ലാരുന്നു. പകരം, ആ പ്ലാവിന്റെ ചോട്ടില് ഒരു ചന്ദനം മൊളച്ചു വന്നു പോലും. ദെവസോം വളരുന്ന ചന്ദനമാരുന്നെന്നാ ആള്ക്കാര് പറേന്നെ. അതീപ്പിന്നെ... നാടുവാഴീം കാര്ണോമ്മാരും സ്ഥലത്തെ ചെല മുസ്ലീം പ്രമാണിമാരുമായി കൂടിയാലോചിച്ച് ജഢം മറവുചെയ്തു. അവിടെ ഒരു തൈക്കാവ് പണിയാന്‍ അന്നത്തെ രാജാവ് അനുവാദോം കൊടുത്തു. അന്നത്തെ ചെറിയപള്ളി പിന്നെ പെരുമ്പിലാക്കല്‍ പള്ളിയായി മാറി.`
`കഥ രസമൊണ്ട്. പക്ഷേ, ആ ചന്ദനമരം പിന്നെവിടെപ്പോയി? ഇപ്പോ അവിടെ അങ്ങനെയൊന്നുവില്ലല്ലോ.` ഞാന്‍ ചോദിച്ചു.
`അതുപിന്നെ കൊല്ലം കൊറേ ആയില്ലേ? കഥയിലെ കാര്യങ്ങളെല്ലാം തെരഞ്ഞുതെരഞ്ഞ് ചോദിക്കരുത്. അതില്‍ യുക്ക്ദിയല്ല, ഭാവനയാ കൂടുതല്‍..`
അമ്മുമ്മ ജാമ്യമെടുത്തു.
`സത്യവായാലും അല്ലേലും, കഥ കൊള്ളാം. എന്നാലും ഈ ഇരുട്ടത്ത് ഞാന്‍ ആ വഴി പോണോ..?`
എന്റെ ചങ്കിടിപ്പു എനിക്കല്ലേ അറിയൂ?
`എടാ കുട്ടാ.. നാളെ പൊലര്‍ച്ചക്ക് നാരായണിയെടെ കൂടെ അമ്മച്ചിവീട്ടി പോവാനൊള്ളതാ.രുക്മിണിയെടെ നേര്‍ച്ചകൂടി കൊണ്ടുപോണമെന്ന് അവളു പലവട്ടം പറഞ്ഞതാ. എന്റെ കുട്ടന് പോയിട്ട് അമ്മായീടെ കൈയീന്ന് അതിങ്ങ് വാങ്ങിക്കൊണ്ട് വാ..`
ഇരുട്ട് തിങ്ങിയ ഇടവഴിയിലൂടെ ഞാന്‍ പേടിയൊതുക്കി നടന്നു. പള്ളിപ്പറമ്പിന്റെ ഇങ്ങേപ്പുറത്തെത്തിയപ്പോള് പേടി പഴയപടിയായി. ഇരുവശത്തെയും പൊന്തകള്‍ക്കടിയില്‍ എത്രയെത്ര ശവങ്ങളാണ് മറഞ്ഞു കിടക്കുന്നത്? ജീവിച്ച് കൊതിതീരാത്ത എത്രപേരുടെ സ്വപ്നങ്ങളാണു ചിതലരിച്ചു കിടക്കുന്നത്? സ്വര്‍ഗ്ഗം തേടിയ എത്രയെത്ര ഉടലുകളാണ് അസ്ഥിശേഷിപ്പായി അടിഞ്ഞിരിക്കുന്നത്? അവരുടെയൊക്കെ ആത്മാക്കള്‍ അലയാനിറങ്ങുന്ന രാത്രിയാണിത്. `ഏകാന്തതയുടെ അപാരതീരം` എന്ന പാട്ട് ഉള്ളില്‍ക്കിടന്ന് സ്ലോമോഷന്‍ കളിക്കുകയാണു.
ഇടവഴിയുടെ എതിര്‍വശത്ത് ഒരു തീനാളം മിന്നിമറഞ്ഞു. എന്റെ ചങ്ക് കൈവെള്ളയിലിരുന്ന് കിടുങ്ങി. വീണ്ടും തീജ്വാല മിന്നിമറഞ്ഞപ്പോള്‍ തലകറങ്ങാന്‍ തുടങ്ങി. കുതിരപ്പുറത്തേറി വരുന്ന പ്രേതാത്മാവിനെ മുന്നില്‍ക്കണ്ട് ഞാന്‍ ഞെട്ടി നിലവിളിച്ചു. കുതിരയുടെ കണ്ണുകള്‍ കനലുകളായി തിളങ്ങുന്നു. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ പിന്നിലെ ഇരുട്ടിലേക്ക് തിരിഞ്ഞൊരോട്ടം കൊടുത്തു. എങ്കിലും കുളമ്പൊച്ചയോടെ അത് പിറകെ തന്നെയുണ്ട്. തറയില്‍ നിന്ന് എടുത്തുയര്‍ത്തപ്പെടുന്ന മാതിരി ഒരു വിഭ്രാന്തി. പിന്നെ ഭാരമില്ലാത്ത ഒരു കരിയിലപോലെ ഞാന്‍ താഴേക്ക്.
രണ്ടു നാള് പനിപിടിച്ച് കിടുങ്ങിക്കിടന്നു. അച്ഛന് പാറമടയില്‍ പോയില്ല. മൂത്തമ്മാവന് പപ്പുക്കണിയാരുടെ കുറിപ്പടിപ്രകാരമുള്ള മരുന്നുകള്‍ കൊണ്ടുവന്നു. പപ്പടം ചുട്ട് തേങ്ങാപ്പീര പിരട്ടിയതും പൊടിയരിക്കഞ്ഞിയും കുടിച്ച്, കാല്‍മുട്ടിലെ മുറിവില്‍ മരുന്നും വെച്ചുകെട്ടി.. ഒരു ജയിലിലെപ്പ്പ്പോലെ സ്വതന്ത്രനായി!
`ഈ അമ്മേടെയൊരു കാര്യം... വേണ്ടാത്ത കാര്യങ്ങളൊരോന്നും പറഞ്ഞ് അവനെ പേടിപ്പിച്ചിട്ട്...`അച്ഛന് ശബ്ദമുയര്‍ത്തി.
`ഇങ്ങനേക്കെ വരുവെന്ന് ഞാങ്കരുതിയോടാ ശേഖരാ..? ഏതോ ദുഷ്ടാത്മാവ് എന്റെ കുട്ടനെ കണ്ണുവെച്ചിട്ടൊണ്ട്. അതാ ഇങ്ങനെയൊക്കെ..`
`എനിക്ക് ദേഷ്യം വരുന്നൊണ്ട്. മതി ന്യായം പറച്ചില്..` അച്ഛന് ഒടക്കിത്തന്നെയാ.
`അതൊക്കെ വിടളിയാ. അമ്മേടെ കാര്യം ഇതിപ്പോ പുതിയതൊന്നുവല്ലല്ലോ. അതങ്ങനെയൊക്കെ കെടക്കും. ഞാന്‍ ചവറേല്‍ ഒരു യോഗത്തിനു പോയിട്ട് വരുവാരുന്ന്. ഏക്കേജീടെ പ്രസംഗമൊണ്ടാരുന്ന്. കരുനാഗപ്പള്ളീല് നിങ്ങടെ എമ്മെന്റെ യോഗത്തിനും വല്യ ജനക്കൂട്ടവാരുന്ന്. രണ്ട് വാദങ്ങളും കേട്ട് തല പെരുത്തിട്ടാ ഞാന്‍ പോരുന്നെ. മാരായിത്തോടത്തെത്തിയപ്പോ സൈക്കിള്‍ കേടായി. പിന്നിങ്ങോട്ട് നടക്കുവാരുന്ന്. കല്ലുകടവേല് വള്ളം കിട്ടാനും കൊറേ താമസിച്ച്. പള്ളിമുറ്റത്തെത്തിയപ്പൊ ഞാനൊരു ബീഡി കത്തിച്ച്. ആരോ എതിരേ വരുന്നോണ്ടെന്ന് എനിക്ക് തോന്നിയതാ. അത് എവനാന്ന് ഞാനറിഞ്ഞില്ല. എന്തായാലും ഭയങ്കര ധൈര്യശാലിയാ എന്റെ അനന്തരവനെന്ന് ഇപ്പഴാ മനസ്സിലായെ..` മൂത്തമ്മാവന് കുലുങ്ങിച്ചിരിച്ചു.
ഒരു ബീഡിയുടെ തീപ്പുക എന്നെ ഇത്രയേറെ മണ്ടനാക്കിയതില്‍ നാണം തോന്നി. ബോധംകെട്ട് വീണതും പോരാഞ്ഞ് ജ്വരം പിടികൂടിയതും, അറിഞ്ഞവരൊക്കെ കളിയാക്കിയതും. ശ്ശെ.. .. ഇത്ര ധൈര്യമില്ലാതെപോയല്ലോ..?
മയക്കത്തില്‍ നിന്നുണരുമ്പോള്‍ ജനലിന്നപ്പുറം രാത്രി ചിരിച്ചു. മുല്ലപ്പൂവിന്റെ മണം. അമ്മുമ്മയുടെ നാമജപം ഹരിനാമകീര്ത്തനത്തിലെത്തിയിട്ടേയുള്ളു. ഇടയ്ക്ക് അത് മുറിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. അമ്മ എന്നെ എറമ്പത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മുഞ്ഞി കഴുകിച്ചു.
കുഞ്ഞാത്തന്‍ മന്ത്രവാദി എറമ്പിന്റെ തെക്കേക്കോണില്‍ ഉപവിഷ്ഠനായിട്ടുണ്ട്. ദുരാത്മാക്കളെ ഒഴിപ്പിക്കല്‍, പ്രാക്കുദോഷം തീര്‍ക്കല്‍, കരിങ്കണ്ണിന് മറുമരുന്ന് തുടങ്ങിയ ഒട്ടേറെ പ്രയോഗങ്ങളുടെ ഒറ്റമൂലി അറിയുന്ന ആശാനാണ് ഇദ്ദേഹം.
മുന്നില്‍ ചാണകം മെഴുകിയ നിലത്ത് ചേടിമണ്ണുകൊണ്ട് വരച്ച കളത്തിന്റെ നടുവില്‍ ഒരു പഴുത്ത പാക്ക് വെച്ചിരിക്കുന്നു. `ചെമ്പഴുക്കാ വിദ്യയിലൂടെ പ്രശ്നം വെയ്ക്കുന്ന ലോകത്തിലെ ഏക മന്ത്രവാദിയും ഇദ്ദേഹമായിരിക്കണം. അമ്മുമ്മ എന്നെ അയാള്‍ക്കഭിമുഖമായി പിടിച്ചിരുത്തി.
`കുഞ്ഞാത്തന്‍ കാര്യവായിട്ടൊന്ന് നോക്കിയേ.. ആരാ എന്റെ കുട്ടന്റെ പൊറകേ കൂടിയേന്ന്...`
മന്ത്രവാദി കുറെ ഭസ്മമെടുത്ത് എന്റെ നെറ്റിയിലും ശിരസ്സിലും കൈയുഴിഞ്ഞു. കുറെ നേരം കണ്ണടച്ചിരുന്ന് അസ്പഷ്ടമായ ഏതോ മറുഭാഷയില്‍ കുശുകുശുത്തു. പിന്നെ` കണ്ണുതുറന്ന് എന്നെ തുറിച്ചുനോക്കി. ചെമ്പഴുക്കയേക്കാള് ചുവന്ന കണ്ണുകള്‍ ഉരുണ്ടു രണ്ടുമൂന്നുവട്ടം `ഹ്രൂം.. ഹ്രീം` എന്ന് ഒച്ചയെടുത്ത് മുരണ്ടു. കളത്തിലെ ചെമ്പഴുക്കാ രണ്ടു വിരലുകളാള്‍ പമ്പരം പോലെ കറക്കിവിട്ടു. അത് കറങ്ങിത്തിരിഞ്ഞ് മുഖം തെക്കോട്ടായി നിന്നു. അയാളുടെ കണ്ണുകള്‍ തെക്കോട്ട് പാഞ്ഞു.
`ഓഹോ.. അതുശെരി.` എന്ന് പിറുപിറുത്തശേഷം, ഭസ്മമെടുത്ത് എന്റെ മുഖത്തേക്ക് പലതവണ ആഞ്ഞെറിഞ്ഞു. രസകരമായ ഏതോ വിനോദത്തില്‍ ഏര്‍പ്പെടുന്ന മാതിരി ഞാന്‍ കണ്ണടച്ചിരുന്നു.
`ചില്ലറക്കാരനല്ല. തെക്കേലെ താമസക്കാരനാരുന്ന ഒരു ദേവതേടെ കോപം മാറാതെ കൂടെയൊണ്ട്.`
`തെക്കേലെ താമസക്കാരോ..?` അമ്മുമ്മ സംശയിച്ചു.
`എന്നുവെച്ചാ.. സര്‍പ്പക്കാവിലെ. നാഗരാജാവിന്റെ കോപം തന്നെ. ഈ പറമ്പ് കൈവശമായേപ്പിന്നെ കൊറേ കാടും പടലും വെട്ടിത്തെളിച്ചില്ലേ? അന്ന് ഒരു കരിനാഗം വെട്ടേറ്റു ചത്തിട്ടൊണ്ട്. അതാ ഈ പിന്തലമുറേ പിടികൂടിയിരിക്കുന്ന ശാപം..`
മന്ത്രവാദി മറുവിദ്യകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് കറുപ്പുചരട് എന്റെ കൈത്തണ്ടയില്‍ കെട്ടുമ്പോള്‍ അച്ഛന്റെ ശബ്ദമുയര്‍ന്നു.
`എന്താ.. അമ്മേ, മന്ത്രവാദിയെടെ വെളയാട്ടം ഈവീട്ടിലും തൊടങ്ങിയോ?`
പിന്നെ എല്ലാം വളരെ ഇമ്മീഡിയറ്റ് ആക്ഷനായിരുന്നു. തിടുക്കത്തില്‍ എല്ലാമൊതുക്കി കുഞ്ഞാത്തന്‍ സ്ഥലംവിട്ടു. അമ്മുമ്മ വിളറി, മുഖം വീര്‍പ്പിച്ചു നിന്നു. എനിക്ക് ആശ്വാസമായി.
`എത്ര പറഞ്ഞാലും ഈ അമ്മക്ക് മനസ്സിലാവത്തില്ല. ഇത് കൊ കഷ്ടമാ.` അച്ഛന് കിണറ്റുകരയിലേക്ക് പോയി.
അക്ക അടക്കിച്ചിരിച്ചു. അമ്മ ഒന്നും മിണ്ടിയില്ല.
`നിന്നെ എല്ലാരുംകൂടെ ഖുറാങ്ങുകളിപ്പിക്കുവാടാ. നാണവില്ലല്ലോ.. ആണായാ ഇത്തിരി ധൈര്യമൊക്കെ വേണം.. ഇങ്ങനെ തൊട്ടാവാടി ആയാപ്പോര. ഹൊ.. ഒരു വിപ്ലവക്കാരന്.` അക്ക പരിഹാസിച്ചു.
അക്ക മൂളിപ്പാട്ടുമായി അകത്തേക്ക് പോയപ്പോള്‍ ഞാന്‍ പുസ്തകക്കെട്ടെടുത്തു.
`കാണെക്കാണെ വയസ്സാവുന്നു മക്കള്‍ക്കെല്ലാം,
എന്നാലമ്മേവീണക്കമ്പികള് മീട്ടുകയല്ലീ
നവതാരുണ്യം നിന് തിരുവുടലില്‍.`
"അത് കുറേക്കൂടെ ഈണത്തില്‍ വായിക്ക്? നല്ല കവിതയല്ലിയോ?" അച്ഛന്.
ഇടവഴിയില്‍ നിന്നു ആരുടെയോ നീട്ടിക്കൂവല്‍.
`ഊൌൌൌയ് ് ് ് ` അച്ഛന് മറുപടിയായി ഒച്ചയിട്ടു.
ആരോ പറമ്പിലേക്കു കയറി.
`ശേഖരേട്ടാ.. ആ റാന്തലൊന്നെടുത്തേരെ. മന്ത്രവാദിയെ വെഷം തൊട്ടെന്നാ തോന്നുന്നെ.`
അമ്മുമ്മയുടെ പതിഞ്ഞ ശബ്ദം വിറച്ചു - `ന്റെ ഓച്ചെറ പരദേവരേ?`
***
അച്ചാര്‍.
കുഞ്ഞാത്തന്‍ മന്ത്രവാദി സര്പ്പവിഷമേറ്റിട്ടും മരിക്കുകയുണ്ടായില്ല. ഏറെക്കാലത്തിനു ശേഷം, ഒരു ഇരുണ്ട സന്ധ്യയ്ക്കു, ഇരുവരിപ്പാതകളില് ഒന്നിലൂടെ അദ്ദേഹവും, മറ്റതിലൂടെ കണ്ണൂര്‍ എക്സ്പ്രസ്സും എതിര്‍ദിശയില്‍ വന്നുവത്രേ. ജീവിതത്തോട് ആസക്തിയൊടുങ്ങാത്ത അദ്ദേഹത്തെ കാന്തികശക്തിയാലെന്നപോലെ പിടിച്ചടുപ്പിച്ച്, പിന്നെ തട്ടിയെറിഞ്ഞ് ആ ട്രെയിന്‍ നിസ്സാരനായ മനുഷ്യന്റെ നിസ്സഹായതയെ പരിഹസിച്ച് കൂവിവിളിച്ച് കടന്നുപോയി. നാട്ടാരുടെ പേടി മാറ്റുകയും ഭാവി പ്രവചിക്കുകയും ചെയ്ത കുഞ്ഞാത്തന്‍ മന്ത്രവാദിക്ക് സ്വന്തം ജീവിതാന്ത്യം സങ്കല്പ്പിക്കാന് പോലും കഴിഞ്ഞില്ലല്ലോ എന്നു ഞങ്ങള്‍ ആശ്ചര്യപ്പെട്ടു.
Thursday, October 05, 2006
Subscribe to:
Post Comments (Atom)
7 comments:
ഇത്ര ചെറുയ അക്ഷരങ്ങള്‍ എങ്ങനെയാ വായിക്കുക?
ക്ഷമിക്കണം...!
മുകളില്‍ കാണുന്ന 'വ്യൂ' ഓപ്ഷനില്‍ നിന്ന് ടെക്സ്റ്റ് സൈസില്‍ പോയി 'ലാര്‍ജര്‍' സെലക്റ്റ് ചെയ്താല്‍ വലുതായി കാണാന്‍ പറ്റും. ഇത്തവണ ഇതേ ഒരു മാര്‍ഗ്ഗമുള്ളു സ്നേഹിതാ.
ഗ്രാമീണതയുടെ ബിംബങ്ങള്‍... മനോഹരം.
ഗ്രഹാതുരത്വം തുളുമ്പുന്ന ഗാമീണ ബിംബങ്ങള്‍ ഇഷ്ടപ്പെട്ടു.“പാട്ട് ഉള്ളില്‍ക്കിടന്ന് സ്ലോമോഷന്‍ “ എന്ന വരി,ഈ ശൈലില് കഥ പറ്യുമ്പോള് കല്ലു കടിയായി തോന്നി. നല്ല രീതിയില്‍ പറഞ്ഞിരിക്കുന്നു.
"'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'"
Nannayi ezhuthiyirikkunnu mashe.......thudarnnum ezhuthoo.
"'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'"
Nannayi ezhuthiyirikkunnu mashe.......thudarnnum ezhuthoo.
Very valuable message
Post a Comment