Friday, February 20, 2009

മരണം വാതില്‍ക്കലെത്തുമ്പോള്‍ : ജേഡ്‌ ഗുഡി

jEd-Gudi
അതെ... ഞാന്‍ ക്യാമറയ്ക്കു മുന്നില്‍ ഇനിയും വാചാലയാവും. മൃതിയുടെ ഇരുള്‍വാഹനം എന്നെ ആനയിക്കാനെത്തുന്നതിന്‌ മുമ്പുള്ള മണിക്കൂറുകള്‍ എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറകള്‍ക്കു വേണ്ടി, തിളക്കവും ചൂടുമുള്ള പ്രകാശധോരണിയില്‍, ഒരിക്കലുമൊടുങ്ങാത്ത എന്റെ മുഴങ്ങുന്ന വാക്കുകള്‍...

ആകാശചുംബിയായ കൊട്ടാരം സ്വന്തമാക്കാനല്ല. ഫ്ലാഷ്‌ കാറുകള്‍ സ്വന്തമാക്കാനുമല്ല. എന്റെ കുഞ്ഞുങ്ങള്‍ക്ക്‌ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടി മാത്രം.

എന്തെല്ലാം വിളിച്ചുപറഞ്ഞ നാവാണ്‌ എന്റേത്‌. സൗന്ദര്യത്തെക്കുറിച്ച്‌, ഫേഷനെക്കുറിച്ച്‌, ഓരോ നാടിന്റെയും സംസ്കാരത്തെക്കുറിച്ച്‌. ആചാര-വിശ്വാസങ്ങളാല്‍ വൈജാത്യമുള്ള വംശങ്ങളുടെ അല്‍ഭുതകരമായ സാന്നിധ്യങ്ങളെക്കുറിച്ച്‌. ഒന്നിന്‌ നൂറായി ശരങ്ങള്‍ പായിച്ച, സൗന്ദര്യത്തെ അമൂല്യമായി എണ്ണിയ എന്റെയുള്ളില്‍... ആത്യന്തികമായ നാശം ഒളിപ്പിച്ചുവെച്ച ദൈവം... ഇപ്പോള്‍ എന്നെ നോക്കി ചിരിക്കുന്നു. ഞാന്‍ എത്ര മണ്ടിയായ ഒരു സാധാരണ പെണ്ണ്‌ മാത്രം.

അരുത്‌... എന്നെ അധിക്ഷേപിക്കരുത്‌ ലോകമേ. മരണത്തെ മുഖാമുഖം കാണാന്‍ തയാറെടുക്കുന്ന ഒരു അമ്മയുടെ ആത്മാവ്‌ ഞാന്‍ ഇപ്പോഴാണ്‌ തുറന്നു നോക്കുന്നത്‌. അതില്‍ ഞാന്‍ എന്റെ കുട്ടിക്കാലം കാണുന്നു.കരഞ്ഞും കൈകാലിട്ടടിച്ചും. വിശന്നും വിരല്‍ നുണഞ്ഞും പോയ ദിനങ്ങള്‍. ബാല്യത്തിന്റെ വെളിച്ചം ആസ്വദിക്കുന്നു. കൗമാരത്തിന്റെ ഇളക്കങ്ങള്‍, കാടാക്ഷങ്ങള്‍, സ്പര്‍ശങ്ങള്‍. യൗവനത്തിന്റെ വികാരാതീവ്രതകള്‍, പ്രണയത്തിന്റെ പാരസ്പര്യങ്ങള്‍... നിഴലിളക്കങ്ങല്‍.

ഒരു അമ്മയായതിന്റെ സായൂജ്യ നിമിഷങ്ങള്‍. മനസ്സില്‍ പാടിയ താരാട്ടുകളുടെ ആരോഹണാവരോഹണങ്ങള്‍.കുഞ്ഞുങ്ങളുടെ പനിക്കോളിന്‌ കൂട്ടിരുന്ന ഉറക്കമില്ലാ നിശകള്‍. ആ സുഖങ്ങളുടെ, സൗരഭ്യങ്ങളുടെ, പരിപൂര്‍ണ്ണതയില്‍ നിന്ന് ഇതാ... എന്റെ വിട വാങ്ങലിന്റെ നിമിഷങ്ങള്‍ കടന്നുവരുന്നു.

എന്റെ രോഗാവസ്ഥയും, മരണാകുലതയും വിറ്റ്‌ പണമാക്കാനുള്ള ശ്രമത്തെ ഒരു സ്വാര്‍ഥതയായി കാണരുതേ. എന്റെ സ്ഥാനത്ത്‌ നിങ്ങള്‍ ആരായാലും ഇങ്ങനെയൊക്കെത്തന്നെ ചിന്തിച്ചു പോകും. ക്ഷമിക്കുക. ഈ മരണാസന്നയുടെ വാക്കുകളെ ക്ഷമിക്കുക. വിട. പ്രകാശപൂര്‍ണമായ ലോകമേ... നിനക്ക്‌ നന്ദി. എല്ലാ തെറ്റുകള്‍ക്കും മാപ്പ്‌.

000