Thursday, January 11, 2007
സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ (രണ്ട്:)
കുഞ്ഞനെക്കണ്ടതും ബൈജുവും തൌഫീഖും ഓടിവന്ന് പരിസരബോധമില്ലാതെ കെട്ടിയങ്ങ് പിടിച്ചു.ഇന്നത്തെ 'അയ്യപ്പ ബൈജു' (അന്നത്തെ 'ചിന്ന അപ്പന്' ആയിരുന്നു) കരയുന്നമാതിരി ചോദിച്ചു:
"ചേട്ടാ... എവമ്മാര് നമ്മടെ തലയില്ലാത്ത ബാഡി പെട്ടീലാക്കി നെടുമ്പാശ്ശേരിക്കയക്കുവോ?"
കുഞ്ഞന്‍ ഉള്ളിലിലൊരിത്തിരി ചിരി തോന്നിയെങ്കിലും ഗൌരവം നടിച്ചുകൊണ്ട് പറഞ്ഞൂ:
"ചെലപ്പോ അങ്ങനെ സംഭവിച്ചേക്കും. എന്തായാലും നമ്മള് പതറരുത് . മഹത്തായ കലാപ്രസ്ഥാനത്തിന്റെ വീരനായകരെന്ന നിലയില്‍ നമ്മള് അവസാനനിമിഷംവരെ തന്റേടത്തൊടെ നില്‍ക്കണം. പിന്നെയും, തലപോകുന്നെങ്കില്‍ അത് വിധിയെന്ന് കരുതണം സഖാക്കളേ."
"അല്ല ചേട്ടാ... ഇങ്ങോട്ട് കേറിവന്നപ്പം ഭാര്യയോട് പ്രോമിസ് ചെയ്തിട്ടാ വന്നേ..."
"എന്തോന്ന്?"
"പത്ത് പവന്റെ ഒരു സ്വര്‍ണമാല കൊണ്ടുചെല്ലാവെന്ന്.." ബൈജു മൂക്ക് തുടച്ചു.
"സാരമില്ല അനിയാ, നിനക്ക് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലേലും ഇവിടത്തെ മലയാളികള്‍ പിരിവെടുത്ത് ഒരു... അഞ്ചാറു പവന്റെ മാലയെങ്കിലും നിന്റെ പെണ്ണുമ്പിള്ളയ്ക്ക് എത്തിച്ചുകൊടുക്കാതിരിക്കില്ല. ധൈര്യമായിരിക്ക്.."
"ങ്ഹാ... അതുമതി. ഇനിയിപ്പം ചത്താലും കൊഴപ്പമില്ല. അവള് പെട്ടെന്നൊന്നും വേറൊരുത്തന്റെ മേല്‍ കെട്ടിക്കേറത്തില്ലല്ലോ!" - ബൈജു മെല്ലെ ശാന്തനാവാന്‍ ശ്രമിച്ചു.
തൌഫീഖോ? പൊതുവെ ഉരുണ്ടുവീര്‍ത്ത അയാളുടെ മുഖം ഒന്നുകൂടി വീര്‍ത്ത് വിളറി.. വികാരപ്രപഞ്ചമായിട്ടുണ്ട്. സ്ത്രീവേഷമയതിനാല് കലാപരമായിത്തന്നെ ആ മുഖത്ത് അഭിനയസാധ്യത ഏറെയുണ്ട്. അയാള്‍ വേഷത്തിനൊത്ത ശൈലിയിലും ഒച്ചയിലും പറയുന്നു:
"എനിക്ക് മാലേം താലീം ഒന്നും വേണ്ട സാറേ... എന്റെ തലേംകൂടെ ആ പെട്ടീല് വെച്ചേക്കാന്‍ ഈ പോലീസണ്ണമ്മാരോട് പറഞ്ഞേക്കണെ... തലയില്ലാത്ത എന്റെ ബോഡി കാണാന്‍ തീരെ ബോറായിരിക്കും..."
ഇതൊക്കെ കേട്ടപ്പോള്‍ കുഞ്ഞന്റെയുള്ളിലും ചില കതിനകളൊക്കെ പൊട്ടാന്‍ തുടങ്ങി. താന്‍ ഇവിടത്തെ വലിയൊരു 'ഗഡി'യാണെന്നാ ഈ പാവം പിള്ളേരെടെ വിശ്വാസം. ഇവിടെ താനും അവരും ഒന്നുപോലെ കുറ്റവാളികളയി പിടിക്കപ്പെട്ടിരിക്കുകയാണ്. തലയൊന്നും പോകത്തില്ലെങ്കിലും, പെട്ടെന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് കയറിപ്പോകേണ്ടിവന്നാലത്തെ ദുരവസ്ഥയോര്‍ത്തപ്പോള്‍ കുഞ്ഞന്‍ ആധികേറി.
ഇനിയിപ്പോള്‍ കേസിന്റെ കടുപ്പം കുറയ്ക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് നോക്കണം. കുഞ്ഞന്‍ എല്ലവരോടും സാധാരണ സംഭാഷണം മാതിരിനിസ്സാരമായി ചിലത് അടിവരയിട്ട് പറഞ്ഞു. കേള്‍ക്കുന്നവരൊക്കെ ലോകഭൂപടത്തില്‍ 'ഗ്വാണ്ടെനാമോ' ജയില്‍ തപ്പുന്ന മാതിരി എന്റെ മോന്തായത്തിലേക്ക് തുറിച്ചുനോക്കി അടിമകളെപ്പോലെ നില്‍ക്കുകയാണ്. ഞാന്‍ കിട്ടിയ അവസരം വിനിയോഗിച്ച് ഒരു ഉപദേശിയാവാന്‍ ശ്രമിച്ചു.
"ഇപ്പോള്‍ നമ്മള് യുക്തിയോടെ ചില കാര്യങ്ങള്‍ പറയണം. ഞാന്‍ പറയുന്നമാതിരി നിങ്ങളും പറയണം." - എല്ലാവരും സമ്മതിച്ചു. ചുരുക്കത്തില്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ തെറ്റാതെ എല്ലാവരും സത്യത്തിനൊപ്പം ഇത്തിരി നുണമസാലകൂടി ചേര്‍ത്താല്‍ ശരിയുത്തരം കിട്ടാതിരിക്കില്ല. അവര്‍ ചോദിക്കുന്നതിനൊന്നും വിരണ്ട്-വിറച്ച് മറുപടി പറയരുത് എന്നു മാത്രം.
വെളിച്ചം മങ്ങുന്നു. രംഗം മാറുന്നു. വീണ്ടും വെളിച്ചം:
താടിപ്പോലീസിന്റെ തലവന്‍ തന്റെ കയിലിരുന്ന് നീളന്‍ ബോള്‍പെന്‍ കൊണ്ട് താടി ചീകിച്ചൊറിഞ്ഞ് ഗൌരവത്തില്‍ പറയുകയാണ്.
"നിങ്ങള്‍ ഈ രാജ്യത്തിന്റെ നിയമം ലംഘിച്ചിരിക്കുന്ന വിവരം സംബന്ധിച്ച് എനിക്ക് രഹസ്യപ്പോലീസിന്റെ വിവരം നേരത്തേതന്നെ കിട്ടിയിരുന്നു. ഇപ്പോള്‍ അതിനുള്ള തെളിവുകളും കിട്ടി."
മറ്റൊരു അറബി ആ കടുപ്പമേറിയ ഭാഷയെ ആംഗലീകരിച്ചു. ഞാന്‍ ഒന്ന് മുരടനക്കി... ചിലത് പറഞ്ഞു.
"സാര്‍, ഞങ്ങള്‍ അറിഞ്ഞുകൊണ്ട് യാതൊരു നിയമവും ലംഘിച്ചിട്ടില്ല. ആ പാര്‍ക്കില്‍ പരിപാടി കാണാന്‍ പോയത് തെറ്റാണെന്ന് അറിയില്ലായിരുന്നു?"
"പരിപാടിക്കുള്ള പാസ് ആരുതന്നു?"
"അത് ഒരു റസ്റ്റോറന്റിന്ല് നിന്ന് കിട്ടിയതാ.."
"പരിപാടി നടത്താന്‍ പോലീസധികൃതരുടെ അനുമതി വേണമെന്ന് അറിയാമായിരുന്നില്ലേ?"
"പരസ്യമായി നടത്തുന്ന പരിപാടിക്ക് സ്വാഭാവികമായും അനുമതി കിട്ടിയിരിക്കും എന്ന് കരുതി.." - അങ്ങനെ പറഞ്ഞല്ലേ പറ്റുകയുള്ളു.
"ആരാണ് ഈ പരിപാടിയുടെ സംഘാടകര്‍? നീയല്ലേ അതില്‍ പ്രധാനി...?"
എന്റെ നെഞ്ചില്‍ കനലുകള്‍ തെളിഞ്ഞു. കേസ് ആ വഴിക്ക് നീങ്ങുകയാണെങ്കില്‍ അവസാന കൈക്ക് സംഘടകരില്‍ ചിലരുടെ പേരു പറയം. പക്ഷേ, അറിയാമെന്ന് പറഞ്ഞാല്‍ കൂടുതല്‍ തലവേദനയയേക്കും.
"അല്ല സാര്‍. ഞാന്‍ പരിപാടികണാനെത്തിയ ആയിരങ്ങളില്‍ ഒരാള്‍ മാത്രം. സ്റ്റേജിന്റെ പരിസരത്ത് പോയി എന്നത് ശരിയാണ്. അത് ഇത്ര വലിയ പ്രശ്നമാവുമെന്ന് കരുതിയില്ല."
മറ്റൊരു പോലീസുകാരന് ധൃതിപ്പെട്ട് വന്നു. കുറെ ഫോട്ടോകള്‍ തലവനെ ഏല്‍പ്പിച്ചു. സിദ്ദീഖും ജയരാജ് വാരിയരും ഉള്‍പ്പെടെയുള്ള സര്‍വ്വ അവതാരങ്ങളുടെയും വിവിധ തരത്തിലുള്ള ചിത്രങ്ങള്‍.തലവന്‍ ചോദിച്ചു:
"ഈ ചിത്രങ്ങള്‍ ആരുടേതാണ്? ഇവര്‍ ഇന്ത്യക്കാരല്ലേ?"
"അറിയില്ല സാര്‍. എനിക്കിവരെ പരിചയമില്ല.ആദ്യമായി കണുകയാണ്."
"ആണ് പെണ്‍വേഷം കെട്ടുന്നത് ഇവിടത്തെ വിശ്വസത്തിനെതിരാണെന്ന് അറിയില്ലേ?" - സത്യത്തില്‍ അങ്ങനെയൊരു കാര്യം അപ്പോഴാണ് അറിയുന്നത്. ഇനിയിപ്പോ അറിഞ്ഞതുകൊണ്ട് കിം ഫലം?
"ഏതായാലും നിങ്ങളൊക്കെ കൈയോടെ പിടികൂടപ്പെട്ട പ്രതികളാണ്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ എന്തു ശിക്ഷവേണമെന്ന് കോടതി തീരുമാനിക്കും.." - താടിത്തലവന് വീണ്ടും ബോള്‍പെന്‍ കൊണ്ട് താടിചീകിച്ചൊറിഞ്ഞു.അടുത്ത മുറിയില്‍ പോയിരുന്നുകൊള്ളാന് അതിയാന് പറഞ്ഞു.
ഇരുന്നു. നടന്നു. പിരിമുറുക്കവും തലപെരുപ്പും... ആകെ ഉരുകുകയാണ് മനസ്സ്. നാട്ടില്‍ പെട്ടെന്ന് കേറിച്ചെന്നാല്‍ തല ചായ്ക്കാന്‍ ഒരു വീടില്ലാത്ത അവസ്ഥ. അടിത്തറ പണിതീര്ന്നിട്ടേയുള്ളൂ. വേറെയും കടങ്ങള്‍, ബാധ്യതകള്‍... ആകെ പൊല്ലാപ്പായല്ലോ തമ്പുരാനേ! മഹാധൈര്യശാലിയായ എനിക്ക് ഇത്രയ്ക്ക് മുട്ട് വിരയ്ക്കുന്നെങ്കില് ബക്കിയുള്ള ദുര്ബലഹൃദയരെപ്പറ്റി എന്താ വര്‍ണ്ണിക്കുക? അവരൊക്കെ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന പരുവത്തില്‍ സ്വയം ശപിച്ചും സംഘാടകരെ നാലു തെറിവിളിച്ചും ആശ്വസിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ, അതൊന്നും അവരെ സമാധാനിപ്പിക്കുന്നില്ല.
പുറത്ത് വാങ്കുവിളി മുഴങ്ങി. താടിക്കാര്‍ നിസ്കരിക്കാന്‍ തയാറയി വന്നു. കൂട്ടത്തിലെ ഒരേയൊരു മുസല്മാന് പന്തം കണ്ട പെരുച്ചഴിയെപ്പോലെ നില്കുകയാണ്. ഞാന്‍ 'അയ്യായേ' എന്ന് മനസ്സില്‍ പറഞ്ഞു. നാട്ടിലുള്ള പല ആശാന്മാരും പെരുമഴയത്തു പോലും പള്ളിമുറ്റം കാണാത്തവരാണെന്ന ഒരു കൂട്ടുകാരന്റെ വാക്കുകള്‍ അപ്പോള്‍ ഓര്‍മ്മ വന്നു. ഇവിടെ ഇതാ ഒരു മുസല്‍മന്‍, അതും വിശ്വാസി, നിസ്കരിക്കാന്‍ തുനിയുന്നില്ല. ഞാന്‍ പരഞ്ഞു:
'എടോ.. ബുദ്ധിശൂന്യാ, താന്‍ ഇപ്പോഴെങ്കിലുമൊന്ന് നിസ്കരിക്ക്. അങ്ങനെയെങ്കിലും ഈ കാട്ടുമാക്കാന്മര്ക്ക് തോന്നിക്കോട്ടെ താനും ഒരു നല്ല മുസല്‍മാനാണെന്ന്. എടോ അവരുടെ കൂട്ടത്തില്‍ നിസ്കരിക്ക്..'
അങ്ങനെ തൌഫീക് അവരോടൊപ്പം നിസ്കരിച്ചു. ചടങ്ങു കഴിഞ്ഞ് അവരെല്ലാം എഴുന്നേറ്റിട്ടും, അയാള്‍ പിന്നെയും സീരിയലിനിടയിലെ പരസ്യം മാതിരി എന്തൊക്കെയോ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ട് നിസ്കാരപ്പായില്ത്തന്നെ ചടഞ്ഞിരിക്കുകയാണ്. അതു കണ്ടപ്പോള്‍ താടിക്കാര്ക്കൊക്കെ തമാശ.
'ഹദാ.. സലാ മാഫി ഖലാസ്? അന്ത ഗല്ത് മുസ്ലിമിന്!' - അവരിലൊരാള്‍ കയര്‍ത്തു.
സത്യത്തില്‍, തന്റെ ഭക്തിപാരവശ്യം കണ്ട് ഈ താടിക്കാര്‍ കനിഞ്ഞെങ്കിലോ എന്നായിരുന്നു നമ്മുടെ കാഥാപാത്രം ചിന്തിച്ചത്. (മലയാളിക്കുള്ള ചില കാപട്യങ്ങളില്‍ ഒന്ന് ഇത്തരം അതിശയോക്തി പ്രയോഗമോ പ്രദര്ശനത്വരയോ ആണെന്ന് ആരൊക്കെയോ പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ത്തു.)
നേരം പുലരുകയാണ്. സംഘാടകരായ ആശാന്മാര് പുതച്ചുമൂടി ഉറങ്ങുകയാവാം. ഞങ്ങള്‍ ചില പാവങ്ങള്‍ ഇങ്ങനെ കോച്ചിവിറച്ച് ഉരുകിത്തീരുന്നത് അവര്‍ക്ക് അറിയാമെങ്കിലും 'മറ്റൊന്നിന് ധര്‍മ്മയോഗത്താല്‍ അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക' അവര്‍ക്ക് തീരെയില്ലല്ലോ എന്റെ ചങ്ങനാശ്ശേരി അപ്പാ..! അതായത്... സംഘാടകരായ അവര്‍ കിടക്കേണ്ടിയിരുന്ന ഈ ഇരുമ്പു വാതിലിനുള്ളില്‍ അവര്‍ക്കുപകരം ഞങ്ങള്‍ കിടപ്പുണ്ട് എന്ന ഓര്‍മ്മ പോലുമില്ലാതെ ആ ജന്തുഹൃദയന്മാര് ഉറങ്ങുകയാണല്ലോ.. എന്ന് സാരം.
നേരം വെളുപ്പാങ്കാലം 'അഞ്ചര മണി'യെന്ന് വാച്ച് പറഞ്ഞു.രണ്ടു താടിക്കാര്‍ ഞങ്ങളെ സമീപിച്ചു. അവരുടെ കൈകളില്‍ നല്ല പളപളാ തിളങ്ങുന്ന സൂപ്പര്‍ 'വിലങ്ങുകള്‍' (കൈയാമം) ഉണ്ടയിരുന്നു. എല്ലാവരെയും ആ കുഠാരം കൈകളില്‍ അണിയിച്ച് അവര്‍ ഞങ്ങളെ പുറത്തേക്ക് നയിച്ചു. ജീപ്പില്‍ കിടുങ്ങിയിരുന്ന് വാക്കുകളില്ലാതെ ഞങ്ങള്‍ വിറച്ചു. പാട്ടുകാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് കണ്ടപ്പോള്‍ എനിക്ക് ധാര്‍മ്മികരോഷം ഉച്ചിയിലെത്തി. കിം ഫലം?
കുറെ ദൂരെയുള്ള പോലീസ്സ്റ്റേഷനിലെത്തി ജീപ്പ് നിന്നു. അകത്തേക്ക് സ്വാഗതവും ചൊല്ലി രണ്ട് 'സദീഖൂകള്' നിന്നു. ലോക്കപ്പിന്റെ ചുമതലയുള്ള ഒരു 'പയ്യന് മാതൃക'യിലുള്ള സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞനെയും കൂട്ടുകാരെയും സ്വീകരിച്ച്` അകത്തേയ്ക്ക് കൊണ്ടുപോയി. ലോക്കപ്പ് അഴികള്‍ പറഞ്ഞു...
'വരുക.. കേരള സിംഹങ്ങളേ! നിങ്ങള്‍ കാണാത്ത ഒരു പുതുലോകം ഇതാ!''നഷ്ടപ്പെടുവാനില്ലൊന്നും,ഈ കൈവിലങ്ങുകളല്ലാതെ' - എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.ഒരു പോലീസുകാരന്റെ പരിഹാസച്ചിരി അതിനെ അലിയിച്ചുകളഞ്ഞു.
'വെല്‍ഖാം... വെല്‍ഖാം' -
അവന്റെ ജനിച്ചിട്ട് ഇതുവരെ തേയ്ക്കാത്ത കാപ്പിനിറമുള്ള പല്ലുകള്‍ ഞങ്ങളെ പുലഭ്യം പറഞ്ഞു
(തുടരാതെ രക്ഷയില്ല...)
Subscribe to:
Post Comments (Atom)
2 comments:
'വെല്‍ഖാം... വെല്‍ഖാം' -
തൂടരട്ടേ
ശിവേട്ടാ, കഴിഞ്ഞയിടക്ക്, ബക്രീദ് നാളില്‍ ശിവേട്ടണ്റ്റേതിനു സമാനമായ ഒരനുഭവം ബഷീര്‍ വാറോടിനും ഉണ്ടായപ്പോള്‍, ഇടക്ക് ശിവേട്ടന് വീണ്ടും സംസാരത്തില്‍ കടന്നു വന്നിരുന്നു.. നസീറിക്കാക്കും ഫൈസലിനും (കോബാര്‍) ഒക്കെ ശിവേട്ടന് ഇപ്പോഴും നീറുന്ന ഓര്‍മകളായി നില്‍ക്കുന്നുവെന്ന് സംസാരത്തില്‍ മനസ്സിലായി.. ശിവ്വേട്ടണ്റ്റെ ചാരുകേശി ബ്ളോഗ് ഞാന്‍ അവര്‍ക്കു പരിചയപ്പെടുത്തുകയും ചെയ്തു... പ്രവാസ ജീവിതത്തില്‍ നമ്മളൊക്കെ അനുഭവിക്കുന്ന മാന്സിക സംഘര്‍ഷങ്ങള്‍ വാക്കുകളിലൂടെ വരച്ചു കാട്ടുന്നതിനു നന്ദി, എഴുതിയാലും എഴുതിയാലും തീരാത്ത അനുഭവങ്ങള്‍ കാണുമല്ലോ.. അതൊക്കെ ഇങ്ങു പോരട്ടെ...
ഇടയില്‍ നാട്ടിലേക്ക് പൊയവര്‍ അനവധി.. തോമസ് മാഷ്, സുബൈര്‍ തുക്ക്ബ, തോമസ് മാഷിനു അനൌപചാരികമായ ഒരു യാത്രയയപ്പു നടന്നിരുന്നു പള്ളിക്കൂടത്തിണ്റ്റെ വക.. സുബൈര്‍ തുക്ക്ബക്ക് അതിനുള്ള സമയം പോലും കിട്ടിയില്ല..
പുതിയ ഭൂമികയില്‍ വീണ്ടും പ്രവാസ ജീവിതം തൂടങ്ങിയെന്നു കരുതുന്നു.. പ്രൊഫൈല്‍ നോക്കിയപ്പോള്‍ അജ്മാന് എന്നു കണ്ടു.. പുതിയ ജീവിതത്തിനു എല്ലാ ആശംസകളും...
Post a Comment