Sunday, October 01, 2006

"അഭിനവ രാഷ്ട്രീയം"

ഒക്‌റ്റോബര്‍ സാമൂഹികമായ തിരിച്ചറിവില്‍ നഷ്ടങ്ങളുടേതാണ്‌. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ വെറും വ്യാപാര ലേബലുകള്‍ മാത്രമായ, സ്വതന്ത്ര്യത്തിന്റെ ശുദ്ധികള്‍ക്കുമേല്‍ നിരപരാധികളുടെ ചോരവീഴുന്ന, വെറും ആള്‍ക്കൂട്ടങ്ങളായി രാഷ്ട്രീയം ചിതറുന്ന ജനാധിപത്യം. കയ്യൂരും കരിവെള്ളൂരും മൊറാഴയും... എന്തിനേറെ പുന്നപ്ര-വയലാറിന്റെ പോലും രണസ്മൃതികള്‍ പൈങ്കിളിസാഹിത്യമായി ഗ്രൂപ്പുകളിക്കുന്ന ഇക്കാലം... വല്ലാത്തൊരു കെട്ട കാലമാണെന്ന്‌ പറയാതെ പറ്റില്ല. 'അധികാരം മറവിയുടെ ഉത്സവമാണ്‌' എന്ന്‌ പറഞ്ഞാല്‍ അതില്‍ തെറ്റുമില്ല. എന്നാല്‍ തെറ്റുകളെ തിരുത്തുന്നതിന്‌ ജനപക്ഷത്ത്‌ നില്‍ക്കേണ്ട അച്ചടി-ഇല്‌ക്ട്രോണിക്‌ മാധ്യമങ്ങള്‍ പോലും കച്ചവടതന്ത്രത്താല്‍ തനി അവസരവാദവും, സ്‌കൂപ്പിനായുള്ള തരംതാണ വാര്‍ത്തകള്‍ ചമയ്ക്കലും മാര്‍ഗങ്ങളാക്കിക്കൊണ്ട്‌ തെറ്റിന്റെ വഴികളിലാണ്‌. അരാഷ്ട്രീയവാദം ഇതിന്നൊരു പരിഹാരമല്ല. തലവേദന മാറ്റാന്‍ ആരും തല വെട്ടിക്കളയാറില്ലല്ലോ!
ഒക്റ്റോബറിന്റെ മറ്റൊരു നഷ്ടമായ 'വയലാര്‍ രാമവര്‍മ്മ'യുടെ വരികള്‍ മുഴങ്ങുന്നില്ലേ?
'പ്രവാചകന്മാരേ... പറയൂപ്രഭാതമകലെയാണോ...?
പ്രപഞ്ച ശില്‌പികളേ... പറയൂപ്രകശമകലെയാണോ?'
ഞാന്‍ ഒരു അരാഷ്ട്രീയവാദിയല്ല. പരിമിതവിഭവന്മാര്‍ രാഷ്ട്രീയരംഗത്തെ മലിനമാക്കിയതില്‍ ദുഖിതനുമാണ്‌. ഈ വരികള്‍ എന്റെ 'മനസ്സിന്റെ ചൊറിച്ചിലാ'ണെന്ന്‌ കരുതിയാല്‍ മതി.
"അഭിനവ രാഷ്ട്രീയം"
രാഷ്ട്രീയമെന്തെന്ന് ചൊല്ലെന്റെ കൂവേ.. ..
പോഴത്തമെന്നേ പറയേണ്ടതുള്ളു.
നാറുന്ന പാഴ്‌വസ്തു, കീടങ്ങളെല്ലാം
നാക്കിന്റെ തുമ്പത്ത്‌ നഞ്ചായ്‌ വിളഞ്ഞും
ഗ്രൂപ്പിന്റെ പേരില്‍ ഗുരുത്വം മറന്നും
പോക്കെറ്റു നോക്കിപ്പിണക്കം വെടിഞ്ഞും
നാടിന്റെ മാനങ്ങളെല്ലാം തകര്‍ത്തും
നാട്ടാരെയൊക്കെപ്പിഴിഞ്ഞും തൊഴിച്ചും
കത്തുന്ന തീയിലേക്കെണ്ണയിറ്റിച്ചും
പൊല്ലാപ്പുകാട്ടുന്ന വല്ലാത്ത വര്‍ഗ്ഗം,
എല്ലൊടിഞ്ഞെല്ലാം ത്യജിച്ചും തപിച്ചും
വല്ലപാടും നിരങ്ങുന്ന മര്‍ത്ത്യന്റെ
തോളില്‍ക്കരേറി മിടുക്കുകള്‍ കാട്ടി
`ഹുര്‍.. ഹുറേ..` തുള്ളുന്ന ജനകീയന്യായം.
രാഷ്ട്രീയമെന്നാലിതെന്നേ ധരിപ്പൂ
വോട്ടറായ്‌ മാത്രം വിലപ്പെട്ട നമ്മള്‍.
രാത്രിയില്‍ സൂര്യന്‍ ഉദിക്കാത്തതല്ലോ
ഭാഗ്യമായ്ത്തീര്‍ന്നു നമുക്കെന്നു ഞായം.
രാക്ഷസീയത്തിന്റെ `രാ`യിലൊരല്‍പം
`ഈയം` കലര്‍ത്തിയാലാല്‍ കിട്ടുന്ന മിശ്രിതം
നന്നായ്‌ പിരട്ടിക്കുലുക്കിക്കലക്കി,
നന്ദികേടിന്റെയാ ഫ്ലേവറും ചേര്‍ത്ത്‌,
നാലഞ്ചു കക്ഷിതന്‍ നാരായവേരും
അബ്‌കാരി ലോബിതന്‍ കൈക്കൂലിനോട്ടും
ആദര്‍ശമഞ്ചാറു കാന്താരി മുളകും
നാഴൂരിവെള്ളത്തില്‍ വെച്ചുവറ്റിച്ച്‌
നാലൌണ്‍സായിക്കുറുക്കിയിറക്കി,
ഇന്ദുപ്പുപോലാം കുടുംബമാഹാത്മ്യം,
ചുക്കോളമൊക്കും മതജാതി വൈരം,
കല്‍ക്കണ്ടമാകുന്ന കള്ളത്തരങ്ങള്‍ഒ
ക്കെനുണഞ്ഞു ചെലുത്തിയാല്‍ മാത്രം
ഇക്കാലഘട്ടത്തിനൊക്കും വിധത്തില്‍
രാഷ്ട്രീയമായെന്ന്‌ ചൊല്ലിടാം കൂവേ.. .!"

4 comments:

രാജ് said...

സ്വയം ചുമക്കുവാന്‍ വയ്യാത്ത ഭാരം കഴുതകള്‍ക്കു മേല്‍ ചുമത്തുമ്പോള്‍ ഓര്‍ക്കണമായിരുന്നു കഴുതുകള്‍ ഭരിക്കുന്ന കാലം വരുമെന്നു്.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അതല്ലാതെ, നമ്മള്‍ക്കും കഴുതയാകുവാന്‍ പറ്റുമോ സ്നേഹിതാ?
പക്ഷേ, ചുമലിലുള്ള കുങ്കുമത്തിന്റെ വിലയറിയുന്നവനെ കഴുതയെന്നും വിളിക്കാന്‍ പറ്റില്ല...! അപ്പോള്‍പ്പിന്നെ... ഏതുതരം ആധിപത്യമാവും വന്നുചേരുക?

Anonymous said...

കണ്ടു, പോന്നോട്ടെ പോന്നോട്ടെ..

Kaippally said...

കവിത കൊള്ളാം.

നന്നായി വരട്ടെ.