Monday, September 25, 2006

'മൈനാഗന്‍' അല്ലെങ്കില്‍ 'ഒരു തലപ്പേരിന്റെ ഉല്‍ഭവം'

കുറേ മാസങ്ങളായി അദ്ദേഹം വളരെ തിരക്കിലായതിന്റെയും, മിണ്ടാട്ടം പോലും കുറഞ്ഞുവന്നതിന്റെയും അടിസ്ഥാനത്തില്‍ കാരണം കാണിക്കല്‍ നോട്ടീസുമായി പോയതായിരുന്നു ഞാന്‍.
'എന്താ സുഹൃത്തേ, ഈയിടെയായി തീരെ കിട്ടുന്നില്ലല്ലോ. ഗൗരവമുള്ള വല്ല സോദ്ദേശ്യ സാഹിത്യത്തിന്റെയും രചനയിലാണോ?' തുടങ്ങിയ എന്റെ കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍, അതിയാന്‍ പറഞ്ഞാണു ബ്ലോഗിങ്ങിനെപ്പറ്റി അറിയുന്നതു തന്നെ. എങ്കിലും ഇന്റര്‍നെറ്റിന്റെ പരിമിത പരിധിയിലേയ്ക്കു എത്തിചേരാന്‍ കഴിവുള്ളവനായി മാറാന്‍ ഞാന്‍ പിന്നെയും ആറു മാസക്കാലമെടുത്തു. ശ്രീനിവാസന്റെ ദാസനും മോഹന്‍ലാലിന്റെ വിജയനും മാത്രമല്ല എല്ലാവര്‍ക്കും അവരവരുടേതായ ചില സമയങ്ങള്‍ ഉണ്ടല്ലോ!
ഇതിനിടയില്‍ പത്രത്തിലൂടെ ഒരു ഇ-വിദ്വാന്‍ പ്രസ്തുത വിദ്യയുടെ പ്രാഥമികവും അടിസ്ഥാനപരവുമായ കാര്യകാരണങ്ങള്‍ വിശദീകരിച്ചതില്‍ സംശയങ്ങള്‍ നിലനില്‍ക്കെ കണ്ടുപിടിച്ചിട്ടുതന്നെ കാര്യം എന്ന മട്ടില്‍ സേര്‍ച്ച്‌ ലൈറ്റുമായി സര്‍ഫിങ്ങിനിറങ്ങി.ചില ചില ഗൂഗിള്‍ ഇടവഴികളിലും കേരളാ ബ്ലോഗുകളുടെ മുക്കവല നാല്‍ക്കവലകളിലും കൗതുകകരമായ ചുവരെഴുത്തുകളും പോസ്റ്ററുകളും ആത്മകഥനങ്ങളും ചില കുഞ്ഞുരാമന്മാരുടെ പൊടിക്കൈകളുമൊക്കെ കണ്ടുകണ്ടു സ്വയം മറന്നു പോയതിനാല്‍ നേരം വൈകിയതും രാത്രി കരിമ്പടം ചൂടിയതതും അറിഞ്ഞതേയില്ല.
വഴിപ്ക്കരൊക്കെ മാറിയും തിരിഞ്ഞും പദ്യരൂപത്തില്‍ ചോദിക്കാന്‍ തുടങ്ങിയപ്പോല്‍ ഈയുള്ളവന്‍, കുഞ്ഞന്‍, വിയര്‍ത്തുകുളിച്ചു.

'കുഞ്ഞാ... കുഞ്ഞാ എവിടെപ്പോയി?
കൂനങ്കുളങ്ങരെ വെബിനു പോയി.
ഗൂഗിള്‍ കണ്ടാല്‍ പേടിക്കില്ലേ?
കുഞ്ഞനിതെത്ര കണ്ടേക്കുന്നു?
വെബ്‌ കിടച്ചാല്‍ എന്തു ചെയ്യും?
ബ്ലൊഗെടുത്തൊരു വീശു കൊടുക്കും.

അവരുടെ ബാലൈ മോഡല്‍ ചര്‍ച്ചയ്ക്കിടയില്‍, 'വീട്ടുപേരെന്ത്‌? തലപ്പെരെന്ത്‌? തുടങ്ങിയ ചോദ്യങ്ങളുണ്ടായപ്പോല്‍ സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ സൈക്കിളില്‍ ലോഡുകയറി വന്നവനെ പോലീസ്‌ പിടികൂടിയ പരുവത്തില്‍ ഞാന്‍ ആകെ പരുങ്ങി നില്‍പ്പായി. അങ്ങനെയുള്ള തത്രപ്പാടിനിടയില്‍ വായില്‍ തോന്നിയ ഒരു പേരു ഏണും കോണുമില്ലാതെ 'മൈനാഗന്‍' എന്ന് അലക്കിക്കൊടുത്തു. അതവര്‍ക്ക്‌ ഇഷ്ടപ്പെട്ടു. കുഞ്ഞന്‍ ലോ പ്രൊഫയിലിലുള്ള വെറും വിഡ്ഡി കൂശ്മാണ്ഡമല്ലെന്നും, ഏതോ മുടിഞ്ഞ വലിയ തറവാട്ടിലേതാണെന്നും ചിലര്‍ക്ക്‌ കണ്‍ഫ്യൂഷനുണ്ടായി. 'കുഞ്ഞനെ കണ്ടാലറിയാം കൂരയിലെ പഞ്ഞം' എന്ന പുതുചൊല്ല് ഇങ്ങനെയാണുണ്ടായത്‌. ചുരുക്കതില്‍ അവരെന്നെ തപ്പിപ്പിടിച്ച്‌ തിരികെ വീട്ടിലെത്തിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ!

'ഒരു പേരിലെന്തിരിക്കുന്നു?' എന്നൊക്കെ ' കുന്തം കുലുക്കി'കള്‍ക്കു ചോദിക്കാമെങ്കിലും, പേരിലല്ലേ വല്ലതും ഇരിപ്പുള്ളു, തലയ്ക്കുള്ളില്‍ അത്രയ്ക്കൊന്നും ഇരിപ്പില്ലല്ലോ എന്ന് ബോധ്യമുള്ളതിനാല്‍ വായില്‍ തോന്നിയ വെറുമൊരു പേരിനു ഇനി ന്യായീകരണം കണ്ടെത്തുകയാണു പ്രധാന കര്‍ത്തവ്യം.

പുരാണം, ഇതിഹാസം, ചരിത്രം. സംസ്കാരം, ഭാഷ, സാഹിത്യം, സിനിമ, മിമിക്രി, സിനിമാറ്റിക്‌ ഉഡാന്‍സ്‌, തുടങ്ങിയ സര്‍ഗ്ഗക്രിയാതലങ്ങളിലൊക്കെയിട്ട്‌ ഉരുട്ടിപ്പിരട്ടി ഒരു ഗവേഷണ പ്രബന്ധം തന്നെ അതിന്നായി തയ്യാറാക്കണം. ഒരു ശ്രമം നടത്തിനോക്കാം. കൂട്ടര്‍ കൈകോര്‍ത്ത്‌ സഹാ‍യിച്ചാല്‍ ഇക്കാര്യം നടന്നേക്കും. പുരാണേതിഹാസങ്ങളിലുള്ള കണ്ടെത്തല്‍ ഇപ്രകാരം അവതരിപ്പിക്കാം. അപ്പോള്‍ സ്വാഭാവികമായും ഒരു തരം 'ടെലിഭാഷന്‍' പിടിപെട്ട പെങ്കുളന്തൈകളെപ്പോലെ സംഭാഷണിച്ചു പോകാതിരിക്കാന്‍ സൂക്ഷിക്കണം.

വാല്മീകിയെന്ന സന്യാസിക്ക്‌ 'മാനിഷാദ' ശാപശകാരമായി തോന്നിയതിനു ശേഷം മഹാനായ ഒരു രാജാവിന്റെ കഥ പറഞ്ഞ കാവ്യത്തില്‍ 'മൈനാകം'എന്ന പദം ഉപയോഗിച്ചിരിക്കുന്നു. അതൊരു പര്‍വതമാണു. അമ്പമ്പട രാവണന്‍ പുഷ്പക എയര്‍വേയ്സില്‍ വന്നു കിഡ്നാപ്‌ ചെയ്തു കൊണ്ടുപോയ പാവം സീതയെത്തേടി വാനരജനതയുടെ അധിവാസഭൂമിയിലെത്തി, അവരുടെ ഗോത്രനേതാക്കളെ തമ്മിലടിപ്പിച്ച്‌, ഒരാളെ തുലച്ച്‌ രണ്ടാമനെ സേനാധിപനാക്കിയ രാജകുമാരന്‍ സേതുബധിക്കാനെത്തിയപ്പോള്‍ സംഘത്തിലെ അസാധാരണനും അതിശക്തനുമായി മെഗാസ്റ്റാര്‍ പദവി കൈവരിച്ചയാളാണു ഭഗവാന്‍ ഹനുമാന്‍. അതിയാനു ലോങ്ങ്‌ ജമ്പില്‍ അത്ര പരിചയം കുറവായിരുന്നതിനാല്‍ ഒറ്റ ചാട്ടത്തിനു അക്കരെയുള്ള ലങ്കയിലെത്താന്‍ ബുദ്ധിമുട്ടാകുമെന്ന തോന്നലുണ്ടായി. എന്നാല്‍പ്പിന്നെ ഭഗവല്‍പാദങ്ങള്‍ തന്റെ ഉച്ചിയില്‍ അല്‍പ്പനേരം ഒന്നിളവേറ്റു കൊള്ളട്ടെ എന്ന നേര്‍ബുദ്ധിയാല്‍ സമുദ്രാന്തര്‍ഭാഗത്തുനിന്ന് മൈനാകം ഉയര്‍ന്നു വന്നതായും ഹനുമാനെ താല്‍ക്കാലികമായി സേവ്‌ ചെയ്ത്‌ ഫോര്‍വേഡാക്കിയിട്ട്‌ മുങ്ങിത്താണതായും പറയപ്പെടുന്നു.
(ബിച്ചു തിരുമല ഈ സംഭവത്തിനു സാക്ഷിയാണെന്നു ചരിത്രരേഖകളിലൂടെ ഈ കോടതിക്ക്‌ നിസ്സംശയം പറയാന്‍ കഴിയും. ആ ഓര്‍മയില്‍ നിന്നാവണമല്ലോ അദ്ദേഹം 'മൈനാകം കടലില്‍ നിന്നുയരുന്നുവോ?' എന്ന പാട്ടെഴുതിയത്‌.

ഈ മൈനാകം ഉള്‍പ്പെടെയുള്ള പര്‍വ്വതങ്ങള്‍ക്കെല്ലാം പണ്ട്‌ ചിറകുകള്‍ ഉണ്ടായിരുന്നതായും, അവ അവരവരുടെ ഇഷ്ടപ്രകാരം എയര്‍ ഇന്ത്യയെപ്പോലെ സമയവും കാലവും തെറ്റി സര്‍വീസ്‌ നടത്തിയിരുന്നതായും അനുമാനിക്കാം. അങ്ങനെ ലിബറലായി ചിന്തിച്ചിരുന്ന കാലത്ത്‌ തോന്നുന്നതെന്തും ചെയ്ത്‌ ഒരു മാതിരി ടീനേജ്‌ വിജ്ഞാനീയത്തിലൂടെ വളര്‍ന്ന അഹങ്കാരികളും അധികപ്രസംഗികളുമായി കാലം കഴിച്ചിരുന്ന ഇവര്‍ ഒരിക്കല്‍ സാക്ഷാല്‍ ദേവേന്ദ്രന്റെ സ്വേച്ഛാധിപത്യത്തിനെതിരേ നമ്മുടെ കലാലയ വിദ്യാര്‍ത്ഥികളുടെ സ്റ്റൈലില്‍ കലുഷിതമായ കലാപം നയിച്ചതില്‍, പാരപണിയുടെ ഉസ്താദായ അങ്ങോര്‍ ഇവറ്റകളുടെയൊക്കെ ചിറകുകള്‍ മുറിച്ചെറിഞ്ഞ്‌ നല്ലനടപ്പിനു ശിക്ഷിച്ചുവത്രേ.

കൂട്ടത്തില്‍ നിന്ന് ഒറ്റച്ചിറകുമായി ഭൂമിയിലേക്ക്‌ രക്ഷപ്പെട്ട മൈനാകം ബാലന്‍സ്‌ തെറ്റി വീണത്‌ തെക്കന്‍ കേരളത്തിലെ കീര്‍ത്തികേട്ട ശുദ്ധജലതടാകത്തിനു പരിസരത്തുള്ള ഒരു ഗ്രാമത്തിലായിരുന്നതായി അവിടങ്ങളില്‍ ഐതിഹ്യവുമുണ്ട്‌. കാലക്രമത്തില്‍ മനുഷ്യനെ വാര്‍ദ്ധക്യം പരുവപ്പെടുത്തുന്നതുപോലെയോ, വിപളവത്തെ ജനാധിപത്യം പട്ടുസാരി ഉടുപ്പിക്കുന്നതു പോലെയോ എന്ന മട്ടില്‍ പറഞ്ഞാല്‍, ഉരഞ്ഞുരഞ്ഞു മൈനാകത്തിലെ 'ക' 'ഗ'യായി മാറി. മൈനാകം മൈനാഗമായി എന്നര്‍ധം. വിശ്രമിച്ചു കഴിഞ്ഞു പര്‍വതം വീണ്ടും പറന്നുപോയെങ്കിലും ആ ഗ്രാമത്തിന്റെ പേരു 'മൈനാഗപ്പള്ളി' എന്നായി മാറി. ആ നാട്ടുകാരനായതിനാല്‍ ഈ പേരുപയോഗിക്കുന്നതിനു വിലക്കുണ്ടാവില്ല എന്ന വിശ്വാസത്തില്‍ തുടങ്ങുന്നു. ഇപ്പോള്‍ത്തന്നെ ഞാന്‍ കണ്ടെത്തിയ പേരിനു ആവശ്യത്തിലധികം ന്യായീകരണമായിട്ടുണ്ട്‌. അല്ലേ?

അതുകൊണ്ട്‌ പ്രിയ വായനക്കാരേ, എല്ലാവരും അല്‍പം തല ചായ്ചോളൂ. അപ്പോള്‍ തലയണയുടെ ആവശ്യകത ഒരു പ്രശ്നമാണെന്നറിയുന്നു. ബോറടിച്ചെങ്കില്‍ തല്‍ക്കാലം നമുക്ക്‌ തലയണയെപ്പറ്റി ഒരു മിനിക്കഥ ചമച്ചാലോ? നോക്കാം.

'തലയണതന്ത്രം'

'നിന്റെ ചിരി ക്രൂരമാണു' തലയണ പരാതി പറഞ്ഞു.
'പൊള്ളയായ നിന്റെ തലഭാരം താങ്ങാന്‍ ഇനി ഞാനില്ല. നാറുന്ന നിന്റെ വായും ഈളുവായും, പെണ്ണിനെ സന്തോഷിപ്പിക്കാന്‍ വെറുതെ പറയുന്ന പുന്നാരവാക്കുകളിലെ അസഭ്യവും. ഛെ.. ഛെ...! ഓര്‍ക്കുമ്പോള്‍ത്തന്നെ ഓക്കാനം വരുന്നു. വേണ്ടാ. ഇനി വയ്യ. വേറെ ആളെ നോക്കിക്കോ.

''പെണങ്ങാതെ തലയണേ, നമുക്ക്‌ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കാം. തല ഊറിച്ചിരിച്ചു.

'എന്തോന്ന് ചര്‍ച്ച? രൂക്ഷമായ വംശീയകലാപത്തിനു ശേഷം എതിരാളികള്‍ ചെയ്യാറുള്ളതു പോലെ ആയുധം പിന്നിലൊളിപ്പിച്ച്‌ പുഞ്ചിരിക്കുന്നതല്ലേ നീ അര്‍ത്ഥമാക്കുന്ന ചര്‍ച്ച? അതില്‍ എനിക്കു വിശ്വാസമില്ല.' തലയണ വിയോജിച്ചു.

'ഏയ്‌... നമ്മള്‍ ഏകോദര സഹോദരങ്ങളല്ലേ?' തലയ്ക്കു നയതന്ത്രം തോന്നി.

'എങ്ങനെ ശരിയാവും? ഞാന്‍ ഉള്ളില്‍ നിറയെ ബുദ്ധിയും സൗമ്യതയുമുള്ളവന്‍. നീയോ? കണ്ട പൈങ്കിളി പ്രസ്താവനകളുമായി പത്രമോഫീസുകള്‍ തെണ്ടി, പാന്‍പരാഗും പട്ടച്ചാരായവും സേവിച്ച്‌, അഴിമതിയുടെ അവസരസേവകനായി ഞെളിയുന്ന, സദാചാരം തീരെയില്ലാത്ത രാഷ്ട്രീയക്കാരന്‍..' തലയണയ്ക്കു പ്രതിതന്ത്രമാണ്‍ തോന്നിയത്‌.

'നിന്നെ സൃഷടിച്ചതുതന്നെ എന്റെ രാഷ്ട്രീയത്തില്‍ നിന്നാണു.അറിയാമോ തലയണേ? തലയുടെ ഗീര്‍വാണതന്ത്രം.

'അതെങ്ങനെ ശരിയാവും? ജനിതകശാസ്ത്രമനുസരിച്ചും ചരിത്രപരമായും നോക്കിയാല്‍ എന്റെയത്ര പുരാതനമായ ഒരു രഹസ്യം സൂക്ഷിപ്പുകാരന്‍ വേറെയുണ്ടാവില്ല. മാത്രവുമല്ല ഞാന്‍... ...'

തലയണയുടെ വാദം നീളാന്‍ തലയുണ്ടോ അനുവദിക്കുന്നു!
'വിഡ്ഡിയായ തലയണേ, പ്രകടനപത്രികയില്‍ നിന്നാണു നിന്റെ പുറവടിവ്‌ ഞാനുണ്ടാക്കിയത്‌. കൊടികളുടെ വിവിധ നിറങ്ങള്‍ നിന്റെ മനോഹാരിത വര്‍ധിപ്പിച്ചു. വര്‍ഗീയത, ജാതീയത, അസഹിഷ്ണുത, അധികാരഭ്രമം, പണക്കൊതി എന്നിവയൊക്കെ സമം ചേര്‍ത്ത്‌ ഞാന്‍ നിന്റെ വയര്‍ നിറച്ചു. ഒപ്പം, അരക്കഴഞ്ചു വീതം വക്രബുദ്ധി, വാചാടോപം, നാലുകാലില്‍ വീഴാനുള്ള വിദ്യ, സ്വന്തം നാവിനെ വിഴുങ്ങാനുള്ള മിടുക്ക്‌ ഇതൊക്കെ ചേര്‍ന്നതാണു നിന്റെ...'

തലയലണയ്ക്ക്‌ ക്ഷമകെട്ടു.
'ഓ... നിറുത്തൂ നിന്റെ ഗിരിപ്രഭാഷണം! നിന്റെ കുബുദ്ധിയെക്കാള്‍ എനിക്കിഷ്ടം നിന്റെ പെണ്ണിന്റെ നേര്‍ബുദ്ധിയാ. ഞാന്‍ എന്റെ പരാതികല്‍ അവളോട്‌ പറഞ്ഞോളാം. ഒറ്റയ്ക്കുള്ള രാത്രികളില്‍ അവള്‍ക്കു എന്നെ ഒളിക്കാനാവാത്ത ചില രഹസ്യങ്ങളുള്ള സ്ഥിതിയ്ക്ക്‌ ഞങ്ങള്‍ ഒരു കുറുമുന്നണിയുണ്ടാക്കിയാല്‍ നീ തുലഞ്ഞതു തന്നെ.'
ഇത്രയും പറഞ്ഞ്‌ തലയണ പൊട്ടിച്ചിരിച്ചു.

മെഗാസീരിയലിന്റെയും പരദൂഷണത്തിന്റെയും ബാക്കികിടക്കുന്ന അടുക്കളപ്പണിയുടെയും ചെറിയൊരു 'ബ്രേക്ക്‌ വേള'യില്‍ ഓടിയെത്തിയ പെണ്ണാവട്ടെ തലയണയെ ചെവിയ്ക്കു പിടിച്ച്‌ കണവന്റെ തലയ്ക്കുമീതെ ഉയര്‍ത്തി ആഞ്ഞൊരടി കൊടുത്തു.

അതില്‍പ്പിന്നെയാവണം, വില്ലന്മാരായ പല സങ്കുചിത രാഷ്ട്രീയ നേതാക്കളും ഭാര്യാദാസന്മാരായോ ചിലപ്പോള്‍ നപുംസകങ്ങളായോ മാറിപ്പോയതെന്ന് നാട്ടുകാര്‍ പറയുന്നു.
"'

മൈനാഗന്‍ ഇതൊന്നും അത്ര വിശ്വസിച്ചിട്ടില്ല. കേട്ടോ?

15 comments:

കണ്ണൂരാന്‍ - KANNURAN said...

ഉല്‍ഭവം പിടികിട്ടി.........

ടി.പി.വിനോദ് said...

മൈനാഗന്‍ മാഷേ...തലയണമന്ത്രം നന്നായി...ചിരിപ്പിക്കുന്നതിനൊപ്പം ചില ഗൌരവങ്ങളിലേക്കു ചെരിയുകയും ചെയ്യുന്ന എഴുത്ത്..പോരട്ടെ ഇനിയും....

ലിഡിയ said...

മൈനാഗന്‍ ആളത്ര ചില്ലറ പുള്ളിയല്ലെന്ന് പിടികിട്ടി,ഉള്ളറിയാന്‍ കാത്തിരിക്കട്ടെ.

-പാര്‍വതി.

Adithyan said...

മൈനാഗാ,
ബൂലോകത്തേക്കു സ്വാഗതം.
വരൂ, വന്നര്‍മ്മാദിക്കൂ

Anonymous said...

ഹമ്പമ്പാ‍ാ...എന്നാ എഴുത്താണെന്റെപ്പനേ!
സ്വാഗതം! കലക്കികളഞ്ഞല്ലൊ..

ബിന്ദു said...

അപ്പോള്‍ അങ്ങനെയാണല്ലേ ആ പാട്ടുണ്ടാ‍യത്.:)സ്വാഗതം ബ്ലോഗുലോകത്തിലേക്ക്... എഴുതി തകര്‍‌ക്കൂ...

വേണു venu said...

നല്ല ഒഴുക്കില്‍ കാര്യം പറഞ്ഞിരിക്കുന്നല്ലോ.
ചിരിയും ചിന്തയും.നന്നായി.

രാജ് said...

ഹമ്പമ്പടാ ഇത് ഉഗ്രന്‍ പോസ്റ്റ്. പലപ്പോഴായി പിന്മൊഴിയില്‍ ‘മൈനാഗന്‍’ എഴുതുന്ന മൊഴികള്‍ കണ്ടെങ്കിലും ബ്ലോഗ് വരെ വരുവാന്‍ ഇപ്പോഴാണു സൌകര്യമുണ്ടായത്. നന്നായിരുന്നു. തുടര്‍ന്നും എഴുതുക.

Visala Manaskan said...

മാഷ് ഒരു സംഭവം ആണല്ലേ??

തുടക്കം അതിഗംഭീരമായിട്ടുണ്ട് !
എല്ലാവിധ ആശംസകളും. ബൂലോഗത്തേക്ക് സ്വാഗതം ഒരിക്കല്‍ കൂടി പറയുന്നു.

വല്യമ്മായി said...

വീണ്ടും വീണ്ടും എഴുതൂ.നന്നായിരിക്കുന്നു

Sreejith K. said...

സ്വാഗതം ബൂലോകത്തേക്ക്

ഒരു സംശയം മാത്രം. ബ്ലോഗിന്റെ പേരില്‍ </strong> എന്ന് കൊടുക്കുന്നതിനു പകരം അത് ടെമ്പ്ലേറ്റില്‍ കൊടുക്കുന്നതല്ലേ ഉചിതം?

Unknown said...

കിടിലന്‍ ശൈലി!

ഇതാ ഒരു ആരാധകനെ താങ്കള്‍ സമ്പാദിച്ചിരിക്കുന്നു. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

സു | Su said...

സ്വാഗതം :)

SEEYES said...

മൈനാഗാ, സന്തോഷം, സ്വാഗതം.
qw_er_ty

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എല്ലാവര്‍ക്കും നന്ദി.

ലിസ്റ്റ്‌ ചെയ്യപ്പെടാതിരുന്നിട്ടും ഈ കുഞ്ഞന്റെ ബ്ലോഗാലയത്തിലെത്തി കൈയൊപ്പിട്ട മഹാമനസ്കരേ... നിങ്ങളുടെ സങ്കല്‍പ്പരാജ്യങ്ങളില്‍ എത്തിച്ചേരുവാന്‍ ഹൃദയംഗമായ 'പിന്തുണ' നേരുന്നു.

കണ്ണൂരാന്‍, ലാപുട (അപ്പൂട്ടനെന്നാണോ പേര്‌?), പാര്‍വതി, ആദിത്യന്‍, ഇഞ്ചിപ്പെണ്ണ്‌, ബിന്ദു, വേണു, പെരിങ്ങോടന്‍, വിശാലമനസ്കന്‍, വല്ല്യമ്മായി, ശ്രീജിത്ത്‌, ദില്‍ബാസുരന്‍, സു, സീയെസ്‌. എല്ലാം മനുഷ്യരാണെന്നു തോന്നുന്നു.

പേരിന്റെ ഉല്‍ഭവം വ്യക്തിയുടെ ഉല്‍ഭവമായി 'കണ്ണൂരാന്‌' തോന്നുകയില്ലെന്ന് കരുതുന്നു.

'തലയണമന്ത്ര'മല്ല 'തന്ത്ര'മാണ്‌ ശരി, ലാപുടാ...'

'കുഞ്ഞന്‍' അത്ര ചില്ലറ ള്ളിയല്ലെന്ന്‌
'കുഞ്ഞി'യും ഇടയ്ക്ക്‌ പറയാറുണ്ട്‌. മനസ്സറിയാതെയുള്ള ഇത്തരം വിക്രിയകള്‍ക്കിടയില്‍ മനസ്സറിഞ്ഞാലുള്ള അബദ്ധം 'പാര്‍വതി' അറിയുന്നില്ലെന്നാണോ?

പാട്ടുകളുടെ ഉല്‍ഭവത്തെ വിഷയമാക്കി ഗവേഷിച്ചാലോ 'ബിന്ദൂ'?

പെരിങ്ങോടന്‍ രക്ഷപ്പെടേണ്ടുന്ന ഒരു എഴുത്തുകാരനാണ്‌. 'എമ്പ്റ്റിയല്ലാത്ത' ഭാവന കൈയിലുണ്ട്‌. എം. ടി.-യാവണ്ട. സ്വന്തം ചാല്‌ ഉഴുതെടുക്കുക. നമോവാകം.

അത്ര വിശാലമായ മനസ്സല്ലെങ്കിലും, കുഞ്ഞന്‍ എന്തോ 'സംഭവ'മാണെന്നു വിശാലമനസ്കന്‍ പറഞ്ഞത്‌ 'ലജ്ഞ'യുണ്ടാക്കി. കഴിഞ്ഞുകൂടിക്കോട്ടെ കൂട്ടുകാരാ! തമാശയാണേ...

ശ്രീജിത്തിന്റെ നിര്‍ദ്ദേശം ഇതാ നടപ്പാക്കിയിരിക്കുന്നു.

എന്റെ ഒന്നാം ആരാധകന്‌,
സുഖാണോ? പോസ്റ്റുകള്‍ കാണുന്നുണ്ട്‌. ചിലതൊക്കെ ആഴത്തിലുള്ള മുങ്ങിത്തപ്പലാണല്ലോ! നല്ല കാര്യം. ദില്‍ബുവിനെ അസുരനെന്നു വിളിക്കുമ്പോള്‍ 'കമ്പരാമായണം' ഓര്‍മ്മ വരുന്നു. എവിടെയാ കുഴപ്പമെന്ന്‌ പിടികിട്ടുന്നില്ലല്ലോ... രാവണാ!

ദേ... പിന്നേം നന്ദി പറയാന്‍ വരുന്ന്‌...! ഓടിക്കോ...

***
mynaagan