Tuesday, February 12, 2008

ചുവപ്പു റോജാക്കളേ... ജാഗ്രതൈ!

(ഏറെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം മൈനാഗന്‍ വീണ്ടും ചിലത്‌ പറയട്ടെ...)

Photobucket


വാര്‍ത്ത വായിച്ചിട്ട്‌ ചിരിയും കരച്ചിലും ഒന്നിച്ചുവന്നു.
"വാലന്റൈന്‍ ദിനാഘോഷം തടയുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലെ പൂക്കടകളിലും ഗിഫ്റ്റ്‌ സെന്ററുകളിലും ചുവന്ന റോസാപ്പൂക്കള്‍ വില്‌പന നടത്തുന്നത്‌ നിരോധിച്ചു.." വത്രേ!
അപാരമീ ആത്മജ്ഞാനം... അസാധ്യമീ സദാചാരജീവിതം!
പരമകാരുണികനായ പ്രപഞ്ചസ്രഷ്ടാവേ... അങ്ങയുടെ സ്വന്തം പേരില്‍ സദാചാര കമ്മീഷനുകളും അത്യാചാര ഭീകരരും അരങ്ങുതകര്‍ക്കുന്നത്‌, അങ്ങുമാത്രം അറിയുന്നില്ലെന്നാണോ?
ഓര്‍മ്മയില്‍ പഴയ സംഭവങ്ങള്‍ പലതും നുരയിട്ട്‌ വരുന്നുണ്ടെങ്കിലും, ചിലര്‍ക്കെങ്കിലും അതൊക്കെ അനഭിമതമോ, അസ്വീകാര്യമോ... ചിലപ്പോള്‍ മതവികാരവ്രണാഭരണമോ ഒക്കെയായി തോന്നിയേക്കുമെന്നതിനാല്‍.... അതിലേക്കൊന്നും കടക്കുന്നില്ല.എന്തെല്ലാം ന്യായവാദങ്ങള്‍ നിരത്തിയാലും... ലോകത്തിലെ ഏറ്റവും അരാജകസ്വഭാവത്തിലുള്ള യുവത്വം അവിടെയാണുള്ളതെന്ന്‌ ആര്‍ക്കുമറിയാം.
രണ്ടു തോണികളില്‍ കാലുകള്‍വെച്ചുകൊണ്ടുള്ള , അസാമാന്യ സാമര്‍ഥ്യത്തോടെയുള്ള ഭരണവ്യവസ്ഥ തുടരുമ്പോഴും, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍, രണ്ടാം തരക്കാരായി തഴയപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന്‌ വേണ്ടത്ര ഊന്നല്‍ നല്‍കാത്ത രീതി അവിടെ തുടരുന്നു.
അമേരിക്കന്‍ അളിയന്മാരുടെയും സഹകാരികളുടെയും സാങ്കേതികവിദ്യയും വാണിജ്യബലാബലങ്ങളും ഒരുവശത്ത്‌ കൊഴുക്കുമ്പോള്‍; തൊഴിലും പാര്‍പ്പിടവും ഭക്ഷണവും... പിന്നെ വ്യക്തിസ്വാതന്ത്ര്യവും മറ്റുമൊക്കെ ഉള്‍ക്കൊള്ളുന്ന മേഖലകളില്‍ തികഞ്ഞ മനുഷ്യ വിരുദ്ധത നിലനില്‍ക്കുന്നു എന്ന സത്യം അനുഭവിച്ചവര്‍ക്കും അറിയാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കും ബോധ്യമാണ്‌.
തീവ്രവാദം, സദ്ദാം ഹുസ്സൈന്‍, ഒസാമ ബിന്‍ലാദന്‍ എന്നൊക്കെ കേള്‍ക്കുന്നതിലേറെ കോപവും ഈര്‍ഷ്യയും അസഹിഷ്ണുതയും 'മനുഷ്യാവകാശം' എന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ അവര്‍ക്ക്‌ തോന്നുന്നത്‌... എന്തായാലും ഒരു സാധാരണ മനോരോഗമല്ല. രക്തതിലും മജ്ജയിലും വളര്‍ന്നുമുറ്റിയ ഒരുതരം അര്‍ബുദം തന്നെയാണ്‌.
പുറംലോകത്ത്‌ നിയമദണ്ഡുപയോഗിച്ച്‌ അടിച്ചമര്‍ത്തി നിര്‍ത്തിയിരിക്കുന്ന എല്ലാ 'കൊള്ളരുതായ്മ'കളും, സ്വര്‍ണ്ണപാത്രങ്ങളുടെ (Under Cover) അടിയില്‍ സുഖമായി നടന്നുപോകുന്ന, സാംസ്കാരികമായ ക്രയവിക്രയങ്ങളിലൂടെ അല്‍പ്പംപോലും പാകമാകാത്ത ഒരു 'അവിയല്‍' വ്യവസ്ഥയില്‍... ജീവിതം അവിടത്തെ ചെറുപ്പക്കാര്‍ക്ക്‌ നരകമായും നഷ്ടസ്വര്‍ഗ്ഗമായും തോന്നുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടോ?
സര്‍ക്കാര്‍ ഖജനാവില്‍ കുമിഞ്ഞുകൂടുന്ന പണം മയക്കുവെടിയെന്നപോലെ അവരെ തൃപ്തിപ്പെടുത്താന്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാരിക്കോരി ചെലവഴിക്കുന്നുണ്ടെങ്കിലും... ഫലമുണ്ടാകാത്തതും അതുകൊണ്ടുതന്നെയാണ്‌. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക്‌ ആത്മാര്‍ഥതയോടെ 'എനിക്കും എന്റെ നാടിനും വേണ്ടി' എന്ന്‌ ചിന്തിക്കാന്‍ കഴിയണമെങ്കില്‍ അവരുടെ ചിന്തയിലെയും കാലുകളിലെയും ചങ്ങലകള്‍ ആദ്യമായി അഴിച്ചുമാറ്റേണ്ടതുണ്ട്‌.
ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഏറ്റവും അടുത്ത നിമിഷത്തില്‍ ലഭിക്കുന്ന സമ്പന്നന്മാര്‍ക്കിടയില്‍, അതൊക്കെ മോഹിച്ചുകൊണ്ട്‌... ഒന്നും നേടാനാവാതെ നിരാശപ്പെടുന്നവരോട്‌ ഒരു ഭരണാധികാരിക്കും... "വായടക്കൂ" എന്നു പറയാന്‍ അവകാശമില്ല. പറഞ്ഞാല്‍... അവര്‍ അത്‌ വകവെയ്ക്കുകയുമില്ല.
അതുകൊണ്ട്‌, പാവം... ചുവപ്പു റോജാക്കളേ... ജാഗ്രതൈ!
നിങ്ങളുടെ അഴകും സുഗന്ധവും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച്‌ പ്രണയത്തിന്റെ അദൃശ്യമായ പാലം പണിയാന്‍ ഞങ്ങളുടെ 'സദാചാരം' തത്‌കാലം നിങ്ങളെ അനുവദിക്കുന്നില്ല. ഈ വാലന്റൈന്‍ ദിനത്തില്‍, (അതിന്റെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സംജ്ഞകളോട്‌ വിയോജിപ്പുണ്ടെങ്കിലും) എല്ല റോസാപ്പൂക്കളും ചുവന്നതായി മാറട്ടെ എന്ന്‌ ആശംസിക്കുന്നു. എന്തെന്നാല്‍ ആത്മരക്തത്തിന്റെ ചുവപ്പിനാല്‍ എഴുതപ്പെടുന്നതാണ്‌ യഥാര്‍ഥ പ്രണയം എന്ന്‌ എനിക്കും നിങ്ങള്‍ക്കും അറിയാമല്ലോ?
***
അച്ചാര്‍:-
സൗദിയിലായിരുന്നപ്പോള്‍, വെള്ളിയാഴ്ചയുടെ വെളുപ്പാന്‍കാലത്ത്‌,ഒരു ഫോണ്‍ കോള്‍.
'ഞാന്‍... ഓര്‍ബിറ്റ്‌ ചാനലീന്ന്‌ അസീസാ. നിങ്ങടെ ഷേക്കിന്റെ വീട്ടുവാതില്‍ ഒന്ന്‌ തുറപ്പിക്കണമാരുന്ന്‌.'
'അവിടെ വാച്ച്‌മാന്‍ ഒണ്ടല്ലോ. ചെലപ്പോ ഒറക്കത്തിലായിരിക്കും.'
'അരമണിക്കൂറായി ഞാന്‍ തട്ടിവിളിക്കുന്നു.ഇവിടെങ്ങുമില്ല.'
'ആട്ടെ.. എന്താ കാര്യം.. അതിരാവിലെ തന്നെ...?'
'ആകെയൊള്ള നൂറ്റിയിരുപത്‌ ചാനലില്‌ നലെണ്ണം കൊറേ ദെവസ്സമായി തകറാറിലാ. കെഴവനും കെഴവിക്കും അതില്ലാതെ പറ്റില്ല.'
'വല്ല MBCയൊ BBCയൊ ആയിരിക്കും. താന്‍ ഏഷ്യാനെറ്റും കൈരളിയുംകൂടി ഫിറ്റ്‌ ചെയ്ത്‌ കൊടുക്ക്‌. നമ്മടെ ഭാഷയും അവര്‌ ആസ്വദിക്കട്ടെ...'
'അതല്ല കാര്യം. ആ നാല്‌ ചാനലുകളും "തുണിയില്ലാതൊഴിലാളി"കളുടെയാ.. ഇഷ്ടാ! വിദേശിയുടെ സാങ്കേതികവിദ്യയും ശാരീരികവിദ്യയും മോശമാവില്ലല്ലോ. വയസ്സുകാലത്ത്‌ അങ്ങനെയങ്കിലും...!"
***

Thursday, January 11, 2007

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ (രണ്ട്‌:)


കുഞ്ഞനെക്കണ്ടതും ബൈജുവും തൌഫീഖും ഓടിവന്ന്‌ പരിസരബോധമില്ലാതെ കെട്ടിയങ്ങ്‌ പിടിച്ചു.ഇന്നത്തെ 'അയ്യപ്പ ബൈജു' (അന്നത്തെ 'ചിന്ന അപ്പന്‍' ആയിരുന്നു) കരയുന്നമാതിരി ചോദിച്ചു:

"ചേട്ടാ... എവമ്മാര്‌ നമ്മടെ തലയില്ലാത്ത ബാഡി പെട്ടീലാക്കി നെടുമ്പാശ്ശേരിക്കയക്കുവോ?"

കുഞ്ഞന്‌ ഉള്ളിലിലൊരിത്തിരി ചിരി തോന്നിയെങ്കിലും ഗൌരവം നടിച്ചുകൊണ്ട്‌ പറഞ്ഞൂ:

"ചെലപ്പോ അങ്ങനെ സംഭവിച്ചേക്കും. എന്തായാലും നമ്മള്‍ പതറരുത്‌ . മഹത്തായ കലാപ്രസ്ഥാനത്തിന്റെ വീരനായകരെന്ന നിലയില്‍ നമ്മള്‍ അവസാനനിമിഷംവരെ തന്റേടത്തൊടെ നില്‍ക്കണം. പിന്നെയും, തലപോകുന്നെങ്കില്‍ അത്‌ വിധിയെന്ന്‌ കരുതണം സഖാക്കളേ."

"അല്ല ചേട്ടാ... ഇങ്ങോട്ട്‌ കേറിവന്നപ്പം ഭാര്യയോട്‌ പ്രോമിസ്‌ ചെയ്തിട്ടാ വന്നേ..."

"എന്തോന്ന്‌?"

"പത്ത്‌ പവന്റെ ഒരു സ്വര്‍ണമാല കൊണ്ടുചെല്ലാവെന്ന്‌.." ബൈജു മൂക്ക്‌ തുടച്ചു.

"സാരമില്ല അനിയാ, നിനക്ക്‌ നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലേലും ഇവിടത്തെ മലയാളികള്‍ പിരിവെടുത്ത്‌ ഒരു... അഞ്ചാറു പവന്റെ മാലയെങ്കിലും നിന്റെ പെണ്ണുമ്പിള്ളയ്ക്ക്‌ എത്തിച്ചുകൊടുക്കാതിരിക്കില്ല. ധൈര്യമായിരിക്ക്‌.."

"ങ്‌ഹാ... അതുമതി. ഇനിയിപ്പം ചത്താലും കൊഴപ്പമില്ല. അവള്‌ പെട്ടെന്നൊന്നും വേറൊരുത്തന്റെ മേല്‍ കെട്ടിക്കേറത്തില്ലല്ലോ!" - ബൈജു മെല്ലെ ശാന്തനാവാന്‍ ശ്രമിച്ചു.

തൌഫീഖോ? പൊതുവെ ഉരുണ്ടുവീര്‍ത്ത അയാളുടെ മുഖം ഒന്നുകൂടി വീര്‍ത്ത്‌ വിളറി.. വികാരപ്രപഞ്ചമായിട്ടുണ്ട്‌. സ്ത്രീവേഷമയതിനാല്‍ കലാപരമായിത്തന്നെ ആ മുഖത്ത്‌ അഭിനയസാധ്യത ഏറെയുണ്ട്‌. അയാള്‍ വേഷത്തിനൊത്ത ശൈലിയിലും ഒച്ചയിലും പറയുന്നു:

"എനിക്ക്‌ മാലേം താലീം ഒന്നും വേണ്ട സാറേ... എന്റെ തലേംകൂടെ ആ പെട്ടീല്‌ വെച്ചേക്കാന്‍ ഈ പോലീസണ്ണമ്മാരോട്‌ പറഞ്ഞേക്കണെ... തലയില്ലാത്ത എന്റെ ബോഡി കാണാന്‍ തീരെ ബോറായിരിക്കും..."

ഇതൊക്കെ കേട്ടപ്പോള്‍ കുഞ്ഞന്റെയുള്ളിലും ചില കതിനകളൊക്കെ പൊട്ടാന്‍ തുടങ്ങി. താന്‍ ഇവിടത്തെ വലിയൊരു 'ഗഡി'യാണെന്നാ ഈ പാവം പിള്ളേരെടെ വിശ്വാസം. ഇവിടെ താനും അവരും ഒന്നുപോലെ കുറ്റവാളികളയി പിടിക്കപ്പെട്ടിരിക്കുകയാണ്‌. തലയൊന്നും പോകത്തില്ലെങ്കിലും, പെട്ടെന്ന്‌ ജോലി നഷ്ടപ്പെട്ട്‌ നാട്ടിലേക്ക്‌ കയറിപ്പോകേണ്ടിവന്നാലത്തെ ദുരവസ്ഥയോര്‍ത്തപ്പോള്‍ കുഞ്ഞന്‌ ആധികേറി.

ഇനിയിപ്പോള്‍ കേസിന്റെ കടുപ്പം കുറയ്ക്കാന്‍ എന്താണ്‌ മാര്‍ഗ്ഗമെന്ന്‌ നോക്കണം. കുഞ്ഞന്‍ എല്ലവരോടും സാധാരണ സംഭാഷണം മാതിരിനിസ്സാരമായി ചിലത്‌ അടിവരയിട്ട്‌ പറഞ്ഞു. കേള്‍ക്കുന്നവരൊക്കെ ലോകഭൂപടത്തില്‍ 'ഗ്വാണ്ടെനാമോ' ജയില്‍ തപ്പുന്ന മാതിരി എന്റെ മോന്തായത്തിലേക്ക്‌ തുറിച്ചുനോക്കി അടിമകളെപ്പോലെ നില്‍ക്കുകയാണ്‌. ഞാന്‍ കിട്ടിയ അവസരം വിനിയോഗിച്ച്‌ ഒരു ഉപദേശിയാവാന്‍ ശ്രമിച്ചു.

"ഇപ്പോള്‍ നമ്മള്‍ യുക്തിയോടെ ചില കാര്യങ്ങള്‍ പറയണം. ഞാന്‍ പറയുന്നമാതിരി നിങ്ങളും പറയണം." - എല്ലാവരും സമ്മതിച്ചു. ചുരുക്കത്തില്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ തെറ്റാതെ എല്ലാവരും സത്യത്തിനൊപ്പം ഇത്തിരി നുണമസാലകൂടി ചേര്‍ത്താല്‍ ശരിയുത്തരം കിട്ടാതിരിക്കില്ല. അവര്‍ ചോദിക്കുന്നതിനൊന്നും വിരണ്ട്‌-വിറച്ച്‌ മറുപടി പറയരുത്‌ എന്നു മാത്രം.

വെളിച്ചം മങ്ങുന്നു. രംഗം മാറുന്നു. വീണ്ടും വെളിച്ചം:
താടിപ്പോലീസിന്റെ തലവന്‍ തന്റെ കയിലിരുന്ന്‌ നീളന്‍ ബോള്‍പെന്‍ കൊണ്ട്‌ താടി ചീകിച്ചൊറിഞ്ഞ്‌ ഗൌരവത്തില്‍ പറയുകയാണ്‌.

"നിങ്ങള്‍ ഈ രാജ്യത്തിന്റെ നിയമം ലംഘിച്ചിരിക്കുന്ന വിവരം സംബന്ധിച്ച്‌ എനിക്ക്‌ രഹസ്യപ്പോലീസിന്റെ വിവരം നേരത്തേതന്നെ കിട്ടിയിരുന്നു. ഇപ്പോള്‍ അതിനുള്ള തെളിവുകളും കിട്ടി."

മറ്റൊരു അറബി ആ കടുപ്പമേറിയ ഭാഷയെ ആംഗലീകരിച്ചു. ഞാന്‍ ഒന്ന്‌ മുരടനക്കി... ചിലത്‌ പറഞ്ഞു.

"സാര്‍, ഞങ്ങള്‍ അറിഞ്ഞുകൊണ്ട്‌ യാതൊരു നിയമവും ലംഘിച്ചിട്ടില്ല. ആ പാര്‍ക്കില്‍ പരിപാടി കാണാന്‍ പോയത്‌ തെറ്റാണെന്ന്‌ അറിയില്ലായിരുന്നു?"

"പരിപാടിക്കുള്ള പാസ്‌ ആരുതന്നു?"

"അത്‌ ഒരു റസ്റ്റോറന്റിന്‍ല്‍ നിന്ന്‌ കിട്ടിയതാ.."

"പരിപാടി നടത്താന്‍ പോലീസധികൃതരുടെ അനുമതി വേണമെന്ന്‌ അറിയാമായിരുന്നില്ലേ?"

"പരസ്യമായി നടത്തുന്ന പരിപാടിക്ക്‌ സ്വാഭാവികമായും അനുമതി കിട്ടിയിരിക്കും എന്ന്‌ കരുതി.." - അങ്ങനെ പറഞ്ഞല്ലേ പറ്റുകയുള്ളു.

"ആരാണ്‌ ഈ പരിപാടിയുടെ സംഘാടകര്‍? നീയല്ലേ അതില്‍ പ്രധാനി...?"

എന്റെ നെഞ്ചില്‍ കനലുകള്‍ തെളിഞ്ഞു. കേസ്‌ ആ വഴിക്ക്‌ നീങ്ങുകയാണെങ്കില്‍ അവസാന കൈക്ക്‌ സംഘടകരില്‍ ചിലരുടെ പേരു പറയം. പക്ഷേ, അറിയാമെന്ന്‌ പറഞ്ഞാല്‍ കൂടുതല്‍ തലവേദനയയേക്കും.

"അല്ല സാര്‍. ഞാന്‍ പരിപാടികണാനെത്തിയ ആയിരങ്ങളില്‍ ഒരാള്‍ മാത്രം. സ്‌റ്റേജിന്റെ പരിസരത്ത്‌ പോയി എന്നത്‌ ശരിയാണ്‌. അത്‌ ഇത്ര വലിയ പ്രശ്നമാവുമെന്ന്‌ കരുതിയില്ല."

മറ്റൊരു പോലീസുകാരന്‍ ധൃതിപ്പെട്ട്‌ വന്നു. കുറെ ഫോട്ടോകള്‍ തലവനെ ഏല്‍പ്പിച്ചു. സിദ്ദീഖും ജയരാജ്‌ വാരിയരും ഉള്‍പ്പെടെയുള്ള സര്‍വ്വ അവതാരങ്ങളുടെയും വിവിധ തരത്തിലുള്ള ചിത്രങ്ങള്‍.തലവന്‍ ചോദിച്ചു:

"ഈ ചിത്രങ്ങള്‍ ആരുടേതാണ്‌? ഇവര്‍ ഇന്ത്യക്കാരല്ലേ?"

"അറിയില്ല സാര്‍. എനിക്കിവരെ പരിചയമില്ല.ആദ്യമായി കണുകയാണ്‌."

"ആണ്‌ പെണ്‍വേഷം കെട്ടുന്നത്‌ ഇവിടത്തെ വിശ്വസത്തിനെതിരാണെന്ന്‌ അറിയില്ലേ?" - സത്യത്തില്‍ അങ്ങനെയൊരു കാര്യം അപ്പോഴാണ്‌ അറിയുന്നത്‌. ഇനിയിപ്പോ അറിഞ്ഞതുകൊണ്ട്‌ കിം ഫലം?

"ഏതായാലും നിങ്ങളൊക്കെ കൈയോടെ പിടികൂടപ്പെട്ട പ്രതികളാണ്‌. കുറ്റം ചെയ്തിട്ടില്ലെന്ന്‌ തെളിയിക്കാന്‍ നിങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. അതിനു കഴിഞ്ഞില്ലെങ്കില്‍ എന്തു ശിക്ഷവേണമെന്ന്‌ കോടതി തീരുമാനിക്കും.." - താടിത്തലവന്‍ വീണ്ടും ബോള്‍പെന്‍ കൊണ്ട്‌ താടിചീകിച്ചൊറിഞ്ഞു.അടുത്ത മുറിയില്‍ പോയിരുന്നുകൊള്ളാന്‍ അതിയാന്‍ പറഞ്ഞു.

ഇരുന്നു. നടന്നു. പിരിമുറുക്കവും തലപെരുപ്പും... ആകെ ഉരുകുകയാണ്‌ മനസ്സ്‌. നാട്ടില്‍ പെട്ടെന്ന്‌ കേറിച്ചെന്നാല്‍ തല ചായ്ക്കാന്‍ ഒരു വീടില്ലാത്ത അവസ്ഥ. അടിത്തറ പണിതീര്‍ന്നിട്ടേയുള്ളൂ. വേറെയും കടങ്ങള്‍, ബാധ്യതകള്‍... ആകെ പൊല്ലാപ്പായല്ലോ തമ്പുരാനേ! മഹാധൈര്യശാലിയായ എനിക്ക്‌ ഇത്രയ്ക്ക്‌ മുട്ട്‌ വിരയ്ക്കുന്നെങ്കില്‍ ബക്കിയുള്ള ദുര്‍ബലഹൃദയരെപ്പറ്റി എന്താ വര്‍ണ്ണിക്കുക? അവരൊക്കെ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന പരുവത്തില്‍ സ്വയം ശപിച്ചും സംഘാടകരെ നാലു തെറിവിളിച്ചും ആശ്വസിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ, അതൊന്നും അവരെ സമാധാനിപ്പിക്കുന്നില്ല.

പുറത്ത്‌ വാങ്കുവിളി മുഴങ്ങി. താടിക്കാര്‍ നിസ്കരിക്കാന്‍ തയാറയി വന്നു. കൂട്ടത്തിലെ ഒരേയൊരു മുസല്‍മാന്‍ പന്തം കണ്ട പെരുച്ചഴിയെപ്പോലെ നില്‍കുകയാണ്‌. ഞാന്‍ 'അയ്യായേ' എന്ന്‌ മനസ്സില്‍ പറഞ്ഞു. നാട്ടിലുള്ള പല ആശാന്മാരും പെരുമഴയത്തു പോലും പള്ളിമുറ്റം കാണാത്തവരാണെന്ന ഒരു കൂട്ടുകാരന്റെ വാക്കുകള്‍ അപ്പോള്‍ ഓര്‍മ്മ വന്നു. ഇവിടെ ഇതാ ഒരു മുസല്‍മന്‍, അതും വിശ്വാസി, നിസ്കരിക്കാന്‍ തുനിയുന്നില്ല. ഞാന്‍ പരഞ്ഞു:

'എടോ.. ബുദ്ധിശൂന്യാ, താന്‍ ഇപ്പോഴെങ്കിലുമൊന്ന്‌ നിസ്കരിക്ക്‌. അങ്ങനെയെങ്കിലും ഈ കാട്ടുമാക്കാന്മര്‍ക്ക്‌ തോന്നിക്കോട്ടെ താനും ഒരു നല്ല മുസല്‍മാനാണെന്ന്. എടോ അവരുടെ കൂട്ടത്തില്‍ നിസ്കരിക്ക്‌..'

അങ്ങനെ തൌഫീക്‌ അവരോടൊപ്പം നിസ്കരിച്ചു. ചടങ്ങു കഴിഞ്ഞ്‌ അവരെല്ലാം എഴുന്നേറ്റിട്ടും, അയാള്‍ പിന്നെയും സീരിയലിനിടയിലെ പരസ്യം മാതിരി എന്തൊക്കെയോ ആവര്‍ത്തിച്ച്‌ ഉരുവിട്ടുകൊണ്ട്‌ നിസ്കാരപ്പായില്‍ത്തന്നെ ചടഞ്ഞിരിക്കുകയാണ്‌. അതു കണ്ടപ്പോള്‍ താടിക്കാര്‍ക്കൊക്കെ തമാശ.

'ഹദാ.. സലാ മാഫി ഖലാസ്‌? അന്‍ത ഗല്‍ത്‌ മുസ്ലിമിന്‍!' - അവരിലൊരാള്‍ കയര്‍ത്തു.

സത്യത്തില്‍, തന്റെ ഭക്തിപാരവശ്യം കണ്ട്‌ ഈ താടിക്കാര്‍ കനിഞ്ഞെങ്കിലോ എന്നായിരുന്നു നമ്മുടെ കാഥാപാത്രം ചിന്തിച്ചത്‌. (മലയാളിക്കുള്ള ചില കാപട്യങ്ങളില്‍ ഒന്ന്‌ ഇത്തരം അതിശയോക്തി പ്രയോഗമോ പ്രദര്‍ശനത്വരയോ ആണെന്ന്‌ ആരൊക്കെയോ പറഞ്ഞിട്ടുള്ളത്‌ ഞാന്‍ ഓര്‍ത്തു.)

നേരം പുലരുകയാണ്‌. സംഘാടകരായ ആശാന്മാര്‍ പുതച്ചുമൂടി ഉറങ്ങുകയാവാം. ഞങ്ങള്‍ ചില പാവങ്ങള്‍ ഇങ്ങനെ കോച്ചിവിറച്ച്‌ ഉരുകിത്തീരുന്നത്‌ അവര്‍ക്ക്‌ അറിയാമെങ്കിലും 'മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍ അതുതാനല്ലയോ ഇത്‌ എന്ന്‌ വര്‍ണ്യത്തിലാശങ്ക' അവര്‍ക്ക്‌ തീരെയില്ലല്ലോ എന്റെ ചങ്ങനാശ്ശേരി അപ്പാ..! അതായത്‌... സംഘാടകരായ അവര്‍ കിടക്കേണ്ടിയിരുന്ന ഈ ഇരുമ്പു വാതിലിനുള്ളില്‍ അവര്‍ക്കുപകരം ഞങ്ങള്‍ കിടപ്പുണ്ട്‌ എന്ന ഓര്‍മ്മ പോലുമില്ലാതെ ആ ജന്തുഹൃദയന്മാര്‍ ഉറങ്ങുകയാണല്ലോ.. എന്ന്‌ സാരം.

നേരം വെളുപ്പാങ്കാലം 'അഞ്ചര മണി'യെന്ന്‌ വാച്ച്‌ പറഞ്ഞു.രണ്ടു താടിക്കാര്‍ ഞങ്ങളെ സമീപിച്ചു. അവരുടെ കൈകളില്‍ നല്ല പളപളാ തിളങ്ങുന്ന സൂപ്പര്‍ 'വിലങ്ങുകള്‍' (കൈയാമം) ഉണ്ടയിരുന്നു. എല്ലാവരെയും ആ കുഠാരം കൈകളില്‍ അണിയിച്ച്‌ അവര്‍ ഞങ്ങളെ പുറത്തേക്ക്‌ നയിച്ചു. ജീപ്പില്‍ കിടുങ്ങിയിരുന്ന്‌ വാക്കുകളില്ലാതെ ഞങ്ങള്‍ വിറച്ചു. പാട്ടുകാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്‌ കണ്ടപ്പോള്‍ എനിക്ക്‌ ധാര്‍മ്മികരോഷം ഉച്ചിയിലെത്തി. കിം ഫലം?

കുറെ ദൂരെയുള്ള പോലീസ്‌സ്റ്റേഷനിലെത്തി ജീപ്പ്‌ നിന്നു. അകത്തേക്ക്‌ സ്വാഗതവും ചൊല്ലി രണ്ട്‌ 'സദീഖൂകള്‍' നിന്നു. ലോക്കപ്പിന്റെ ചുമതലയുള്ള ഒരു 'പയ്യന്‍ മാതൃക'യിലുള്ള സബ്‌ ഇന്‍സ്പെക്ടര്‍ കുഞ്ഞനെയും കൂട്ടുകാരെയും സ്വീകരിച്ച്‌` അകത്തേയ്ക്ക്‌ കൊണ്ടുപോയി. ലോക്കപ്പ്‌ അഴികള്‍ പറഞ്ഞു...

'വരുക.. കേരള സിംഹങ്ങളേ! നിങ്ങള്‍ കാണാത്ത ഒരു പുതുലോകം ഇതാ!''നഷ്ടപ്പെടുവാനില്ലൊന്നും,ഈ കൈവിലങ്ങുകളല്ലാതെ' - എന്ന്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.ഒരു പോലീസുകാരന്റെ പരിഹാസച്ചിരി അതിനെ അലിയിച്ചുകളഞ്ഞു.

'വെല്‍ഖാം... വെല്‍ഖാം' -
അവന്റെ ജനിച്ചിട്ട്‌ ഇതുവരെ തേയ്‌ക്കാത്ത കാപ്പിനിറമുള്ള പല്ലുകള്‍ ഞങ്ങളെ പുലഭ്യം പറഞ്ഞു

(തുടരാതെ രക്ഷയില്ല...)

Thursday, December 07, 2006

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍

'ഒരാളുടെ സ്വാതന്ത്ര്യം അപരന്റെ മൂക്കിന്‍തുമ്പോളമേയുള്ളു' എന്ന തിരിച്ചറിവില്‍ ചിലതൊക്കെ പറയാം. വിഷയത്തെ തലകുത്തനെ നിറുത്താനോ കാഴ്ചകളെ ഇരുട്ടാല്‍ മറയ്ക്കാനോ താല്‍പര്യമില്ല. അതുകൊണ്ട്‌, അപ്രിയമായ എന്തെങ്കിലുമൊക്കെ കൂട്ടത്തില്‍ കടന്നുവന്നാല്‍ ക്ഷമിക്കുക. ഈയുള്ളവനെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍, തല രക്ഷപ്പെടുത്താന്‍ സഹായിച്ചില്ലെങ്കിലും, നഷ്ടപ്പെടുത്താന്‍ കാരണക്കാരാവരുതെന്ന്‌ വിനീതമായ അപേക്ഷ.)

സ്വാതന്ത്ര്യം ഒരേ സമയത്തുതന്നെ സ്വതന്ത്രവും നിയന്ത്രണവിധേയവുമാകേണ്ടതുണ്ട്‌. 'അതെങ്ങനെ?' എന്ന ചോദ്യം സാധുവാണ്‌. മധുരം കയ്പാണെന്ന്‌ വാദിക്കുന്ന പോലെ! അര്‍ത്ഥമൊക്കെ അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്‌. പിന്നാലേ മനസ്സിലാവും. അര്‍ത്ഥമേതുമില്ലാത്ത ഒരു 'ഞഞ്ഞാപിഞ്ഞാ' അഭിപ്രായം മാത്രമായി ഇതിനെ കാണാതിരുന്ന)ല്‍ മതി. എന്നാല്‍, ആക്ഷേപഹാസ്യത്തിന്റെ ഉടലും ഉയിരും തൊട്ടറിഞ്ഞ കവി, പണ്ടത്തെ കഥയിലെ കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതോര്‍മ്മയില്ലേ? ആ രംഗം ഒന്നോര്‍ത്തുനോക്കൂ.

സദ്യയുടെ തിരക്കില്‍ മുന്നിലെത്തുന്നതെല്ലാം വാരിവിഴുങ്ങി ഏമ്പക്കം വിട്ട്‌ കുംഭ തടവിക്കൊണ്ട്‌ അലസഗമനം ചെയ്യുന്ന ആഢ്യന്മാര്‍ക്കിടയില്‍ ഒരു കുഞ്ഞനെങ്കിലും വേണമല്ലോ ഒടക്കാന്‍. രാജാവിന്റെ തിരുവാ മൊഴിഞ്ഞ പ്രകാരത്തില്‍ 'പായസത്തിന്‌ വല്ലാത്ത കയ്‌പാ'ണെന്ന്‌ സര്‍വ്വ ശാപ്പാട്ടുരാമന്മാരും തലകുലുക്കി സമ്മതിച്ചപ്പോള്‍ 'പായസത്തിന്റെ കയ്‌പ്‌ അടിയന്‌ പെരുത്ത ഇഷ്ടമാ'ണെന്ന്‌ ന്യൂനോക്തിയിലൂടെ രാജാവിനെ തിരുത്തിയ കഥ. അതേ അര്‍ത്ഥത്തില്‍, സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഉദ്ഘോഷകനും ചിലപ്പോള്‍ ഈ ന്യൂനോക്തിയില്‍ എത്തിച്ചേരാം.ഒരു അനുഭവ കഥ തന്നെ പറയാം.

പ്രബലമായ ഒരു വിദേശരാജ്യത്തെ നിയമനീതികളുടെ സുരക്ഷിതത്വത്തില്‍ വെറുമൊരു കലവറ സൂക്ഷിപ്പുകാരനായി തൊഴിലിലേര്‍പ്പെട്ട, നാട്ടിലെ ഒരു സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകനാണ്‌ കഥാപാത്രം. സ്വാതന്ത്ര്യത്തിന്റെ നാനാര്‍ഥങ്ങള്‍ ശരിക്കും ബോധ്യമുള്ള ഒരു ഭവനാജീവിയെന്നോ, തല്‍ക്കാലം 'കുഞ്ഞന്‍' എന്നോ വിളിക്കാം.

കുഞ്ഞന്‍ മരുനഗരത്തില്‍ കാലുകുത്തിയതിന്റെ അടുത്തയാഴ്ച ഭാരതത്തിലെ ഒരു ഉത്തരേന്ത്യന്‍ നഗരത്തിലെ പ്രശസ്തമായിത്തീര്‍ന്ന ദേവാലയം അക്രമികള്‍ തകര്‍ത്തു. അന്നു രാത്രി അയാള്‍ ഉറങ്ങിയില്ല. ആറുപേര്‍ ഹെലികോപ്റ്റര്‍ പോലെ കൂര്‍ക്കംവലിക്കുന്ന മുറിയുടെ പൂറത്തെ ബാല്‍ക്കണിയില്‍ അയാള്‍, ദൂരത്തെ സ്റ്റേഡിയത്തിലെ വെളിച്ചപ്രളയം നോക്കി കണ്ണീരോടെ നിന്നു. എല്ലാ മതവിശ്വാസങ്ങളും ഒരു സമാന്തരരേഖയിലെത്തുന്ന സ്വപ്നത്തെ ആരാണ്‌ കീറിയെറിഞ്ഞതെന്ന്‌ അയാള്‍ സ്വയം ചോദിച്ചു. അന്നൊക്കെ, മൂന്നാംദിവസം നാട്ടില്‍നിന്നെത്തുന്ന ദിനപത്രത്തിന്‌ 'പഴങ്കഞ്ഞി'യെന്ന്‌ വിളിപ്പേരിട്ടെങ്കിലും അതിലെ ഓരോ അക്ഷരവും കുഞ്ഞന്‌ വിലപ്പെട്ടതായിരുന്നു. ഓടയും കക്കൂസും വൃത്തിയാക്കാന്‍ അറിയുമോ എന്ന പരീക്ഷണത്തിന്‌ രണ്ടുനാള്‍ വിധേയനായതില്‍ പാസ്‌മാര്‍ക്ക്‌ കിട്ടിയതിനുശേഷമാണ്‌ കലവറയുടെ ചുമതലക്കാരില്‍ ഒരുവനാവാന്‍ അവനു കഴിഞ്ഞത്‌.

(ഇനി, തന്നില്‍ എല്ലാ അര്‍ഥത്തിലും - സമ്പത്തികകാര്യത്തിലൊഴികെ - മാറ്റമുണ്ടാക്കിയ സംഭവബഹുലമായ ആറു വര്‍ഷങ്ങള്‍ കുഞ്ഞന്വെറുതെയങ്ങ്‌ മായ്ച്ചു കളയുകയാണ്‌. )
കുഞ്ഞനെ പത്രദ്വാരാ കുറെ ആള്‍ക്കാര്‍ അറിയാന്‍ തുടങ്ങിയെന്ന്‌ സാരം. ഇടയ്ക്ക്‌ പല പ്രമുഖരായ സിനിമാ-മിമിക്രി താരങ്ങളും പ്രശസ്ത ഗായകരും സ്റ്റേജ്‌ പ്രോഗ്രാമുകള്‍ക്കായി നഗരത്തിലെത്തി. ശരാശരി ഭാഷാപരിജ്ഞാനവും കലബോധവുമുള്ള കുഞ്ഞന്‍ അവയില്‍ പലതിലും സഹകാരിയായി. ജയച്ചന്ദ്രന്റെ ഗാനമേളയ്ക്കും, ദിലീപ്‌, ഹരിശ്രീഃ അശോകന്‍, സാജു കൊടിയന്‍, നാദിര്‍ഷാ, ജയറാം, കലാഭവന്‍ മണി, ഷാജൂണ്‍, പ്രജോദ്‌ തുടങ്ങിയവരുടെ ഷോകള്‍ക്ക്‌ അവതാരകനായി.

അങ്ങനെയിരിക്കെ, കലാ-സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക തുറസ്സായി 'താരനിശ'കളെ വിലയിരുത്തുന്ന, നമ്മുടെ ദേശീയതയിലും പാരമ്പര്യത്തിലും ഇതിഹാസങ്ങളിലും വലിയ കമ്പമുള്ള ഒരു സംഘം കുഞ്ഞനെ അവതാരകനായി ക്ഷണിച്ചു. നടന്‍ സിദ്ദീഖും ജയരാജ്‌ വാരിയരും കലാഭവന്‍ റഹ്‌മാന്‍, പ്രശാന്ത്‌ പുന്നപ്ര (ബൈജു), തൌഫീഖ്‌ തുടങ്ങിയവരുമാണ്‌ ഇത്തവണത്തെ താരങ്ങള്‍.കോര്‍ണിഷിലെ സ്റ്റേജില്‍, മൂവായിരത്തോളം ആസ്വാദകരുടെ മുന്നില്‍ 'ഉഗ്രന്‍' ഒരു അവതരണം നടത്തി മൈക്ക്‌ സിദ്ദിഖിന്‌ കൈമാറി അണിയറയിലെത്തിയ കുഞ്ഞന്റെ എതിരില്‍ അതാ നില്‍ക്കുന്നു ഒരു 'താടിക്കാരന്‍'!

"ജീബ്‌ ഇഖാമ" - താടിപ്പോലീസാണ്‌.

ഞെട്ടല്‍ മൂലാധരത്തില്‍നിന്ന്‌ ഉല്‍ഭവിച്ച്‌ ചെറു-വന്‍കുടലുകളാകുന്ന രാജവീഥികളിലൂടെ ഉരുണ്ടുപിരണ്ട്‌ ആമാശയാദി പ്രത്യയശാസ്ത്രങ്ങളിലൂടെ സംവാദ-വിവാദങ്ങള്‍ക്ക്‌ തീകൊളുത്തി, നെഞ്ചിലെ 1200 കെ. വി. ലൈനുകളില്‍ ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തി, തൊണ്ടയില്‍ കഫക്കെട്ടായി ഇടറി, ഉച്ചിയില്‍ വെടിക്കെട്ടായി ഭൂൂൂൂംംം എന്ന്‌ തവിഞ്ഞു.

ഇതൊന്നും പുറത്തു കാട്ടാതെ "ടേയ്‌ എല്ലാം നോക്കിക്കോണേ, ഞാന്‍ ദാ വരുന്ന്‌. എവരുമായി കാര്‍ഗില്‍ പ്രശ്നം ഒന്ന്‌ ഡിസ്‌കസ്‌ ചെയ്യാനുണ്ട്‌" എന്നമട്ടില്‍ നെഞ്ചുവിരിച്ച്‌ നടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദവും വെളിച്ചവും സ്ഥലം വിട്ടു. കുഞ്ഞന്റെയൊപ്പം, സൌണ്ട്‌ എഞ്ചിനീയറും ഒരു പാട്ടുകാരനും 'ഇപ്പോള്‍ കരയും' എന്നമട്ടില്‍ നിന്നു. ചില നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക്‌ സ്ഥലകാലബോധമുണ്ടായി. കുഞ്ഞന്റെ ധീരത കണ്ടിട്ടാവാം പാവം സഹയാത്രികര്‍ (സൌണ്ട്‌ എഞ്ചിനീയറും ഗായകനും) ഇല്ലാത്ത വിരിവുമായി നെഞ്ച്‌ കാണിച്ച്‌ നടന്നു.

പോലീസ്‌ പറഞ്ഞു.

"ജീപ്പില്‍ക്കേറിനെടാ... ഹറാമികളേ..."

കേറി. വണ്ടിയിലിരിക്കുമ്പോള്‍ താടിക്കാരും വയര്‍ലെസ്സില്‍ 'അനാ' 'ഹദാ' പറയുന്നുണ്ട്‌. അപ്പോഴാണ്‌ സത്യത്തില്‍ 'സെല്‍ഫോണിന്റെ' ഗുണം മനസ്സിലായത്‌. സൌണ്ട്‌ എഞ്ചിനീയര്‍ അതെടുത്ത്‌ വിളിയോടുവിളി തന്നെ.

"രമേഷേട്ടാ, രഹീമിക്ക, കുര്യച്ചാ, കൃഷ്ണേട്ടാ, ഗോപാലേട്ടാ, സലീമേ, പൊന്നേ, പൊട്ടേ.. ഒലക്കേടെ മൂടേ! " എല്ലാം ക്ലോസ്‌. കുഞ്ഞന്‍ അയാള്‍ക്ക്‌ ഒരിത്തിരി ധൈര്യം കൊടുക്കാന്‍ ശ്രമിച്ചു.

"അല്ല.. ചങ്ങാതിമാരേ, നമ്മള്‍ ആരെയും കോന്നില്ല, തിന്നില്ല,.. പിന്നേ പേടിക്കാനെന്താ?''

"ഇയ്യാക്കറിയത്തില്ല കൊഴപ്പം. തലപോണ കേസാ..''

"പിന്നല്ലാതെ. ഓടി രക്ഷപെട്ടാ മതിയാരുന്ന്‌. ഇതിനി എന്താവാനാ ദൈവമേ?"

വല്ലാതെ വെരണ്ടു ചെക്കമ്മാര്‌!

പച്ചക്കറിച്ചന്തയുടെ സമീപത്തുള്ള താടിപോലീസുകാരുടെ ആപ്പീസില്‍ കുഞ്ഞനും കൂട്ടുകാരും കുത്തിയിരുന്നു. രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഉള്ളില്‍ ഒരു വിറയലുണ്ട്‌. അത്‌ പുറത്ത്‌ കാണിച്ചാല്‍ ഉള്ള വെയ്റ്റ്‌ അതോടെ പോയില്ലേ? ഒരു താപസന്റെ ഗൌരവത്തില്‍ ശ്വാസംപിടിച്ചിരുന്നു.

മൂത്രശങ്കയ്ക്ക്‌ മൂന്ന്‌ കൊമ്പുണ്ടെന്നും, വിഷ്ണുപ്രസാദിന്റെ കവിതയിലെപ്പോലെ 'മലാശയ'ത്തില്‍ 'അതിജീവിച്ചവന്മാരുടെ' കശപിശ നടക്കുന്നുണ്ടെന്നും... അമ്പമ്പേ... ഒരു വെപ്രാളം. ഓടി ലാട്രിനില്‍ക്കേറി. അപ്പോഴും നെഞ്ചത്ത്‌ ഞാന്നുകിടന്ന്‌ ഇളിച്ചുകാട്ടുന്നു, പോറ്റിഹോട്ടലിലെ ചപ്പാത്തിയുടെ വലിപ്പത്തില്‍ സംഘാടകരുടെ 'ബാഡ്‌ജ്‌'! വലിച്ചിളക്കി ഒരേറ്‌ വെച്ചുകൊടുത്തു. നാശം. ഇനി അത്‌ കണ്ടിട്ടുവേണം ആ പരിപാടി സംഘടിപ്പിച്ചതിന്റെ മുഴുവന്‍ ചുമതലയും ഈ പോലീസേമാന്‍മാര്‌ കുഞ്ഞന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍! എന്നാപ്പിന്നെ... ഭേഷായിരിക്കും. പുറത്തിറങ്ങാന്‍തന്നെ പാടാവും.

ഒരുവിധം ശ്വാസം നേരെയാക്കി പുറത്തിറങ്ങി നോക്കുമ്പോ... എന്റമ്മേ... എന്താ ഈ കാണുന്നെ?

മഴ നനഞ്ഞ കോഴികളെപ്പോലെ, നാട്ടില്‍നിന്നു വന്ന രണ്ട്‌ കലാകാരന്മാര്‍ വിറച്ചു നില്‍ക്കുന്നു; നാല്‌ പോലീസുകാരുമുണ്ട്‌. ഒന്നാമന്‍ അന്ന്‌ അത്ര പ്രശസ്തനല്ലാത്ത 'പ്രശാന്ത്‌ പുന്നപ്ര'യെന്ന ഇന്ന്‌ സ്റ്റേജില്‍ കൈയടിവാങ്ങുന്ന 'ബൈജു'. നല്ല വയസ്സന്റെ മേക്കപ്പോടെ...!

രണ്ടാമന്‍ മറ്റൊരു മിമിക്രി കലാകരന്‍ 'തൌഫീഖ്‌'. തൌഫീഖിന്റെ വേഷം അസ്സല്‍ ഒരു സുന്ദരിപ്പെണ്ണിന്റേത്‌. ലിപ്സ്റ്റിക്കും വെപ്പുമുടിയും മാര്‍ക്കച്ചയും കൈവളകളും കൊലുസും വരെ.

ഞാന്‍ അറിയാതെ വിളിച്ചുപോയി...

"എന്റെ വെട്ടിക്കാട്ടപ്പാ... ചതിച്ചോ..?"

(ഇപ്പോഴെങ്ങും തീരില്ല)